22 October Tuesday

പാലാരിവട്ടം മേൽപ്പാലം: അഴിമതിപ്പാലത്തിൽ ഇനിയാര്‌..?

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

കൊച്ചി > പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ ഇനിയാര്‌.  ടി ഒ സൂരജ്‌ ഉൾപ്പെടെ നാല്‌ ഉയർന്ന ഉദ്യോഗസ്ഥരിൽ ഒതുങ്ങുന്നതല്ല കേസ്‌ എന്നു വ്യക്തം.  ഉദ്യോഗസ്ഥരെയും കരാറുകാരനെയും ഉൾപ്പെടെ 17 പേരെ കേസിൽ പ്രതിചേർത്ത വിജിലൻസ്‌, ടി ഒ സൂരജിന്റെ അറസ്‌റ്റിന്‌ ദിവസങ്ങൾമുമ്പ്‌ പൊതുമരാമത്തുമന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെയും മൂന്നുമണിക്കൂറോളം ചോദ്യംചെയ്‌തിരുന്നു. കൂടുതൽ പ്രതികളും അറസ്‌റ്റും ഉണ്ടാകുമെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വൻതോക്കുകൾ പലരും കുടുങ്ങാനുള്ള സാധ്യതയിലേക്ക്‌ ഇത്‌ വിരൽചൂണ്ടുന്നു. മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ്‌ താൻ ചെയ്‌തതെന്ന്‌ കഴിഞ്ഞ ദിവസം ടി ഒ സൂരജ്‌ പറഞ്ഞിരുന്നു.

സംസ്ഥാനം കണ്ട കൊടിയ അഴിമതിയുടെ പിന്നാമ്പുറങ്ങളിലേക്ക്‌ നീളുന്ന വിജിലൻസ്‌ അന്വേഷണം, നിർമാണത്തിന്‌ നേതൃത്വം നൽകിയ നാല്‌ ഉന്നതരുടെ അറസ്‌റ്റിൽ എത്തിനിൽക്കുകയാണ്‌. കരാർ കമ്പനിയായ ആർഡിഎസ്‌ പ്രോജക്‌ട്‌സിന്റെ എംഡി ഒഴികെ അറസ്‌റ്റിലായ മൂവരും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ഉന്നതരാണ്‌. പാലം നിർമാണം ഏറ്റെടുക്കുമ്പോൾ ടി ഒ സൂരജ്‌ സെക്രട്ടറിയായ പൊതുമരാമത്തുവകുപ്പിനെയും ആർബിഡിസികെയെയും നയിച്ചിരുന്നത്‌ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞാണ്‌. മന്ത്രി എന്ന നിലയിൽ ആർബിഡിസികെയുടെ ചെയർമാനായിരുന്നു അദ്ദേഹം.


 

പാലം നിർമാണത്തിന്റെ കൺസൾട്ടന്റായിരുന്ന കിറ്റ്‌കോയാകട്ടെ സംസ്ഥാന സർക്കാരിന്‌ പങ്കാളിത്തമുള്ള സ്ഥാപനവും.   പാലം നിർമാണത്തിന്റെ മറവിൽ അരങ്ങേറിയ പകൽക്കൊള്ളയിൽ പൊതുമരാമത്തുവകുപ്പും ആർബിഡിസികെയും കിറ്റ്‌കോയും വ്യക്തമായ പങ്കുവഹിച്ചെന്ന്‌ മൂവാറ്റുപുഴ കോടതിയിൽ രണ്ടുമാസംമുമ്പ്‌ സമർപ്പിച്ച എഫ്‌ഐആറിൽ വിജിലൻസ്‌ അടിവരയിട്ടിരുന്നു. ടി ഒ സൂരജിന്റെയും രണ്ട്‌ ഉദ്യോഗസ്ഥരുടെയും അറസ്‌റ്റോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുകയാണ്‌ വിജിലൻസ്‌. അഴിമതി ലക്ഷ്യമിട്ട്‌ ഉദ്യോഗസ്ഥർ പങ്കാളികളായ ഗൂഢാലോചനയിൽ അന്നത്തെ രാഷ്‌ട്രീയനേതൃത്വത്തിന്റെ പങ്ക്‌  മറനീങ്ങുന്നു.

കഴിഞ്ഞ 22നാണ്‌ ഇബ്രാഹിംകുഞ്ഞിനെ എറണാകുളത്തെ വിജിലൻസ്‌ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയത്‌. എസ്‌പി വി ജി വിനോദ്‌കുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥൻ ആർ അശോക്‌കുമാറിന്റെയും നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. വീഴ്‌ച മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിലിട്ട്‌ ഒഴിഞ്ഞുമാറാൻ ശ്രമിച്ച ഇബ്രാഹിംകുഞ്ഞിന്‌ പല ചോദ്യങ്ങൾക്കുമുന്നിലും ഉത്തരംമുട്ടി. ദേശീയപാത അതോറിറ്റിയിൽനിന്ന്‌ പാലം നിർമാണം സംസ്ഥാന പൊതുമരാമത്തുവകുപ്പ്‌ ഏറ്റെടുത്തത്‌ എന്തിനെന്ന്‌ ഫലപ്രദമായി വിശദീകരിക്കാൻ അദ്ദേഹത്തിനായില്ല. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിൽ നൽകിയ മൊഴികളൊന്നും മുഖവിലയ്‌ക്കെടുക്കാൻ ആകുന്നതല്ലെന്ന്‌ പിന്നീട്‌ വിജിലൻസ്‌ അധികൃതരുടെ പ്രതികരണത്തിലും വ്യക്തമായിരുന്നു. പറഞ്ഞ കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി കൃത്യമായി പരിശോധിക്കുമെന്നും വീണ്ടും വേണ്ടിവന്നാൽ ചോദ്യംചെയ്യുമെന്നും അവർ പറഞ്ഞു.

ഇബ്രാഹിംകുഞ്ഞ്‌ ചോദ്യംചെയ്യലിന്‌ വിധേയമായി ഒരാഴ്‌ചയ്‌ക്കകം, അദ്ദേഹം മന്ത്രിയായിരുന്ന വകുപ്പിന്റെ തലവനായിരുന്ന ഉദ്യോഗസ്ഥനും അദ്ദേഹം  ചെയർമാനായിരുന്ന സ്ഥാപനത്തിലെ ഉന്നതോദ്യോഗസ്ഥനും അറസ്‌റ്റിലായിരിക്കുന്നു. വികസന പദ്ധതികളിലെ അഴിമതി അന്വേഷണത്തിൽ ഇതൊരു ചരിത്രംതന്നെയാണ്‌. അന്വേഷണം തുടങ്ങിയപ്പോൾമുതൽ യുഡിഎഫ്‌ നേതൃത്വത്തിലുണ്ടായ അങ്കലാപ്പ്‌ അതെവിടേക്കെല്ലാം എത്തുമെന്നതിന്റെ സൂചന നൽകിയിരുന്നു. അത്തരം പരസ്യപ്രതിഷേധങ്ങളൊന്നും വിജിലൻസിന്റെ വഴിമുടക്കില്ലെന്ന്‌ നാലുപേരുടെ അറസ്‌റ്റോടെ വ്യക്തമായി കഴിഞ്ഞു.
 


പ്രധാന വാർത്തകൾ
 Top