പാലക്കാട്
ഇത്തവണയെങ്കിലും കേന്ദ്രബജറ്റിൽനിന്ന് എന്തെങ്കിലും കിട്ടുമോയെന്ന പ്രതീക്ഷയിലാണ് പാലക്കാട്. കർഷകരും സാധാരണ തൊഴിലാളികളും ഏറെയുള്ള ജില്ലയിൽ റെയിൽവേ, കൃഷി, വ്യവസായ വികസനങ്ങളിലൂന്നുന്ന പദ്ധതികളാണാവശ്യം. ജില്ലയുടെ പദ്ധതികൾ പാർലമെന്റിൽ അവതരിപ്പിക്കേണ്ട രണ്ട് എംപിമാർ വാതുറക്കാറില്ല.
റെയിൽവേ കോച്ച് ഫാക്ടറി ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. കോച്ച് ഫാക്ടറിക്കായി വി എസ് അച്യുതാനന്ദൻ സർക്കാർ ഏറ്റെടുത്ത് നൽകിയ 239 ഏക്കർ ഇന്ന് ആനകളുടെ വിഹാര കേന്ദ്രമാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാനത്തിന് കൈമാറാനുള്ള നീക്കം ജില്ലയിലെ ബിജെപി നേതൃത്വത്തിന്റെ ഇടപെടലിൽ മരവിച്ച് നിൽക്കുന്നു. ബജറ്റിൽ എന്തെങ്കിലും നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബെമൽ വിൽപ്പനയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നീക്കങ്ങളും പാലക്കാട്ടുകാർ ആകാംക്ഷയോടെയാണ് നോക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിനേക്കാൾ വിറ്റുതുലയ്‌ക്കുന്നതിനാണ് ബിജെപി സർക്കാരിന് താൽപ്പര്യം. അതുകൊണ്ടുതന്നെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ വലിയ പ്രതീക്ഷകളില്ല. കോവിഡിന്റെ ആഘാതത്തിൽനിന്ന് ഇനിയും ഉയരാൻ സാധിക്കാത്ത വ്യവസായ മേഖലയ്‌ക്ക് ചെറിയ പാക്കേജുകളെങ്കിലും നിലനിൽപ്പിനായി വേണം. കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്ക് തുക പ്രതീക്ഷിക്കുന്നു.
തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്ന ജില്ല തൊഴിലുറപ്പിനുള്ള നീക്കിവയ്‌പ്പിനെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. തുടർച്ചയായി തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ച് നിബന്ധനകൾ അടിച്ചേൽപ്പിച്ച് പദ്ധതിയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
നെല്ലിന്റെ താങ്ങുവില വർധിപ്പിച്ച് ആശ്വാസം നൽകുമെന്ന പ്രതീക്ഷ കർഷകർ പങ്കുവയ്‌ക്കുന്നു. എന്നാൽ വളം സബ്‌സിഡി വെട്ടിക്കുറച്ചും കാർഷിക മേഖലയ്‌ക്കുള്ള വിഹിതം വെട്ടിക്കുറച്ചും തിരിച്ചടി നൽകുമോയെന്ന ഭയവുമുണ്ട്.
റെയിൽവേ അവഗണന തുടർക്കഥ
പാലക്കാട്
വികസനസാധ്യതകൾ ഏറെയുള്ള പാലക്കാട് റെയിൽവേ ഡിവിഷന് എന്നും കേന്ദ്രം നൽകുന്നത് അവഗണന മാത്രം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ വേണമെന്നാവശ്യം ശക്തമാണ്. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് ധാരാളം യാത്രക്കാരുണ്ട്. പാലക്കാട് പിറ്റ്‌ലൈൻ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന് പണം വകയിരുത്തിയില്ല. കേരളത്തിലെ നിലവിലുള്ള റെയിൽവേ ട്രാക്കിന്റെ അവസ്ഥ കണക്കിലെടുത്ത് വന്ദേഭാരത് ട്രെയിൻ അനുവദിക്കാൻ സാധ്യതയില്ല. ഇന്റർസിറ്റി, മെമു, പാസഞ്ചർ ട്രെയിനുകൾ കൂടുതൽ ആരംഭിക്കണമെന്ന ആവശ്യം തുടർച്ചയായി അവഗണിക്കപ്പെടുന്നു. റെയിൽവേയിലെ 3.20 ലക്ഷം ഒഴിവുകൾ നികത്താനുള്ള നടപടികളും പ്രതീക്ഷിക്കുന്നു. പാലക്കാട് ടൗൺ റെയിൽവേ സ്‌റ്റേഷനെ ട്രെയിൻ ഒറിജിനേറ്റിങ് സ്‌റ്റേഷനാക്കി മാറ്റണമെന്ന ആവശ്യത്തിൽ ഇനിയും നടപടിയുണ്ടായിട്ടില്ല. നഗരമധ്യത്തിലുള്ള ടൗൺ റെയിൽവേ സ്റ്റേഷനാണ് ഒലവക്കോടിനേക്കാൾ ജനങ്ങൾക്ക് എത്തിച്ചേരാൻ ഉപകാരമാവുക. റെയിൽവേയ്‌ക്ക് ഏക്കറുകണക്കിന് സ്ഥലം ടൗൺ റെയിൽവേ സ്‌റ്റേഷനോട് ചേർന്ന് നഗരമധ്യത്തിൽ ഉണ്ടെങ്കിലും നടപടിയില്ല. പാസഞ്ചറുകളുടെയും മെമുവിന്റെയുമെങ്കിലും ഒറിജിനേറ്റിങ് സ്‌റ്റേഷനാക്കാൻ പോലും നടപടിയില്ല.
നിലവിൽ ഡിവിഷനുകീഴിൽ മംഗളൂരു മാത്രമാണ് ഒറിജിനേറ്റിങ് സ്‌റ്റേഷൻ. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്‌റ്റേഷനായ ഷൊർണൂരിൽ ട്രയാങ്കുലർ സ്‌റ്റേഷൻ എന്ന ആവശ്യം ഇനിയും കണ്ടില്ലെന്ന് നടിക്കുന്നു. ഷൊർണൂരിലെ ചെക്കിങ് പോയിന്റും അറ്റകുറ്റപ്പണികളുമൊക്കെ മംഗളൂരുവിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കം സജീവമാണ്. പാലക്കാട് മെമു ഷെഡ് നവീകരണം എവിടെയുമെത്തിയില്ല. സ്‌റ്റേഷനുകളുടെ ശോച്യാവസ്ഥ, സ്വകാര്യവൽക്കരണ നടപടിയെത്തുടർന്ന് ജീവനക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കേണ്ടതാണ്.
പാലക്കാട്, ഷൊർണൂർ എന്നീ രണ്ട് ജങ്ഷനുകൾ ഉള്ള ജില്ലയിൽ റെയിൽവേ വികസനം അതിനിർണായകമാണ്. ഡിവിഷൻ വെട്ടിമുറിച്ചും കോച്ച് ഫാക്ടറി ഇല്ലാതാക്കിയും പാലക്കാടിന് അവഗണനമാത്രമാണ് വർഷങ്ങളായി ലഭിക്കുന്നത്. ഇതിനൊരു മാറ്റം ഇത്തവണ പ്രതീക്ഷിക്കുന്നു. കോവിഡിന്റെ പേരിൽ നിർത്തിയ യാത്രാസൗജന്യങ്ങളും പുഃനസ്ഥാപിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..