06 October Sunday

പ്രതിസന്ധി മാറിയാൽ തെങ്ങ്‌ തരും പൊന്ന്‌

എസ്‌ സുധീഷ്‌Updated: Monday Sep 2, 2024

എ ജെ ജിനു

 
ചിറ്റൂർ
അഞ്ചക്ക ശമ്പളമുള്ള ജോലി രാജിവച്ച്‌ മണ്ണിലേക്കിറങ്ങി പൊന്ന്‌ കണ്ടെത്താൻ നല്ലേപ്പിള്ളി അരണ്ടപ്പള്ളം സ്വദേശി എ ജെ ജിനുവിനെ പ്രേരിപ്പിച്ചത്‌ കുട്ടിക്കാലംമുതൽ കൃഷിയോടുള്ള കമ്പമാണ്‌. ജോലിസ്ഥലത്തെ പിരിമുറുക്കവും സമ്മർദവും വേണ്ട, സ്‌നേഹിച്ചാൽ മണ്ണ്‌ തരും സ്വസ്ഥവും സന്തോഷവുമുള്ള ജീവിതം എന്നുറപ്പായിരുന്നു ആ യുവകർഷകന്‌. 
 2011ലാണ്‌ എംസിഎ പഠനം പൂർത്തിയാക്കിയത്‌. ബംഗളൂരുവിലും റിയാദിലുമായി മൂന്നുവർഷം വിവിധ കമ്പനികളിൽ ജോലി ചെയ്‌തു. ജോലി ഉപേക്ഷിക്കുമ്പോൾ എച്ച്‌പി കമ്പനിയിലെ അനലൈസറായിരുന്നു. മാസം 50,000 രൂപ ശമ്പളം. പാരമ്പര്യമായി കർഷകരാണ്‌ കുടുംബം. വിശാലമായ പത്തേക്കർ ഭൂമി. പറമ്പിൽ അഞ്ചേക്കറോളം സ്ഥലത്തെ നാളികേരമാണ്‌ മുഖ്യ കൃഷി. 
നെൽക്കൃഷിക്ക്‌ പേരുകേട്ട ജില്ലയാണെങ്കിലും കർഷകരെ താങ്ങിനിർത്തുന്നതിൽ നാളികേരത്തിന്‌ ചെറുതല്ലാത്ത പങ്കുണ്ട്‌. ആറുമാസത്തിൽ ഒരിക്കലാണ്‌ നെൽക്കൃഷിയിൽനിന്നുള്ള വരുമാനം. 45 ദിവസത്തിൽ വിളവുകിട്ടുന്ന തെങ്ങിൽനിന്നുള്ള ആദായം ഉപയോഗിച്ചാണ് മിക്ക കർഷകരും നെൽക്കൃഷിക്ക്‌ പ്രാരംഭച്ചെലവ്‌ കണ്ടെത്തുന്നത്‌. ജിനുവിന്റെ ശ്രദ്ധ മുഴുവൻ നാളികേര കൃഷിയിലായി. തെങ്ങിന്‌ തടമെടുത്തും വെള്ളം തേകിയും മുടങ്ങാതെ വളപ്രയോഗം നടത്തിയും മികച്ച കായ്‌ഫലം ഉറപ്പിച്ചു. 
 തെങ്ങുകയറ്റത്തൊഴിലാളികളുടെ കൂലിയും സ്ഥായിയായ വിപണി കണ്ടെത്താനാകാത്തതും പ്രതിസന്ധിയാണെന്ന്‌ ജിനു പറഞ്ഞു. 45 ദിവസത്തെ മൂപ്പെത്തിയാൽ തേങ്ങ വീണുതുടങ്ങും. വില ലഭിക്കുന്നതുവരെ തേങ്ങ വലിക്കേണ്ടെന്ന്‌ കരുതിയാൽ വെള്ളം വറ്റി കൊപ്രയ്ക്ക് പാകമാകും. പിന്നെ എണ്ണയാക്കാനേ പറ്റൂ. ഇത്‌ മുതലെടുക്കുന്നത്‌ തമിഴ്‌നാട് ലോബിയാണ്‌. വലുപ്പക്കുറവിന്റെ പേരുപറഞ്ഞ്‌ തരംമാറ്റി വില കുറയ്‌ക്കും. മറ്റു മാർഗങ്ങളില്ലാത്തതിനാൽ തട്ടിപ്പിന്‌ വഴങ്ങുകയാണ്‌ കർഷകനും. പച്ചത്തേങ്ങയ്ക്ക് സംസ്ഥാനം 4.70 രൂപ അധികം നൽകി 34 രൂപയ്ക്ക്‌ സംഭരിക്കുന്നത് ആശ്വാസമാണ്‌. 
കൃഷി കൂടുതലുള്ള പഞ്ചായത്തുകളിൽ പച്ചത്തേങ്ങ സംഭരണകേന്ദ്രം ആരംഭിച്ചാൽ സഹായമാകും. കേന്ദ്രസർക്കാർ വൻതോതിൽ പാമോയിൽ ഇറക്കുമതി ചെയ്യുന്നത്‌ വിലയിടിവിന്റെ പ്രധാന കാരണമാണെന്നും ജിനു പറഞ്ഞു. ഭാര്യ ആതിര ഇൻഫോപാർക്കിലെ ജീവനക്കാരിയാണ്‌. മക്കൾ: അദ്‌വിക, അതിഥി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top