26 March Sunday

വില്ലെടുത്ത് കുലച്ചു; 
സ്വർണം എയ‍്തിട്ട് ആമിന

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023
പാലക്കാട്‌
ഏകാഗ്രതയോടെ ലക്ഷ്യസ്ഥാനത്തേക്ക്‌ വില്ലെടുത്ത്‌ അമ്പ്‌ തൊടുത്തപ്പോൾ ആമിന നേടിയത്‌ പത്തരമാറ്റിന്റെ തങ്കം. മാനന്തവാടിയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ചാമ്പ്യൻഷിപ്പിലാണ് പിഎംജി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആമിന നഹാൻ സ്വർണമെഡൽ നേടിയത്‌. 
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 60 മീറ്ററിൽ റീകർവ് റൗണ്ടിലാണ്‌ നേട്ടം. ഇതോടെ ദേശീയ മത്സരത്തിനുള്ള സംസ്ഥാന ടീമിലും ആമിനയ്ക്ക്‌ ഇടം ലഭിച്ചു. പുത്തൂർ ഓഷ്യാനസിലെ ഷംസുദീന്റെയും റെജീനയുടെയും മകളാണ്. മുമ്പും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് സംസ്ഥാന ടീമിൽ ഇടംനേടുന്നത്. 
2017ൽ പാലക്കാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ജില്ലാ ചാമ്പ്യൻഷിപ്‌ കാണാനെത്തിയപ്പോഴാണ്‌ അമ്പെയ്‌ത്തിൽ ആമിനയ്‌ക്ക്‌ കമ്പം തോന്നിയത്‌. തുടർന്ന്‌ പരിശീലനത്തിന്‌ ചേരുകയായിരുന്നു. ഇതേവിഭാഗത്തിൽ ഭാരത് മാതാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ജി ആത്മജ വെള്ളി കരസ്ഥമാക്കി. പുതുശേരി  കൊളയക്കോട് സായി കൃപയിലെ ഗിരിദാസിന്റെയും സുബിതയുടെയും മകളാണ്. 
മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ ആറുപേരാണ് സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അകമ്പാടം സെന്റ് ജോൺസ് സ്കൂളിലെ 10–--ാം ക്ലാസ് വിദ്യാർഥി ദയ കൃഷ്‌ണ റിക്കർവ് ബോയ്സ് ജൂനിയർ വിഭാഗത്തിലും പാലക്കാട് മിഷൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി  ജെ അഞ്ജൻ ഇന്ത്യൻ റൗണ്ട് ജൂനിയർ ബോയ്സ് വിഭാഗത്തിലും വെള്ളി മെഡൽ നേടി. പിഎംജി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി എച്ച് അഭിമന്യു സീനിയർ ബോയ്സ് കോമ്പൗണ്ട് വിഭാഗത്തിൽ വെങ്കലം നേടി. നാലാം സ്ഥാനം ലഭിച്ച മോയൻസ്‌ എച്ച്‌എസ്‌എസിലെ അനഘ വർമയും കേരള സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 
ദ്രോണ അക്കാദമിയിലെ മുനീർ പന്തലിങ്ങലിന്റെ കീഴിലാണ് ആറുപേരും പരിശീലിക്കുന്നത്. സംസ്ഥാന സ്‌കൂൾ ഗെയിംസിൽ 28 പോയിന്റ്‌ നേടി റണ്ണറപ്പായിരുന്നു ജില്ല. 38 പോയിന്റുമായി വയനാടായിരുന്നു ഒന്നാമത്‌. ആറുപേരും ദേശീയ സ്‌കൂൾ ഗെയിംസിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top