06 December Friday

ഇന്ന്‌ ലോക ഭിന്നശേഷിദിനം എഴുത്തിലൂടെ പുതുജീവിതം തേടി...

പി കെ സുമേഷ്‌Updated: Tuesday Dec 3, 2019

 

പട്ടാമ്പി
ശരീരത്തിന്റെ ചലനശേഷി കുറഞ്ഞുതുടങ്ങിയപ്പോൾ വിരലുകൾ പൂർവാധികം ശക്തിയോടെ കടലാസിൽ കുത്തിക്കുറിച്ചു. കുറിപ്പ്‌ അവസാനിച്ചത്‌ ‘എത്രയോ ജന്മമായ്‌’, ‘വധു ഡോക്ടറാണ്‌’ എന്നിങ്ങനെ രണ്ട്‌ നോവലുകളുടെ പിറവിയിലേക്ക്‌. മൂന്നാമത്തെ നോവൽ അവസാനഘട്ട പണിപ്പുരയിൽ. പെരിങ്ങോട്‌ പെരിങ്കന്നൂർ അച്ഛത്ത്‌ വീട്ടിലെ ദേവിക ദാസാണ്‌ ജന്മനായുള്ള പരിമിതികളെ പൊരുതിത്തോൽപ്പിച്ച്‌ എഴുത്തിലൂടെ ജീവിതവിജയം നേടുന്നത്‌. ഓൺലൈൻ പ്രസിദ്ധീകരണമായ ‘പ്രതിലിപി’യിലെയും പ്രധാന എഴുത്തുകാരിയാണ്‌ ദേവിക. 
അരയ്ക്കുതാഴെ ശേഷിക്കുറവുമായി ലോക ഭിന്നശേഷിദിനത്തിലാണ്‌ ദേവികയുടെ ജനനം. പരിമിതികളൊന്നുമില്ലെന്ന തിരിച്ചറിവ്‌ കുട്ടിക്കാലത്തുതന്നെ അച്ഛനും അമ്മയും പകർന്നുനൽകിയ കരുത്തിലാണ്‌ പിന്നീടങ്ങോട്ടുള്ള ജീവിതം. നാലാം ക്ലാസുവരെ ഇട്ടോണം എൽപി സ്കൂളിലും തുടർന്ന്‌ പ്ലസ്‌ടുവരെ ചാത്തന്നൂർ ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ചു. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബികോം ഒന്നാംവർഷ വിദ്യാർഥിയാണ്‌. കോളേജ്‌ ഹോസ്റ്റലിൽ താമസിക്കുന്ന ദേവികയുടെ സഞ്ചാരം ഇലക്‌ട്രോണിക്‌ വീൽചെയറിലാണ്‌.  സഹായത്തിന്‌ കൂട്ടുകാരുമുണ്ട്‌. 
രണ്ടാഴ്‌ചയിലൊരിക്കൽ  അമ്മ സ്കൂട്ടറിലെത്തി വീട്ടിലേക്ക്‌ കൊണ്ടുപോകും. പഠനത്തിന്‌ ഇടയിലെ ഒഴിവുസമയങ്ങളിലും വെറുതെയിരിക്കാൻ തയ്യാറല്ല ദേവിക. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ‘പ്രതീക്ഷ’യിൽ സോപ്പുപൊടി നിർമാണത്തിലും പങ്കാളിയാകും.  
ബാങ്ക്‌ മാനേജരാകുകയെന്നതാണ്‌ ദേവികയുടെ 
ആഗ്രഹം.  
വാവന്നൂർ ആയുർവേദ കോളേജിൽ ഹോസ്റ്റൽ വാർഡനായ മോഹൻദാസാണ്‌ ദേവികയുടെ അച്ഛൻ. അമ്മ സതി ചാത്തനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് ജീവനക്കാരിയാണ്‌. ദീപക് ദാസ്, ദിവിൻ ദാസ് എന്നിവർ സഹോദരങ്ങളും.
പ്രധാന വാർത്തകൾ
 Top