ആലത്തൂർ
താലൂക്കിലെ റവന്യൂ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് പ്രത്യേകം നോഡൽ ഓഫീസറെ നിശ്ചയിക്കുമെന്ന് മന്ത്രി കെ രാജൻ. ആലത്തൂരിലെ ജനസേവന കേന്ദ്രം നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെറിയ കാലയളവിൽ മുൻഗണനാടിസ്ഥാനത്തിൽ ക്രമീകരിച്ച് പൂർത്തിയാക്കും. സങ്കീർണമായ ഭൂമി പ്രശ്നം പരിഹരിക്കുന്നതിനൊപ്പം മറ്റു വകുപ്പുകളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കൂടി സേവനവകുപ്പ് എന്ന നിലയിൽ പരിഹരിക്കാനുള്ള ചുമതല റവന്യു വകുപ്പിനുണ്ട്. സംസ്ഥാനത്ത് സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്ത ആദ്യ വകുപ്പാകുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തുടരുന്നു. ഇതോടെ റവന്യു പ്രവർത്തനങ്ങളുടെ ഘടനയിൽ തന്നെ മാറ്റം വരും. എംഎൽഎമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ വർഷത്തിലൊരിക്കൽ ചേരുന്ന ജില്ലാ റവന്യു അസംബ്ലികൾ ഏറെ ശ്രദ്ധേയമാണ്. വില്ലേജ് തല ജനകീയ സമിതി ഉപയോഗപ്പെടുത്തി പഞ്ചായത്ത് സ്വയംഭരണ സ്ഥാപനം പ്രസിഡന്റുമാർ, തഹസിൽദാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുഖേന പ്രശ്നങ്ങൾ കണ്ടെത്തുകയും വകുപ്പ് തലത്തിൽ പരിഹരിക്കുന്നതിന് നടപടി വേണമെന്നും മന്ത്രി പറഞ്ഞു.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് ആലത്തൂർ താലൂക്ക് ഓഫീസ് അങ്കണത്തിലാണ് ജനസേവന കേന്ദ്രം നിർമിക്കുന്നത്. കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. കലക്ടർ മൃൺമയി ജോഷി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ എ പ്രേമകുമാർ, കവിതാ മാധവൻ, ടി വത്സല, ആർ ഭാർഗവൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ് ആസാദ്, വാസുദേവൻ തെന്നിലാപുരം, പള്ളത്ത് സോമൻ, എം എ ജബ്ബാർ, ബഷീർ, എസ് ഗോപി , സതീഷ് എന്നിവർ സംസാരിച്ചു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈനി സ്വാഗതവും തഹസിൽദാർ പി ജനാർദനൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..