04 July Saturday

ചവിട്ടിമെതിച്ച്‌ കാട്ടാനകൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
മലമ്പുഴ
കാട്ടാനക്കൂട്ടം കാടിറങ്ങിയതോടെ ജീവഭയത്തിലാണ് മരുതറോഡ് പഞ്ചായത്തിലെ കിഴക്കേത്തറ, അരികുടി പ്രദേശവാസികൾ. തുടർച്ചയായി നാലാംദിവസവും കാട്ടാനകളുടെ ആക്രമണ ഭീഷണിയിലാണ്‌ നാട്‌. കണ്ണിൽ കണ്ടതെല്ലാം ആനകൾ ചവിട്ടിമെതിക്കുന്നു‌. പകൽ സമയങ്ങളിൽ ആറങ്ങോട്ടുകുളമ്പിലെ എളമ്പ്രംകാട്ടിൽ കയറി നിൽക്കുന്ന ആനകൾ ഇരുട്ടുവീണാൽ വീടുകളിലെ വാഴ, തെങ്ങ്, പ്ലാവ് എന്നിവ‌ നശിപ്പിക്കുന്നത്‌ പതിവാണ്‌. വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതിവേലി തകർത്താണ് നാട്ടിലെത്തുന്നത്‌.  
കിഴക്കേത്തറ പൊന്നുണ്ണിയുടെ വാഴ നശിപ്പിച്ച ആനകൾ കുഴൽകിണർ പൈപ്പ്‌ തകർക്കാനും ശ്രമിച്ചു. എം പി സുനിലിന്റെ 15 മീറ്റർ മതിലും തകർത്തു. അരികുടി ഗീത മണി, സുധീഷ്, ജോസ്‌ എന്നിരുടെ കൃഷി നശിപ്പിച്ചു. കാട്ടാന ആക്രമണമുണ്ടായ പ്രദേശങ്ങൾ  ജില്ലാ പഞ്ചായത്തംഗം നിതിൻ കണിച്ചേരിയും വനപാലകരും സന്ദർശിച്ചു. 
കുങ്കിയാനയെ കൊണ്ടുവന്ന്‌ കാടുകയറ്റിവിടാമെങ്കിലും കാട്ടാനകളിൽ ഒരെണ്ണത്തിന് മദപ്പാടുള്ളതായി വനപാലകർ പറഞ്ഞു. ശനിയാഴ്‌ച ആനകളെ തിരിച്ച്‌ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഇവ വനപാലകരെ ആക്രമിക്കാനും ശ്രമിച്ചു.
വനപാലകരെ വട്ടംകറക്കുന്നു
പാലക്കാട് 
മണിക്കൂറുകൾ നീളുന്ന പരിശ്രമത്തിനൊടുവിൽ കാട്ടാനകളെ ഒരിടത്തുനിന്ന്‌ തുരത്തിയാൽ വേറെ വഴിയിൽ തിരികെയിറങ്ങും. വനപാലകരെ വട്ടംകറക്കുകയാണ് കൊട്ടേക്കാട് കിഴക്കേത്തറയിൽ എത്തിയ കൊമ്പന്മാർ. എളമ്പ്രക്കാടിലും ഊറോലിയിലും ഞായറാഴ്ച വീണ്ടും ആനകൾക്കായി തെരച്ചിൽ നടത്തി. മദപ്പാടുള്ള കൊമ്പൻ കൂട്ടത്തിലുള്ളതിനാൽ കാടുകയറ്റൽ ശ്രമകരമാണ്. ആനകളെ തുരത്തുന്നതിനിടെ പടക്കം പൊട്ടിച്ച വാച്ചർക്ക് നേരെ ആന പാഞ്ഞടുത്തിരുന്നു. ഒരെണ്ണം മാത്രമാണ് കാടുകയറിയത്. ആനയിറങ്ങാതിരിക്കാൻ അടിക്കാടുകൾ വെട്ടുന്ന പ്രവൃത്തി ഇവിടെ പുരോഗമിക്കുകയാണ്‌.
പ്രധാന വാർത്തകൾ
 Top