15 July Wednesday

ആദ്യ ഓൺലൈൻ പഠനാനുഭവം വിദ്യാർഥികളും അധ്യാപകരും പങ്കുവയ്‌ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 ഇത്‌ പുത്തൻ അനുഭവം

ഓൺലൈൻ ക്ലാസ്‌ പുത്തൻ അനുഭവമായി. ആദ്യം ചെറിയ ആശങ്ക ഉണ്ടായി. എന്നാൽ ക്ലാസ്‌ തുടങ്ങിയപ്പോൾ മാറി. അധ്യാപനരീതി മികച്ചതാണ്. കാര്യങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട്‌. തിങ്കളാഴ്‌ച ഗണിതമായിരുന്നു വിഷയമെങ്കിലും ബുദ്ധിമുട്ട്‌ തോന്നിയില്ല. കൂട്ടുകാരെ കാണാൻ കഴിയാത്തതാണ്‌‌ വിഷമം. 
അലക്‌സ്‌ ബൈജു
(പത്താംക്ലാസ്‌ വിദ്യാർഥി, 
പികെഎച്ച്എസ്എസ്, മഞ്ഞപ്ര)
സ്‌കൂൾ തുറന്നാലും ഓൺലൈൻ പഠനം വേണം
 ക്ലാസ്‌ മുറിക്കുള്ളിൽ ഇരിക്കുന്ന ഗൗരവത്തോടെയാണ്‌ വിക്ടേഴ്‌സ്‌ ചാനൽ കാണാനിരുന്നത്‌. 
പഠനം ഏറെ ഗുണകരമായി. സാധാരണ ക്ലാസ്‌ തുടങ്ങിയാലും ഇത്‌ തുടരുന്നത്‌ നല്ലതാണ്‌. കാര്യങ്ങൾ വേഗം മനസ്സിലാവുന്നുണ്ട്‌.  
കെ അതുല്യ 
(പ്ലസ്‌ടു–-ഗവ. എച്ച്‌എസ്‌എസ്‌, 
കൊടുവായൂർ)
ക്ലാസ്‌മുറിപോലെ തോന്നി
 വിക്ടേഴ്‌സ്‌ ചാനൽ ഒറ്റയ്‌ക്ക് ഇരുന്നാണ്‌ കണ്ടതെങ്കിലും‌ സ്‌കൂളിലെ ക്ലാസിൽ ഇരിക്കുന്നതുപോലെ തോന്നി. 
അഞ്ചാംക്ലാസുകാർക്ക്‌ തിങ്കളാഴ്‌ച മലയാളം ക്ലാസായിരുന്നു.   ക്ലാസ്‌ വളരെ രസമായി.
 പി എം  യോഗ്രന്ദ്ര 
(അഞ്ചാംക്ലാസ്‌–-ഒറ്റപ്പാലം മീറ്റ്ന 
സീനിയർ ബേസിക് സ്‌കൂൾ)
ഒരാഴ്‌ചയ്‌ക്കകം 
എല്ലാം സജ്ജമാകും 
 ഒരാഴ്‌ചയ്‌ക്കകം എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസിനുള്ള സജ്ജീകരണം ഉണ്ടാകും.   ആധുനിക മാർഗങ്ങൾ അപ്രാപ്യമായ സ്ഥലങ്ങളിൽ സൗകര്യങ്ങളെത്തിക്കാൻ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്‌. പറമ്പിക്കുളം, അട്ടപ്പാടി തുടങ്ങി ആദിവാസികോളനികൾക്ക്‌ പ്രത്യേക പരിഗണനയുണ്ട്‌. ട്രൈബൽ ഹോസ്‌റ്റലുകളിൽ സൗകര്യമൊരുക്കാൻ മന്ത്രി എ കെ ബാലനുമായി ചർച്ച നടത്തി.  
എം എ അരുൺകുമാർ, 
ബിആർസി ട്രെയ്‌നർ 
കുഞ്ഞുമക്കളുടെ കൊഞ്ചലില്ലാതെ
 സ്‌കൂൾ തുറക്കുമ്പോഴുള്ള കുട്ടികളുടെ സന്തോഷവും ദുഃഖവും പൊട്ടിക്കരച്ചിലുകളും പരിഭവവുമെല്ലാം നഷ്ടമായെങ്കിലും ഈ പഠനരീതി വേറിട്ടതായി. അവധിക്കാലത്ത്‌ കളികളിലൂടെ പഠനം ലക്ഷ്യമാക്കി ഓൺലൈൻ ക്ലാസ്‌ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ കുട്ടികൾക്ക്‌ ഇതൊരു തുടർപരിപാടിയാണ്‌. വിക്ടേഴ്‌സ്‌ ചാനലിൽ കണ്ടതുപോലെ അധ്യാപകർ സ്വയം വീഡിയോ തയ്യാറാക്കി സ്‌കൂൾ വാട്ട്‌സാപ്‌ ഗ്രൂപ്പുകളിൽ ഇടണമെന്ന്‌ നിർദേശം നൽകിയിട്ടുണ്ട്‌.
കെ മണിയമ്മ, 
പ്രധാനാധ്യാപിക 
ഗവ. മോയൻ എൽപി സ്‌കൂൾ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top