22 August Thursday

സ‌്നേഹിത ഉപജീവന സഹായകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019
പാലക്കാട‌്
കുടുംബശ്രീ സ്നേഹിത ജെന്റർ ഹെൽപ് ഡെസ്കിൽ ഉപജീവന സഹായകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. അതിക്രമങ്ങൾക്ക് വിധേയരായ സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് ആവശ്യമായ മാനസികവും നിയമപരവുമായ സംരക്ഷണവും സഹായങ്ങളും ലഭ്യമാക്കും. 
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ ഗുണഭോക്താക്കൾക്ക് ഉപജീവനമാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക‌് തുടക്കംകുറിച്ചത്. സ്നേഹിതയിലെ അന്തേവാസിയായിരുന്നവർ, സ്നേഹിതയുടെ മറ്റെന്തെങ്കിലും സേവനം ലഭിച്ചവർ, സ്നേഹിത നിലനിൽക്കുന്ന വാർഡിലെ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർക്ക് ഉപജീവന സഹായകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേക്ക്, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ തയ്യാറാക്കുന്നതിൽ രണ്ടുദിവസത്തെ പരിശീലനം നൽകി. പരിശീലനത്തിൽ 17 പേർ പങ്കെടുത്തു. കുടുംബശ്രീ സംരംഭമായ ഹോട്ടൽ ആൻഡ‌് ബേക്ക് എന്ന ബേക്കറി നടത്തുന്ന ആയിഷയാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. പരിശീലനം പൂർത്തിയാക്കിയ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് സ്നേഹിതയുടെ മേൽനോട്ടത്തിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ പരിശീലനം ലഭിച്ചവരിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ടവർ തുടർപരിശീലനങ്ങൾക്ക് നേതൃത്വം നൽകും.
സ്നേഹിതയിൽ അഭയംതേടി വരുന്നവർക്ക‌് ഉപജീവനമാർഗം ഒരുക്കിക്കൊടുത്ത് വരുമാനം ഉറപ്പുവരുത്തുക, സ്ത്രീകളെ സ്വാശ്രയരും ആത്മാഭിമാനമുള്ളവരുമാക്കി മാറ്റുക എന്ന കുടുംബശ്രീലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്തു പകരാനാണ് സ്നേഹിത ജെന്റർ ഹെൽപ് ഡെസ്കിനെ ഉപജീവനസഹായകേന്ദ്രമായി ഉയർത്തുന്നത്.
പ്രധാന വാർത്തകൾ
 Top