11 August Tuesday

തൊഴിലാളി ബോധംകെട്ട്‌ വീണു വിലക്ക്‌ മറികടന്ന്‌ റെയിൽവേയിൽ നിർബന്ധിത ജോലി

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020

ലോക്ക്‌ ഡൗണിലും ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ

 

പാലക്കാട്‌
രാജ്യം മുഴുവൻ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ച്‌ എല്ലാവരും വീടുകളിൽ കഴിയുമ്പോൾ റെയിൽവേ നിർബന്ധിതമായി ജീവനക്കാരെ ജോലി ചെയ്യിക്കുന്നു. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലാണ്‌ ഇത്തരത്തിൽ ജോലിക്ക്‌ നിയോഗിച്ചിരിക്കുന്നത്‌. ട്രാക്‌ മെഷിൻ വിഭാഗത്തിലുള്ളവരെയാണ്‌ അടിയന്തരപ്രാധാന്യമല്ലാത്ത ജോലിക്ക്‌ നിയോഗിച്ചത്‌. 
ഇവരോടൊപ്പം ട്രാക്‌മാൻമാർ, എൻജിനിയറിങ്‌ വിഭാഗത്തിലുള്ളവർ, സിഗ്‌നൽ ജീവനക്കാർ എന്നിവരേയും നിയോഗിച്ചു. ബുധനാഴ്‌ച ജോലിക്കിടെ ഷൊർണൂരിൽ ഒരുജീവനക്കാരൻ ബോധരഹിതനാകുകയും ചെയ്‌തു. ഷൊർണൂർ റെയിൽവേ സെക്ഷൻ എൻജിനിയർ ഓഫീസിലെ ട്രോളിമാൻ എ കെ ഗോപാലൻ (56) ആണ് ബോധംകെട്ട്‌ വീണത്.  ട്രാക്ക് പാക്കിങ് മെഷിൻ ഉപയോഗിച്ചു ട്രാക്കുകൾ ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കിടെയാണ് റെയിൽവേ ട്രോളിമാൻ ബോധംകെട്ട്‌ വീണത്‌. ഇയാളെ  ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 വിഷയത്തിൽ കലക്ടർ റിപ്പോർട് തേടിയപ്പോൾ അടിയന്തര പ്രാധാന്യമുള്ള ജോലിയെന്നായിരുന്നു റെയിൽവേ ഉദ്യോഗസ്ഥർ നൽകിയ മറുപടി. ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ്‌ ജോലിക്ക്‌ നിയോഗിക്കുന്നതെന്നും പരാതി ഉയർന്നു. 
ഏറ്റവും കൂടുതൽ കോവിഡ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത കാസർകോട്ടേയ്‌ക്കും എൻജിൻ അയച്ചു. പയ്യന്നൂർ സ്‌റ്റേഷനിൽ എൻജിൻ ജോലി ചെയ്യുന്നതിനിടെ നഗരസഭ ഇടപെട്ട്‌ നിർത്തിവച്ചിരുന്നു. ജനങ്ങൾ മുഴുവൻ എല്ലാ തിരക്കും മാറ്റിവച്ച്‌ മഹാമാരിയെ നേരിടാൻ ഒറ്റക്കെട്ടായി പൊരുതുമ്പോഴാണ്‌ ഒരു സുരക്ഷാ മുൻകരുതലുമില്ലാതെ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി ഇവരെ ജോലിക്ക്‌ നിയോഗിക്കുന്നത്‌. 
റെയിൽവേ ബോർഡ്‌ ചെയർമാന്റെ മാർഗനിർദേശം പാലിക്കാൻ സോണൽ, ഡിവിഷണൽ അധികാരികൾ തയ്യാറാകാത്തത് ജീവനക്കാരിൽ അസംതൃപ്തി ഉണ്ടാക്കുന്നു. 
സാധരണ ഗതിയിൽ നടത്തേണ്ട പ്രവർത്തനങ്ങൾ മാറ്റിവയ്‌ക്കാനും അത്യാസന്നഘട്ടം വരികയാണെങ്കിൽ ജീവനക്കാരെ അണിനിരത്താനുമാണ് റെയിൽവേ ബോർഡ് ചെയർമാൻ നിർദേശിച്ചിട്ടുള്ളത്. ജനറൽ മാനേജർ, ഡിവിഷനൽ റെയിൽവേ മാനേജർ  പോലുള്ള ഉന്നതോദ്യോഗസ്ഥർ വീടുകളിൽ കഴിയണമെന്നും വീഡിയോ കോൺഫറൻസിലൂടെ  കാര്യങ്ങൾ നടത്തണമെന്നും പറയുന്ന ഈ അവസരത്തിലാണ് ഒട്ടും അടിയന്തര പ്രവർത്തനം അല്ലാത്ത റെയിൽ പരിസരത്തെ പുല്ല് പറിക്കുക, പാക്കിങ് മെഷിൻ ഉപയോഗിച്ച്‌ പ്രവർത്തനം നടത്തുക തുടങ്ങിയ ജോലികൾ നടത്തുന്നത്. 
കാസർകോട്‌ ഇത്തരം ജോലികൾ നടത്താനുള്ള ശ്രമം ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ  ഇടപെട്ട്‌ നിർത്തിവച്ചിരുന്നു. മംഗലാപുരത്ത്  നിരവധി റെയിൽവേ ജീവനക്കാർ അവശ്യ വസ്തുക്കൾ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്, അത് റെയിൽവേ അറിഞ്ഞമട്ടില്ല.  ഈ സാഹചര്യത്തിൽ ഡിആർഇയു മുൻകൈയെടുത്താണ് അവശ്യ വസ്തുക്കൾ ലഭ്യമാക്കിയത്. 
 മംഗലാപുരം, കാസർകോട്‌ പോലുള്ള മേഖലയിലെ ജീവനക്കാർക്ക് അവശ്യവസ്തുക്കൾ എത്തിക്കണമെന്നും ട്രാക്ക് മെഷിൻ വർക്ക് പോലുള്ളവ ലോക്ക്‌ഡൗൺ കഴിയുന്നതുവരെ നിർത്തിവയ്‌ക്കണമെന്നും ഡിആർഇയു   ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top