09 August Tuesday
എൽഡിഎഫ്‌ റാലിയിൽ പതിനായിരങ്ങൾ

കുപ്രചാരണങ്ങൾക്ക്‌ താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

 പാലക്കാട്‌

മുഖ്യമന്ത്രിയെ അപകടപ്പെടുത്താനും എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനുമുള്ള കോൺഗ്രസ്‌–-ബിജെപി കൂട്ടുകെട്ടിന്‌ താക്കീതായി എൽഡിഎഫ്‌ ബഹുജനറാലി. കുപ്രചാരണങ്ങൾക്കുമുന്നിൽ കേരളം മുട്ടു മടക്കില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ച്‌, മഴയെ വക വയ്‌ക്കാതെ പതിനായിരങ്ങൾ പാലക്കാട്‌ കോട്ടമൈതാനത്തേക്ക്‌ ഒഴുകിയെത്തി. എ കെ ജി സെന്ററിനുനേരെ ആക്രമണം നടത്തി കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന്‌ വരുത്തിത്തീർക്കുന്നവർക്ക്‌ മുന്നറിയിപ്പുകൂടിയായി ബഹുജന റാലി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാസെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം പി പി സുനീർ, മന്ത്രി കെ കൃഷ്ണൻകുട്ടി, അഡ്വ. മുഹമ്മദ് ഇക്ബാൽ(കേരള കോൺഗ്രസ് (എം), ടി എൻ ശിവശങ്കരൻ(എൻസിപി), സലീം മടവൂർ(എൽജെഡി), സി ആർ വത്സൻ(കോൺഗ്രസ് -എസ്), ജോയ്‌ കാക്കനാടൻ(ജനാധിപത്യ കേരള കോൺഗ്രസ്), ജോർജ്‌ ഇടപ്പരത്തി(കേരള കോൺഗ്രസ് സ്കറിയാ തോമസ്),  അഷറഫലി വല്ലപ്പുഴ (ഐഎൻഎൽ) എന്നിവർ സംസാരിച്ചു. 
എൽഡിഎഫ്‌ കൺവീനർ വി ചാമുണ്ണി സ്വാഗതവും സിപിഐ എം ഏരിയ സെക്രട്ടറി കെ കൃഷ്‌ണൻകുട്ടി നന്ദിയും പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്‌,  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എ പ്രഭാകരൻ, പി കെ ശശി, വി ചെന്താമരാക്ഷൻ, വി കെ ചന്ദ്രൻ, പി മമ്മിക്കുട്ടി, എസ്‌ അജയകുമാർ, ടി എം ശശി, എംഎൽഎമാർ മറ്റ്‌ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 
സിപിഐ എമ്മും ബിജെപിയും ഒരുപോലെയെന്ന രാഹുലിന്റെ 
പ്രസ്‌താവന അപക്വം: എ വിജയരാഘവൻ
പാലക്കാട്‌
കോൺഗ്രസ്‌ പാളയത്തിൽനിന്ന്‌ ബിജെപിയിലേക്ക്‌ കൂട്ടത്തോടെ ആളുകളെ കൊണ്ടുപോകുമ്പോൾ തടയാൻ കഴിയാത്ത രാഹുൽ ഗാന്ധിയാണ്‌ സിപിഐ എമ്മിനെ അധിക്ഷേപിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. പാലക്കാട്ട്‌ എൽഡിഎഫ്‌ ബഹുജന റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം. കേരളത്തിൽ ബിജെപിയും സിപിഐ എമ്മും ഒരുപോലെയെന്നാണ്‌ രാഹുൽ പറഞ്ഞത്‌. രാഹുൽ വയനാട്ടിൽ പ്രസംഗിക്കുമ്പോൾ പഞ്ചാബിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേരുമെന്ന്‌ പ്രഖ്യാപിച്ചു. ബിജെപിക്കെതിരെ രാജ്യത്ത്‌ ഉരുക്കുകോട്ട തീർക്കുന്ന പ്രസ്ഥാനമാണ്‌ സിപിഐ എം. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്‌മയാണ്‌ പ്രസ്‌താവനയുടെ പിന്നിൽ. 
വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിനെ എന്തുകൊണ്ട്‌ രാഹുൽ ഗാന്ധി അപലപിച്ചില്ല. കെ സുധാകരൻ, വി ഡി സതീശൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങി ചില പ്രതിപക്ഷ നേതാക്കൾ എൽഡിഎഫ്‌ സർക്കാരിനെ കരിവാരിത്തേക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇവർക്കുവേണ്ടി ക്രിമിനൽ പശ്ചാത്തലമുള്ള സ്‌ത്രീ മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ അടിത്തറയെ തകർക്കുകയാണ്‌ യുഡിഎഫ്‌–- ബിജെപി മാധ്യമ കൂട്ടുകെട്ടിന്റെ ലക്ഷ്യം. അക്രമം കെട്ടഴിച്ചുവിടുകയാണ്‌. അതിന്റെ തുടർച്ചയാണ്‌ എ കെ ജി സെന്ററിനുനേരെയുള്ള ആക്രമണം. 
മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്നവരെ കൽത്തുറുങ്കിലാക്കുകയാണ്‌ നരേന്ദ്ര മോദി സർക്കാർ. ഗുജറാത്ത്‌ കലാപത്തിൽ പീഡനം അനുഭവിക്കേണ്ടിവന്നവർക്കായി പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതിൽവാദിനെയും റിട്ട. പൊലീസ്‌ ഉദ്യോഗസ്ഥൻ ശ്രീകുമാറിനെയും കൽത്തുറുങ്കിലടച്ചു. എട്ടുവർഷം പിന്നിട്ട മോദി സർക്കാർ രാജ്യത്തിന്റെ മഹത്തായ അടിത്തറ തകർക്കുകയാണ്‌. 15 കൊല്ലത്തിലെ ഏറ്റവും വലിയ വിലക്കയറ്റവും 20 കൊല്ലത്തിലെ ഏറ്റവും വലിയ പണപ്പെരുപ്പ നിരക്കുമാണിപ്പോൾ. പലയിടത്തും രാഷ്‌ട്രീയ പാർടികളെ വിലയ്‌ക്കെടുത്ത്‌ ജനാധിപത്യത്തിന്‌ ബിജെപി കളങ്കമുണ്ടാക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top