24 August Saturday

കെണിയൊരുക്കി പാർക്കിങ‌്

എസ‌് നന്ദകുമാർUpdated: Monday Jul 1, 2019

സായ് നിലയം സ്കൂൾ ബസ് സ്റ്റോപ്പിൽ അനധികൃതമായി പാർക്ക്‌ ചെയ‌്ത കണ്ടെയ്നർ ലോറികൾ

 

 
വാളയാർ
വാളയാർ ദേശീയപാതക്കരികിൽ നിർത്തിയിടുന്ന വാഹനങ്ങൾ അപകടം ക്ഷണിച്ചു വരുത്തുന്നു. സേലം- –-കൊച്ചി ദേശീയപാത 544 ലെ അനധികൃത പാർക്കിങ‌് യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാണ‌്. വാളയാറിൽ പഴയ വാണിജ്യ നികുതി ചെക‌് പോസ്റ്റ്‌ പരിസരം മുതൽ ചന്ദ്രനഗർ വരെ പലയിടങ്ങളിലും നിരവധി ലോറികൾ ദേശീയപാതയോരത്തും സർവീസ്‌ റോഡിലും  നിർത്താറുണ്ട്‌. ഇത്തരത്തിൽ പാർക്ക്‌ ചെയ്ത കണ്ടെയ്നർ ലോറിയിൽ ഒമ്നി വാനിടിച്ചാണ‌് കുഞ്ഞുങ്ങൾ ഉൾപ്പെടെ ആറ‌് കോയമ്പത്തൂർ സ്വദേശികൾ ശനിയാഴ‌്ച  മരിച്ചത്‌. വട്ടപ്പാറ 14–-ാം കല്ലിലായിരുന്നു സംഭവം.
സായ്‌ നിലയം സ്കൂൾ ബസ്‌ സ്റ്റോപ്പിലേക്ക‌് വരെ ലോറികൾ കയറ്റിനിർത്താറുണ്ട‌്. ഇതോടെ, അതിവേഗം വരുന്ന വാഹനങ്ങൾക്ക്‌  ബസ്‌ സ്റ്റോപ്പോ, കുട്ടികളെയോ കാണാനാവില്ല. ഇത‌് അപകടസാധ്യത വർധിപ്പിക്കുകയാണ‌്.  കഞ്ചിക്കോട്‌ ഇൻസ്ട്രുമെന്റേഷൻ പരിസരത്ത്‌ സർവീസ്‌ റോഡിലെ അനധികൃത പാർക്കിങ്ങും  അപകടങ്ങൾക്ക‌് ഇടയാക്കുന്നു.  
 പുതുശേരി പെട്രോൾ പമ്പ്‌ പരിസരത്തും കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള ലോറികൾ  നിർത്തിയിടുന്നുണ്ട‌്. സർവീസ്‌ റോഡിലൂടെ സഞ്ചരിക്കുന്നവരുടേയും പെട്രോൾ പമ്പിൽനിന്നും ഇറങ്ങി വരുന്നവരുടേയും കാഴ‌്ച മറച്ചാണ‌് ഈ വാഹനങ്ങളുടെ നിൽപ്പ‌്.  കൂട്ടുപാതയിലെ സ്വകാര്യ കാർ കമ്പനിയിലേക്കുവരുന്ന കണ്ടെയ്നറുകളും അപകടഭീഷണി സൃഷ്ടിച്ചാണ‌് റോഡരികിൽ പാർക്ക‌് ചെയ്യുന്നത‌്.  
വാളയാർ മുതൽ ചന്ദ്രനഗർ വരെയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ 9 മാസത്തിൽ 13  പേരാണ‌്  അനധികൃത പാർക്കിങ‌് മൂലമുണ്ടായ അപകടത്തിൽ മരിച്ചത‌്. പരിക്കേറ്റവരും നിരവധിയാണ‌്. കഴിഞ്ഞയാഴ്ച മരുതറോഡ്‌ കോളേജിൽ പ്രവേശനത്തിനെത്തിയ മണ്ണാർക്കാട്‌ സ്വദേശിനികളായ അമ്മയും മകളും ടാങ്കർ ലോറിയിടിച്ച്‌ പരിക്കേറ്റതും കഞ്ചിക്കോട്‌ പുതൂർ ബൈക്കുകൾ കൂട്ടിയിടിച്ച്‌ 6 പേർക്ക്‌ പരിക്കേറ്റതും സർവീസ്‌ റോഡിലെ പാർക്കിങ‌് മൂലം വാഹനങ്ങളുടെ വരവ്‌ കാണാതെയാണ‌്. 
കൂട്ടുപാത സർവീസ്‌ റോഡിൽ പാർക്ക്‌ ചെയ്ത ചരക്ക്‌ ലോറി അരികുഭിത്തി ഇടിഞ്ഞു 20 അടി താഴ്ചയിലേക്ക‌്  മറിഞ്ഞിരുന്നു. 
ഹൈവേ പോലീസിന്റെ പട്രോളിങ‌് ഉണ്ടെങ്കിലും പലപ്പോഴും നിയമം തെറ്റിച്ചുള്ള പാർക്കിങ‌് തുടരുകയാണ‌്. ദേശീയപാത നിർമാണം ഏറ്റെടുത്ത കരാർ കമ്പനി ലോറി പാർക്കിങ്ങിന‌് സ്ഥലം നിർമിക്കണമെന്നാണു വ്യവസ്ഥ. ഇതിനായി യാക്കരയിൽ സ്ഥലം ഏറ്റെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ല.
അപകടങ്ങൾ തുടർക്കഥയാകുമ്പോൾ കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിങ‌് തുടരാൻ അനുവദിക്കരുതെന്നും ദേശീയ പാതയിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ തെരുവ്‌ വിളക്കോ ഹൈമാസ്‌റ്റ‌് ലാമ്പോ സ്ഥാപിക്കാൻ കരാർ കമ്പനിക്കാർ മുന്നിട്ടിറങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top