13 May Thursday

മികവാര്‍ന്ന പരിചരണം

എസ്‌ സിരോഷUpdated: Sunday Apr 4, 2021

മോഹനകൃഷ്ണനും ഭാര്യ ലതയും

 
പാലക്കാട്‌
‘ഇത് ഞങ്ങളുടെ സ്‌നേഹമാണ്‌, ആരോഗ്യപ്രവർത്തകരോടുള്ള ആദരവും’. അടയ്‌ക്കാപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന് മൈക്ക്‌സെറ്റ്‌ സമ്മാനമായി നൽകി കഥകളിസംഗീതജ്ഞൻ വെള്ളിനേഴി മോഹന കൃഷ്‌ണനും ഭാര്യ ലത പൊതുവാളും പറഞ്ഞു. 
‘കോവിഡ്‌ ബാധിച്ച്‌ മാങ്ങോട് കേരള‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കഴിഞ്ഞ  പത്തുദിവസം സർക്കാർ മേഖലയിലെ ചികിത്സാമികവ്‌ ഞങ്ങൾ അനുഭവിച്ചറിഞ്ഞു.  ആരോഗ്യസംവിധാനം ഒന്നാകെ കരുതലോടെ ചേർത്തുപിടിച്ച ദിനങ്ങൾ‌. രോഗമുക്തി നേടിയപ്പോൾ സർക്കാർ ആശുപത്രിയിലേക്ക്‌ എന്തെങ്കിലും സഹായം ചെയ്യണമെന്ന്‌  ആഗ്രഹിച്ചു. നിർബന്ധമാണെങ്കിലത്‌ അടയ്‌ക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ നൽകാമെന്ന്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു. ആശുപത്രിയിലെ അത്യാവശ്യ പരിപാടികൾക്ക്‌ ഉപയോഗിക്കാൻ മൈക്ക്‌ സെറ്റ്‌ മതിയെന്നായിരുന്നു ആവശ്യം. അങ്ങെയാണ് അത്  നൽകിയത്. 
കോവിഡ്‌ബാധിതരായപ്പോൾ മാങ്ങോട്‌ കേരള മെഡിക്കൽ കോളേജിൽ സർക്കാർ ഒരുക്കിയ‌ സിഎഫ്‌എൽടിസിയിലാണ്‌ ചികിത്സ നേടിയത്‌. നേരത്തേ സർക്കാർ ആശുപത്രിയിൽ പോയി ചികിത്സ തേടിയിട്ടില്ല. എങ്കിലും കണ്ടുംകേട്ടും അറിയുന്നതുകാരണം പോകാൻ ധൈര്യക്കുറവുണ്ടായില്ലെന്ന് ഇരുവരും പറഞ്ഞു. 
രണ്ടുനേരവും ഡോക്ടർമാർ വന്നു പരിശോധിക്കും.  കാര്യങ്ങൾ അന്വേഷിക്കും. ഭക്ഷണത്തിന്‌വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടേയില്ല. ആരോഗ്യപ്രവർത്തകരുടെ ആത്മാർഥത ശരിക്കും അതിശയിപ്പിച്ചു. പിപിഇ കിറ്റണിഞ്ഞ്‌ മണിക്കൂറുകൾ ജോലി ചെയ്യുന്നവരുടെ വിഷമം അന്ന് നേരിൽ കണ്ടു.  എന്നാൽ, ഒരിക്കലും ആ വിഷമം രോഗികളുടെ മുന്നിൽ അവർ കാണിച്ചില്ല. സർക്കാർസംവിധാനങ്ങളുടെ ഏകോപനമാണ്‌‌ കോവിഡിനെതിരെ പ്രതിരോധം തീർക്കാൻ നമുക്ക്‌ കരുത്തായത്‌.
യാഥാർഥ്യം തിരിച്ചറിയാത്തവരാണ്‌ എവിടെയെങ്കിലുമിരുന്ന്‌ ചെറിയ കാര്യങ്ങൾക്ക്‌ സർക്കാരിനെയും ആരോഗ്യസംവിധാനത്തെയും കുറ്റപ്പെടുത്തുന്നത്‌‌. നമ്മുടെ ആരോഗ്യമേഖലയുടെ മികവും കരുതലും ഹൃദ്യമായ ഓർമയായി എന്നും മനസ്സിലുണ്ടാകും’–-മോഹന കൃഷ്‌ണനും ലതയും പറഞ്ഞു. 
ഇവരുടെ മക്കൾ രാകേഷ്‌ കൃഷ്‌ണൻ, രോഹിത്‌ കൃഷ്‌ണൻ, ലതയുടെ അമ്മ മാധവി പൊതുവാൾ എന്നിവർക്കും കോവിഡ്‌ ബാധിച്ചിരുന്നു. മാധവി 77 വയസ്സുപിന്നിട്ടു. മോഹനകൃഷ്‌ണന്‌ പ്രമേഹവുമുണ്ട്‌. ഇക്കാരണത്താലാണ് ആശുപത്രിയിലേക്ക്‌ മാറിയത്‌.
കൊൽക്കത്ത വിശ്വഭാരതി സർവകലാശാലയിൽ 27 വർഷം കഥകളി സംഗീത അധ്യാപകനായിരുന്നു മോഹനകൃഷ്‌ണൻ. ഭാര്യ ലത പൊതുവാൾ നൃത്താധ്യാപികയുമായിരുന്നു. പാലക്കാട്‌ വെള്ളിനേഴിയിൽ വന്ന്‌ താമസമാക്കിയിട്ട്‌ 17 വർഷമായി. കഥകളിസംഗീതവുമായി കേരളമാകെ ഓടിനടന്നതാണ്‌ മോഹനകൃഷ്‌ണൻ.    കോവിഡിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ യാത്രകൾ ഇപ്പോൾ ഒഴിവാക്കി‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top