02 July Thursday

അസംസ്‌കൃത വസ്‌തുക്കളും തൊഴിലാളികളും ഇല്ല കഞ്ചിക്കോട്‌ ഇനിയും കാത്തിരിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

 

പാലക്കാട്‌
കഞ്ചിക്കോട്‌ വ്യവസായമേഖലയിലെ സ്ഥാപനങ്ങൾ തുറന്നെങ്കിലും പൂർണതോതിലുള്ള  പ്രവർത്തനത്തിനു സമയമെടുക്കും. അസംസ്‌കൃത വസ്‌തുക്കളുടെ വരവും ഉൽപ്പന്നങ്ങൾ പുറത്തേക്ക്‌ കൊണ്ടുപോകലും പഴയതു പോലെയായിട്ടില്ല. എണ്ണായിരത്തിലേറെ അതിഥിത്തൊഴിലാളികൾ സ്വന്തം നാടുകളിലേക്കു മടങ്ങിയതും വ്യവസായമേഖലയ്‌ക്കു തിരിച്ചടിയായി. 
ചെറുതും വലുതുമായ 702 സ്ഥാപനങ്ങളാണ് കഞ്ചിക്കോട്ടുള്ളത്‌. ഇതിൽ 90 ശതമാനവും തുറന്നു. 30,000 തൊഴിലാളികളുള്ള ഇവിടെ പതിനായിരത്തോളം പേർ  അതിഥിത്തൊഴിലാളികളാണ്‌. കോയമ്പത്തൂർ, തിരുപ്പൂർ മേഖലകളെ ആശ്രയിച്ചാണ്‌ ചെറുകിടവ്യവസായങ്ങൾ പ്രവർത്തിച്ചിരുന്നത്‌. 
തമിഴ്‌നാട്ടിൽ കോവിഡ്‌ രോഗബാധ കൂടുതലായതിനാൽ അവിടേക്ക്‌  പോകാനാവില്ല‌‌. വ്യവസായമേഖലയിലെ ആസാം സ്വദേശിക്ക്‌ കോവിഡ്‌ ബാധിച്ചതും തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ടാക്കി. 
ചെറുകിട വ്യവസായങ്ങളുടെ സ്ഥിതി ദയനീയമാണ്‌‌‌. അടച്ചുപൂട്ടാതിരിക്കാൻ കഠിനപ്രയത്നം വേണം. 
സർക്കാർ നിർദേശം അവഗണിച്ച വരുൺ ബ്രുവറീസ്‌ ലോക്ക്‌ഡൗണിനിടെ അടച്ചുപൂട്ടി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ ചെറുകിട വ്യവസായങ്ങൾക്ക്‌ കാര്യമായ ഗുണമില്ല. സർക്കാർ നിർദേശം ലംഘിച്ച്‌ ലോക്ക്‌ഡൗൺകാലത്ത്‌ മിക്ക സ്ഥാപനങ്ങളും തൊഴിലാളികൾക്ക്‌ ശമ്പളം നൽകിയില്ല. 
തങ്ങളുടേതല്ലാത്ത കാരണത്താൽ തൊഴിലും കൂലിയും നഷ്ടപ്പെടുന്നവർക്ക്‌ 90 ദിവസംവരെ 50 ശതമാനം വേതനം നൽകാൻ ഇഎസ്‌ഐ നിയമത്തിൽ വ്യവസ്ഥയുണ്ട്‌. ഇതും നടപ്പിലാക്കിയില്ല.
പ്രധാന വാർത്തകൾ
 Top