04 August Tuesday
ജൂലൈയിൽ 1,182 രോഗികൾ രോഗമുക്തി 1,016

രോഗവ്യാപനം അതിവേഗം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

ഗവ. മെഡിക്കൽ കോളേജിൽ കോവിഡ്‌ പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ

 
സ്വന്തം ലേഖകൻ
പാലക്കാട്‌
കോവിഡ്‌ മഹാമാരി അതിവേഗം വ്യാപിക്കുന്നതിന്റെ ലക്ഷണത്തോടെയാണ്‌ ജൂലൈ കടന്നുപോയത്‌. ഒരുമാസത്തിനിടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 1,182 പേർക്ക്‌.  ജൂലൈ ഒന്നിന് രോഗികളുടെ എണ്ണം 529 ആയിരുന്നത്‌ 31ന്‌ 1,711ൽ എത്തി. ഒരു മരണവുമുണ്ടായി. 1,016 പേർ‌ ഇക്കാലയളവിൽ രോഗമുക്തി നേടി‌. പട്ടാമ്പി മത്സ്യമാർക്കറ്റ്‌ പ്രഭവകേന്ദ്രമായി വ്യാപനമുണ്ടായതോടെ ജില്ലയിലെ ആദ്യ ക്ലസ്‌റ്ററായി പട്ടാമ്പി മാറി. 
88 പഞ്ചായത്ത്‌, ഏഴ്‌ നഗരസഭ എന്നിവിടങ്ങളിൽ ഒരുക്കിയ കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിൽ പതിനായിരത്തിലേറെ കിടക്കകൾ തയ്യാറാക്കി‌. കഞ്ചിക്കോട്‌ കിൻഫ്രയിലെ നാലുനില കെട്ടിടത്തിൽ 1000 കിടക്കകളോടെ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററും ഒരുക്കി. ജില്ലയിലെ ഏറ്റവും വലിയ കിടത്തിച്ചികിത്സാകേന്ദ്രമായി കിൻഫ്ര മാറി.
ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ ഒരുക്കുന്നതിനും റിവേഴ്‌സ്‌ ക്വാറന്റൈൻ ഏകോപിപ്പിക്കുന്നതിനും എസ്‌ കാർത്തികേയനെ ചുമതലപ്പെടുത്തി.
ഉറവിടമില്ലാത്ത രോഗികൾ വർധിക്കുന്നതും ആശങ്ക പടർത്തുന്നു. ആന്റിജെൻ പരിശോധനയുടെ എണ്ണം വർധിപ്പിച്ചത്‌ ഉറവിടമില്ലാത്ത രോഗികളെ കണ്ടെത്താൻ സഹായിച്ചു. ക്ലസ്‌റ്റർ സാധ്യത മുന്നിൽകണ്ട്‌ ജില്ലയിലെ പ്രധാനപ്പെട്ട അങ്ങാടികളിലും തിരക്കുള്ള പ്രദേശങ്ങളിലും പരിശോധനാ ക്യാമ്പ്‌ നടത്തി. പട്ടാമ്പി, വലിയങ്ങാടി, കൊടുവായൂർ, പുതുനഗരം എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്‌. 
ലോക്ക്‌ഡൗണിൽ ഇളവുവന്നതോടെ തിരിച്ചെത്തിയ അതിഥിത്തൊഴിലാളികളിൽ നടത്തിയ പരിശോധനയിൽ കൂട്ടത്തോടെ രോഗം കണ്ടെത്തി. ജൂലൈ എട്ടിന്‌ വണ്ടിത്താവളത്ത്‌ 14 അതിഥിത്തൊഴിലാളികൾക്ക്‌ രോഗം സ്ഥിരീകരിച്ചു. പശ്‌ചിമ ‌ബംഗാളിൽനിന്ന്‌ എത്തിയവരാണിവർ. ഒമ്പതിന്‌ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 17 പേർക്കുകൂടി രോഗം കണ്ടെത്തി. ഇതോടെ, തിരിച്ചെത്തുന്ന അതിഥിത്തൊഴിലാളികളുടെ പരിശോധനയും നിരീക്ഷണവും കർശനമാക്കി.
ജൂലൈ ഒന്നുമുതൽ 18വരെ 523 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 19നാണ്‌ പട്ടാമ്പി ക്ലസ്‌റ്ററിൽനിന്നുള്ള കണക്ക്‌ പുറത്തുവന്നത്‌. 81 പേർക്കാണ്‌ അന്ന്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ 67പേർ പട്ടാമ്പിയിൽനിന്നുമാത്രം. തുടർന്ന്‌ രോഗം കുതിച്ചു. 28ന്‌ 86 പേരിൽ രോഗം കണ്ടെത്തി. ജില്ലയിൽ ഒരു ദിവസം സ്ഥിരീകരിക്കുന്ന രോഗികളുടെ ഏറ്റവും ഉയർന്ന കണക്കാണിത്‌. ജൂലൈ മൂന്നിന്‌ 68, 15ന്‌ 53, 16ന്‌ 72, 20ന്‌ 93, 24ന്‌ 64, 31ന്‌ 111 എന്നിങ്ങനെ കൂട്ടത്തോടെ രോഗമുക്തിയും നേടി. 25ന്‌ കൊല്ലങ്കോട് സ്വദേശിനിയായ നാൽപ്പതുകാരിയാണ്‌ മരിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top