24 September Thursday

തരൂരിൽ ആരോഗ്യരംഗത്ത് ചെലവഴിച്ചത് 17 കോടി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
 
വടക്കഞ്ചേരി
ആരോഗ്യപരിപാലന രംഗത്ത് മികച്ച പ്രവർത്തനമാണ് തരൂർ മണ്ഡലത്തിൽ നടപ്പാക്കിയതെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഈ മേഖലയിൽ മാത്രം 17 കോടി രൂപ ചെലവിട്ടു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, ആയുർവേദ, ഹോമിയോ ആശുപത്രികൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിച്ചു. എംഎൽഎ ഫണ്ട്, ബജറ്റ്, ആർദ്രം പദ്ധതി പ്രകാരമുള്ള ഫണ്ട് എന്നിവയാണ് പ്രധാനമായും വിനിയോഗിച്ചത്. 
എല്ലാ ആശുപത്രികളിലും ഡോക്ടർ, നേഴ്‌സ്, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പുവരുത്തി. ലാബ് സൗകര്യം, മരുന്ന്, ആംബുലൻസ് തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തി.
ഇതിനുപുറമെ റോഡപകടങ്ങളിൽപ്പെടുന്നവരെ വേഗം ആശുപത്രിയിൽ എത്തിക്കാനും 48 മണിക്കൂർ സൗജന്യ ചികിത്സ ഉറപ്പാക്കാനും സമഗ്ര ട്രോമാ കെയർ പദ്ധതി തുടങ്ങി. വടക്കഞ്ചേരി, പഴമ്പാലക്കോട്‌ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് രണ്ട് 108 ആംബുലൻസുമുണ്ട്‌.
എംഎൽഎ ഫണ്ടിൽനിന്ന്‌ ഒരു കോടി രൂപ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ അനുവദിച്ചു. പിപിഇ കിറ്റ്, എൻ 95 മാസ്‌ക്, സാനിറ്റൈസർ, പരിശോധനാ ഉപകരണങ്ങൾ, ലാബ് എന്നിവ എല്ലാ പിഎച്ച്സികളും സജ്ജമാക്കും. വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വെന്റിലേറ്ററും ഒരുക്കുന്നുണ്ട്. കോവിഡ്‌ വ്യാപനമുണ്ടായാൽ നേരിടാൻ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കി. 765 കിടക്കകളാണ് ഇവിടെ സജ്ജീകരിക്കുന്നത്‌. ഡോക്ടർ, നേഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ്, സന്നദ്ധ പ്രവർത്തകർ എന്നിവരെ തെരഞ്ഞെടുത്തു. പെരിങ്ങോട്ടുകുറുശി എംആർഎസിൽ എഫ്എൽടിസി പ്രവർത്തനം തുടങ്ങി. നാൽപ്പത്തഞ്ചോളം പേരാണ് ഇപ്പോൾ ഇവിടെയുള്ളത്. ഒരു ആംബുലൻസുമുണ്ട്‌. മണ്ഡലത്തിൽ ആകെ 56 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 42 എണ്ണം നെഗറ്റീവായി. 14 പേരാണ് ചികിത്സയിലുള്ളത്. 601 പേർ നിരീക്ഷണത്തിലുണ്ട്‌. ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പൊലീസും സന്നദ്ധ പ്രവർത്തകരുമെല്ലാം ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന്‌ മന്ത്രി പറഞ്ഞു‌.
 
കണ്ണമ്പ്ര, കോട്ടായി പിഎച്ച്സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും
വടക്കഞ്ചേരി
തരൂർ മണ്ഡലത്തിലെ കണ്ണമ്പ്ര, കോട്ടായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്താനുള്ള പ്രവർത്തനം ആരംഭിച്ചതായി മന്ത്രി എ കെ ബാലൻ അറിയിച്ചു. ജില്ലാ, താലൂക്ക് ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും തിരക്ക് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. മണ്ഡലത്തിൽ ആറ് പിഎച്ച്‌സികളും രണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top