02 July Thursday
ചികിത്സയിലുള്ളവർ 140

12 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
 
പാലക്കാട് 
ജില്ലയിൽ 12 പേർക്കുകൂടി ഞായറാഴ്‌ച കോവിഡ്–-19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽനിന്ന്‌ വന്ന മൂന്നുപേർ, ‌തമിഴ്‌നാട്ടിലെ കാഞ്ചീപുരം, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേർ വീതം, തമിഴ്‌നാട്ടിലെ പഴണി സന്ദർശിച്ച ഒരാൾ, മസ്കറ്റ്‌, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന്‌ വന്ന ഒരോരുത്തർക്കും രണ്ടുപേർക്ക്‌ സമ്പർക്കത്തിലൂടെയുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ മൂന്നുപേർ സ്‌ത്രീകളാണ്‌. 
ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 140 ആയി.
മുംബൈയിൽനിന്ന്‌ 19, 21 തീയതികളിലായി വന്ന കോട്ടായി ശാസ്താപുരം (48 പു.), തൃത്താല തിരുമിറ്റക്കോട് (54 പു.) സ്വദേശികൾ, ആനക്കര കുമ്പിടി സ്വദേശി (50 പു.),  കാഞ്ചീപുരത്തുനിന്ന്‌ വന്ന മാങ്കാവ്‌ എടയാർ സ്ട്രീറ്റ് (39 പു.), ഒറ്റപ്പാലം വരോട് (45 സ്ത്രീ ) സ്വദേശികൾ, ചെന്നൈയിൽനിന്ന്‌  21ന് വന്ന ഒറ്റപ്പാലം മണ്ണൂർ (50 പു.), പാലക്കാട്‌ തിരുനെല്ലായി (26 സ്ത്രീ) സ്വദേശികൾ,  ബംഗളൂരുവിൽനിന്ന്‌ വന്ന കോട്ടായി സ്വദേശി (34 പു.), മസ്‌കറ്റിൽനിന്ന്‌ എത്തിയ തിരുവേഗപ്പുറ സ്വദേശി (38 പു.), ഇരുപത്‌ ദിവസത്തെ പഴണി സന്ദർശനത്തിനുശേഷം 23ന് എത്തിയ ചന്ദ്രനഗർ പിരിവുശാല സ്വദേശി (38 പു.) എന്നിവരാണ്‌ പുറത്തുനിന്ന്‌ വന്ന രോഗബാധിതർ.
വാളയാറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എരിമയൂർ മരുതക്കോട് സ്വദേശിയായ ഫോറസ്റ്റ് വാച്ചർ (58 പു.), നേരത്തെ രോഗം സ്ഥിരീകരിച്ച പൊൽപ്പുള്ളി സ്വദേശിയായ യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്ന അമ്മ (63) എന്നിവർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്‌.  
രണ്ടുവീതം‌ മലപ്പുറം, തൃശൂർ സ്വദേശികളും ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ)  മെയ് 26ന് രോഗം സ്ഥിരീകരിച്ച  ഒരു അസംകാരനും ഉൾപ്പെടെ 140 പേർ ഇവിടെ ചികിത്സയിലുണ്ട്‌‌. മങ്കര സ്വദേശി എറണാകുളത്തും നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
ക്വാറന്റൈനിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം
പാലക്കാട്‌
മറ്റ്‌ സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ എത്തുന്നവർ ഉൾപ്പെടെ ക്വാറന്റൈനിൽ കഴിയുന്ന എല്ലാവരും കരുതൽ പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു. 
ക്വാറന്റൈനിലുള്ളവരിൽനിന്ന്‌ വീട്ടിലുള്ള മറ്റുള്ളവരിലേക്ക്‌ രോഗം പകരുന്ന സംഭവം ജില്ലയിൽ കൂടി വരുന്നുണ്ട്‌‌. മകനിൽനിന്ന്‌ അമ്മയ്‌ക്കും ഭർത്താവിൽനിന്ന്‌ ഭാര്യയ്‌ക്കും കുട്ടിക്കുമൊക്കെയായി നിരവധി കേസുകൾ റിപ്പോർട്ട്‌ ചെയ്‌തു‌.
ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കാത്തതാണ്‌ ഇതിന്‌ കാരണം. മാത്രമല്ല, ചിലർ പുറത്തിറങ്ങി നടക്കുന്നത്‌ പൊതുജനങ്ങൾക്കും ഭീഷണിയാവുന്നു‌. 
ജില്ലയിൽ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മറ്റുള്ളവർക്ക്‌ രോഗം പടരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും റൂം ക്വാറന്റൈൻ തന്നെ പാലിക്കണമെന്നും ആരോഗ്യ വകുപ്പ്‌ നിർദേശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top