19 January Wednesday
തമിഴ്നാട് ബസുകള്‍ കേരളത്തിലേക്ക്

അതിര്‍ത്തി കടന്ന് ആനവണ്ടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
പാലക്കാട്
നീണ്ട കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസി കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക്‌ സർവീസ് ആരംഭിച്ചു. കെഎസ്ആർടിസിയുടെ ഒമ്പത് സർവീസുകൾ വീതമാണ്‌ കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക്‌ ആരംഭിച്ചത്. 
തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ അഞ്ച് ബസുകൾ പാലക്കാട്ടേക്കും സർവീസ് തുടങ്ങി.
പാലക്കാട് ഡിപ്പോയിൽനിന്ന് ബുധനാഴ്ച രാവിലെ അഞ്ചിനാണ് കോയമ്പത്തൂരിലേക്ക്‌ ആദ്യ സർവീസ് നടന്നത്. 
പൊള്ളാച്ചിയിലേക്ക് രാവിലെ 5.45ന്‌ സർവീസ് തുടങ്ങി. രാത്രി എട്ടിനാണ് കോയമ്പത്തൂരിലേക്കുള്ള അവസാന സർവീസ്. കോവിഡിനെത്തുടർന്നാണ് അന്തർസംസ്ഥാന സർവീസ് നിർത്തിയത്. പിന്നീട് ബോണ്ട് സർവീസ് ആരംഭിച്ചെങ്കിലും സാധാരണ സർവീസിനുള്ള കാത്തിരിപ്പ് നീണ്ടു. കെഎസ്ആർടിസി അധികൃതർ നിരന്തരം കോയമ്പത്തൂർ ജില്ലാ ഭരണകേന്ദ്രവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം നീണ്ടു. സ്കൂളും കോളേജും തുറന്നതോടെ ദിവസവും നിരവധി പേരാണ് അതിർത്തി കടക്കുന്നത്. ഇവർ വാളയാറിൽ ഇറങ്ങി, ചാവടിവരെ നടന്നാണ്‌ തമിഴ്നാട് ബസിൽ കയറുന്നത്‌. ഈ ദുരിതത്തിന് അറുതിയാകുന്നതിൽ യാത്രക്കാർക്കും സന്തോഷം. 
വരും ദിവസങ്ങളിൽ രാത്രി എട്ടിനുശേഷവും കോയമ്പത്തൂരിലേക്ക് സർവീസ് നടത്താനാണ് ആലോചിക്കുന്നത്. 
കോവിഡ് നിയന്ത്രണം പാലിച്ചാണ് സർവീസ് നടത്തുന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും യാത്ര ചെയ്യാം. എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും. മാസ്ക് നിർബന്ധം. 
ആദ്യ ദിനത്തിൽനിരവധി പേരാണ് കെഎസ്ആർടിസിയിൽ കോയമ്പത്തൂരിലേക്ക് പോയത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സർവീസുണ്ടാകുമെന്ന് ഡിടിഒ ടി എ ഉബൈദ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top