02 July Thursday

കോവിഡ്‌ അതിജീവിച്ച്‌‌ പാൽ ഉൽപ്പാദനത്തിൽ വർധന

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

 

പാലക്കാട്‌
എല്ലാ മേഖലയിലും കോവിഡ്–-19‌ നാശം വിതച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപടലും സഹായവും ക്ഷീരമേഖലയ്‌ക്ക്‌ തുണയായി. പാൽ ഉൽപ്പാദനത്തിൽ പ്രതിദിനം 15,000 ലിറ്റർ വർധനയാണ്‌ ലോക്ക്‌ ‌ഡൗൺ കാലത്തും ക്ഷീര മേഖല കൈവരിച്ചത്‌. കഴിഞ്ഞ നാല്‌ വർഷത്തിനിടയിൽ നേടിയ വളർച്ച നിലനിർത്താൻ കഴിഞ്ഞുവെന്ന്‌ മാത്രമല്ല, ക്ഷീരകർഷകർക്ക്‌ ദുരിതകാലത്ത്‌ സഹായം നൽകാനും കഴിഞ്ഞു. മുപ്പതിനായിരത്തിലധികം ക്ഷീര കർഷകരാണ്‌ ജില്ലയിലുള്ളത്‌. ഇവർ 328 ക്ഷീരസംഘങ്ങൾ വഴി പാൽ അളന്ന്‌ മിൽമയിലേക്ക്‌ നൽകുന്നു. 
പ്രതിദിനം 2.65 ലക്ഷം ലിറ്റർ പാൽ ഉൽപ്പാദിപ്പിച്ചിരുന്ന ജില്ലയിൽ ഇന്ന്‌ 2.80 ലക്ഷം ലിറ്ററായി ഉയർന്നു. രണ്ട്‌ പ്രളയം വലിയ നാശമാണ്‌ ക്ഷീരമേഖലയിൽ വരുത്തിയത്‌. അതിനെ ചുരുങ്ങിയ കാലംകൊണ്ട്‌ അതിജീവിച്ച ക്ഷീരമേഖലയെ കോവിഡ്‌ വീണ്ടും തകർക്കുമെന്ന ആശങ്കയായിരുന്നു ക്ഷീരകർഷകർക്ക്‌. ഒരുദിവസം മാത്രമാണ്‌ പ്രതിസന്ധിയുണ്ടായത്‌. 
അത്‌ സർക്കാരിന്റെ സമയോചിത ഇടപെടൽമൂലം പരിഹരിച്ചു. പാൽ വിതരണം, സംഭരണം, കാലിത്തീറ്റ, തീറ്റ, വസ്‌തുക്കളുടെ വിതരണം എന്നിവയുടെ പ്രവർത്തനത്തെ ലോക്ക്‌ഡൗൺ ബാധിക്കാത്ത വിധം സർക്കാർ ഇടപെട്ടു. ക്ഷീര മേഖലയെ അവശ്യസർവീസായി പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങൾ നീക്കുകയും ചെയ്‌തതാണ്‌ ക്ഷീര മേഖലയ്‌ക്ക്‌ തുണയായത്‌. 
ലോക ക്ഷീരദിനത്തോടനുബന്ധിച്ച്‌ തിങ്കളാഴ്‌ച രാവിലെ എല്ലാ ക്ഷീരസംഘങ്ങളിലും രാവിലെ എട്ടിന്‌ പതാക ഉയർത്തും. ഏറ്റവും മുതിർന്ന ക്ഷീര കർഷകൻ വൃക്ഷത്തെ നടും. ചില സ്ഥലങ്ങളിൽ പച്ചക്കറിത്തൈകളും വിതരണം ചെയ്യുമെന്നും ക്ഷീര വികസനവുകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ ജെ എസ്‌ ജയ സുജീഷ്‌ പറഞ്ഞു. 
ചെറുകുളം ക്ഷീര സഹകരണസംഘത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി  ദിനാഘോഷം ഉദ്ഘാടനം ചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top