15 July Wednesday

അരങ്ങില്ല, ആരവമില്ല ഇത്‌ നവീനപാഠം

സ്വന്തം ലേഖികUpdated: Tuesday Jun 2, 2020
 
പാലക്കാട്‌
പിടിവാശിയില്ല, കൂട്ടക്കരച്ചിലില്ല, ബലൂൺ പൊട്ടിച്ചും മധുരം നൽകിയുമുള്ള പ്രവേശനോത്സവമില്ല, മാസങ്ങൾക്കുശേഷം കാണുന്ന ചങ്ങാതിമാരുടെ  ആഹ്ലാദപ്രകടനങ്ങളില്ല. ലോകചരിത്രത്തിൽ ഇടംപിടിക്കുന്ന ഓൺലൈൻ അധ്യയനവർഷാരംഭം മറ്റൊരു കേരള മാതൃകയായി. 
പാട്ടും കഥയും ഗണിതവും രസതന്ത്രവുമായി ഒന്നാംദിന ഓൺലൈൻ പഠനം ഉഷാർ. പുത്തൻ പഠനരീതി കുട്ടികൾക്ക്‌ ദുഷ്‌കരമായില്ല. ടിവിയും ലാപ്‌ടോപ്പും ഫോണും ഉപയോഗിച്ച്‌ സന്തോഷത്തോടെയായിരുന്നു പഠനം.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തവരുടെ കണക്കെടുപ്പും‌ തുടങ്ങി.‌‌ അധ്യാപകർ രക്ഷകർത്താക്കളെ ഫോണിൽ അന്വേഷിച്ച്‌ വിവരം ബിആർസിക്ക്‌ നൽകും. ഇവിടെനിന്ന്‌ സമഗ്രശിക്ഷ കേരളയ്‌ക്ക്‌ കൈമാറും. ഓൺലൈൻ സംവിധാനവും ടിവിയും ഇല്ലാത്തവരുടെ മാത്രമല്ല കേബിളും ഡിഷുമുണ്ടായിട്ടും ചാനൽ ലഭിക്കാത്തവരുടെയും കണക്കെടുക്കും‌.  ഒരാഴ്ച ട്രയൽ ക്ലാസ്‌ കഴിയുമ്പോഴേക്കും മുഴുവൻ വിദ്യാർഥികൾക്കും സൗകര്യമൊരുങ്ങും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇവർക്ക്‌ പഠനസൗകര്യമൊരുക്കും. 
സന്നദ്ധ സംഘടനകളുടെയും ലൈബ്രറികളുടെയും സഹായം ലഭ്യമാക്കും. വിദ്യാർഥികൾ എവിടെയാണോ താമസിക്കുന്നത് അതിനു‌ തൊട്ടടുത്തുതന്നെ പഠനമുറി തയ്യാറാക്കും. നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി മേഖലകളെ പ്രത്യേകം പരിഗണിക്കും. സർക്കാർ – -എയ്‌ഡഡ്‌ സ്‌കൂളുകളിലെ 31,184 വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠന സൗകര്യമില്ലെന്നാണ്‌‌ വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ‌. പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 2,87,771 പേർക്ക്‌ ടിവി, കേബിൾ – -ഡിഷ്‌ സൗകര്യമുണ്ട്‌. 39,160 പേർക്ക്‌ കംപ്യൂട്ടറുണ്ട്‌. 2,85,571 പേർക്ക്‌ ഇന്റർനെറ്റ്‌ സൗകര്യമുള്ള സ്‌മാർട്ട്‌ ഫോണുണ്ട്‌.
കോളേജ്‌ വിദ്യാർഥികൾക്കും ഓൺലെൻ പഠനം തുടങ്ങി.‌ രാവിലെ 8.30 മുതൽ പകൽ 1.30 വരെയാണ്‌ ക്ലാസ്‌.  
● ഹാജർ ഇന്നുമുതൽ 
ചൊവ്വാഴ്‌ച മുതൽ ഓൺലൈൻക്ലാസിൽ കുട്ടികളുടെ ഹാജർ രേഖപ്പെടുത്തും. വിദ്യാർഥികളിൽനിന്ന്‌ ക്ലാസിനെക്കുറിച്ച്‌ പ്രതികരണം തേടും. 
ബിആർസിവഴിയാണ്‌ ഇത്‌ നടപ്പാക്കുക. നിലവിൽ മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിലെ ക്ലാസുകൾക്കാണ്‌ തുടക്കംകുറിച്ചത്‌. വരുംദിവസങ്ങളിൽ തമിഴ്‌, സംസ്‌കൃതം, അറബിക്‌ മീഡിയത്തിൽ പഠനമുണ്ടാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top