03 August Monday

9 ബൈക്ക് കണ്ടെടുത്തു ബൈക്ക് മോഷണം: 4 യുവാക്കള്‍ ‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

ബൈക്ക് മോഷണക്കേസിൽ ശ്രീകൃഷ്ണപുരം പൊലീസ് പിടികൂടിയ പ്രതികളും കണ്ടെടുത്ത ബൈക്കുകളും

 

ശ്രീകൃഷ്ണപുരം 
ഒമ്പതു ബൈക്ക് മോഷ്ടിച്ച കേസിൽ നാലുപേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ കയില്യാട് മാമ്പറ്റപ്പടികുളം കീഴ്‌മുറി ചീനിക്കപള്ളിയാലിൽ വീട്ടിൽ കെ രാജീവ്‌ (21),  കയിലിയാട് മേമ്പത്തുപാടം കർത്തൊടി വീട്ടിൽ കെ ജിമീഷ്(20),  കയിലിയാട് കുറുമങ്ങാട്ട്പടി വീട്ടിൽ കെ ആർ ശരത് ലാൽ(23), ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൂരിക്കാട്ടിൽ സാലിഖ്(18) എന്നിവരാണ് പിടിയിലായത്. 
26ന് രാത്രി ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ ഇലക്ട്രിക്കൽ കടയുടെ മുൻഭാഗത്ത്‌ നിർത്തിയ ബൈക്ക് മോഷണം പോയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 
വിവിധയിടങ്ങളിൽനിന്ന്‌ മോഷ്ടിച്ച ഒമ്പതു ബൈക്കും ഇവരുടെ വീടുകളിൽനിന്ന്‌ കണ്ടെടുത്തു.  മൂന്ന് ബൈക്ക്  മണ്ണാർക്കാട് ഭാഗത്തുനിന്നും രണ്ട് ബൈക്ക് തൃശൂർ പഴയന്നൂർ ഭാഗത്തുനിന്നും ഓരോ ബൈക്ക്‌വീതം നാട്ടുകൽ, തൃശൂർ വടക്കാഞ്ചേരി, ശ്രീകൃഷ്ണപുരം, ചാലക്കുടി എന്നിവിടങ്ങളിൽനിന്നുമാണ് മോഷ്ടിച്ചത്. ബൈക്ക്‌ മോഷ്‌ടിച്ച ശേഷം  വണ്ടിയുടെ നമ്പറും പിന്നീട് എൻജിൻ നമ്പറും ചേസിസ് നമ്പറും മാറ്റും. തുടർന്ന്‌ ചെറിയ വിലയ്‌ക്ക്‌ ബൈക്ക്‌ വിൽക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.  
പ്രതികളെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും. ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ കെ എം ബിനീഷ്, എഎസ്ഐ സുനിൽ, എസ്‌സിപിഒ മുഹമ്മദ്‌ റഫീഖ്‌, സിപിഒമാരായ ചന്ദ്രശേഖരൻ, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top