07 July Tuesday

പുതിയ അധ്യയനവുമായി അട്ടപ്പാടിയും

അരുൺ എം സുനിൽUpdated: Tuesday Jun 2, 2020
 
അഗളി 
വീടകം വിദ്യാലയമാകുന്ന ഓൺലൈൻ പഠനത്തിലേക്ക്‌ കാൽവച്ച്‌ അട്ടപ്പാടിയും. വായനശാലകൾ കേന്ദ്രീകരിച്ച്‌ കുട്ടികൾക്ക്‌ വിക്‌ടേഴ്‌സ്‌ ചാനൽ വീക്ഷിക്കാൻ സൗകര്യമൊരുക്കിയും കുടുംബശ്രീയുടെ ബ്രിഡ്‌ജ്‌ സ്കൂൾമുഖേനയുമാണ്‌ ഓൺലൈൻ പഠനത്തിന്‌ അട്ടപ്പാടിയില്‍ തുടക്കമായത്‌. പതിനായിരത്തിലധികം കുട്ടികൾ‌ ഓൺലൈൻ പഠനത്തിന്റെ ഭാഗമായി‌. 
അട്ടപ്പാടിയിൽ ചുരുക്കം ചില ഊരുകളിൽ മാത്രമാണ്‌ ഇന്റർനെറ്റ്‌ സൗകര്യമില്ലാത്തത്‌. ഒരാഴ്ചയ്ക്കകം ഇവിടുത്തെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കും. ഇതിന്‌ എസ്‌ ടി പ്രൊമോട്ടർമാർ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ ആനിമേറ്റർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സഹായം ഉറപ്പാക്കും. 
ബുദ്ധിമുട്ട്‌ നേരിടുന്ന കുട്ടികളുടെ വിവരംശേഖരിച്ച്‌ പൊതുവായ മാർഗംവഴി തുടർപഠനം ഉറപ്പാക്കുമെന്ന് ബിആർസി കോ–-ഓഡിനേറ്റർ സി പി വിജയൻ പറഞ്ഞു. ഇതിന്‌ സന്നദ്ധസംഘടനകളുടെയും വളണ്ടിയർമാരുടെയും സഹായം തേടും.പ്രാക്തന ഗോത്രവിഭാഗമായ കുറുമ്പർ അധിവസിക്കുന്ന സൈലന്റ്‌വാലി വനമേഖലയിലെ മിക്ക ഊരുകളിലും മൊബൈൽ നെറ്റ്‌വർക്ക്‌ ഇല്ല. 12 ഊരുകളിലായി അഞ്ഞൂറോളം കുട്ടികൾക്ക് ഇത് തടസ്സം സൃഷ്ടിക്കുന്നു. ഇവിടെ ടിവിയും ഡിഷും ഉപയോഗിച്ചോ പെൻഡ്രൈവിൽ പകർത്തി പ്രദർശിപ്പിച്ചോ ക്ലാസ്‌ തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നത്. ഇതിനായി ഊരുകളിലെ കമ്യൂണിറ്റി സെന്ററുകളെ ഉപയോഗപ്പെടുത്തുമെന്ന് ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ്‌ 
പ്രോജക്ട്‌ (ഐടിഡിപി) ഓഫീസർ വാണീദാസ് പറഞ്ഞു.   
അട്ടപ്പാടിയിൽ 26 സർക്കാർ സ്കൂൾ, 17 ഏകാധ്യാപക വിദ്യാലയം, ഒമ്പത്‌ സ്വകാര്യസ്കൂൾ എന്നിവിടങ്ങളിലായി 10,290 കുട്ടികളാണ് പഠിക്കുന്നത്. 
ഇതിൽ 192 ആദിവാസി ഊരുകളിൽനിന്നുള്ള 4,762 കുട്ടികളും ഉൾപ്പെടും. അട്ടപ്പാടിക്കു പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന ആയിരത്തിലധികം കുട്ടികളും വിവിധ ഊരുകളിലായുണ്ട്. ഇവർക്കെല്ലാം ഓൺലൈൻ പഠനം സാധ്യമാകുന്ന തരത്തിൽ പ്രത്യേകപദ്ധതി ആവിഷ്കരിക്കാനാണ് ഐടിഡിപിയും സമഗ്രശിക്ഷ കേരളയും ബിആർസിയും ശ്രമിക്കുന്നത്.
പ്രധാന വാർത്തകൾ
 Top