11 December Wednesday
കാട്ടാനയെ കണ്ട്‌ ഭയന്നോടി വഴിതെറ്റി, രാത്രി തങ്ങിയത്‌ പാറക്കെട്ടിനുമുകളിൽ ,കണ്ടെത്തിയത്‌ ആറുകിലോമീറ്റർ അകലെനിന്ന്

ഭീതിയുടെ രാവുതാണ്ടി അവർ സ്‌നേഹവലയത്തിൽ

സ്വന്തം ലേഖകൻUpdated: Friday Nov 29, 2024

വനത്തിനുള്ളിൽ കുടുങ്ങിയ മായ, ഡാർലി, പാറുക്കുട്ടി എന്നിവരെ ദൗത്യസംഘം തിരികെ എത്തിച്ചപ്പോൾ മായയുടെ ഭർത്താവ്‌ ജയനും ആന്റണി ജോൺ എംഎൽഎയും നാട്ടുകാരും ആശ്വസിപ്പിക്കുന്നു

 

കോതമംഗലം
ഭക്ഷണവും കുടിവെള്ളവുമില്ലാതെ രാത്രിമുഴുവൻ കാട്ടിനകത്തൊരു പാറപ്പുറത്ത്‌ ഉറങ്ങാതെ കഴിച്ചുകൂട്ടി, അവർ. ചുറ്റിലും കൂരിരുട്ടും കാട്ടാനകളുടെ ചിന്നംവിളിയും വന്യജീവികളുടെ പേടിപ്പെടുത്തുന്ന ശബ്ദങ്ങളും. എങ്ങനെയെങ്കിലും നേരംവെളുത്താൽ വഴി കണ്ടുപിടിക്കാമെന്നും തിരികെ നാടെത്താമെന്നുമായിരുന്നു പ്രതീക്ഷ. ഏക ആശ്വാസമോ, വഴിതെറ്റിയപ്പോൾ ഒറ്റയ്ക്കായില്ല, മൂന്നുപേരും ഒരുമിച്ചായിരുന്നു എന്നതും.

വനത്തിനുള്ളിൽ കുടുങ്ങിയ കുട്ടമ്പുഴ അട്ടിക്കുളം സ്വദേശികളായ മൂന്ന്‌ സ്ത്രീകളെയാണ്‌ നാട്ടുകാരും അധികൃതരും ചേർന്ന്‌ രാവും പകലും നടത്തിയ തിരച്ചിലിനൊടുവിൽ സുരക്ഷിതരായി തിരികെയെത്തിച്ചത്‌. ബുധനാഴ്ച കാണാതായ പശുവിനെ തേടി വ്യാഴം പകൽ മൂന്നിന്‌ കാട്ടിലേക്ക്‌ പോയതാണ്‌, പുത്തൻപുര ഡാർലി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവർ. വൈകിട്ട് 5.30ന് ഫോണിൽ വിളിച്ചവരോട്‌ വഴിതെറ്റി അലയുന്ന വിവരം പറഞ്ഞു. പിന്നീട്‌ ഫോൺബന്ധവും നിലച്ചു.

നാട്ടുകാരും വനപാലകരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ തുടങ്ങി. ആന്റണി ജോൺ എംഎൽഎ അറിയിച്ചതനുസരിച്ച്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതോടെ തിരച്ചിലിന്‌ വേഗമേറി. കാട്ടിനുള്ളിൽ ആറു കിലോമീറ്റർ അകലെ അറക്കമുത്തി വനാന്തരത്തിലെ പാറക്കെട്ടിലാണ്‌ വെള്ളി രാവിലെ 7.30ന്‌ ഇവരെ കണ്ടെത്തിയത്.

പശുവിനെ തേടി കാട്ടിൽ നടക്കുമ്പോൾ ആനയെ കണ്ട് ഭയന്നോടി വഴിതെറ്റിയതാണെന്ന്‌ മൂവരും പറഞ്ഞു. രാത്രി രണ്ടുവരെ സമീപപ്രദേശങ്ങളിൽ ആനയുണ്ടായിരുന്നു. എല്ലാവരുംചേർന്ന്‌ തിരഞ്ഞ്‌ വരുമെന്ന്‌ കരുതിയില്ലെന്നും അവർ പറഞ്ഞു. മൂന്നുപേർക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന്‌ ഡിഎഫ്ഒ കുറ ശ്രീനിവാസ് പറഞ്ഞു.

മന്ത്രിയുടെ അതിവേഗ ഇടപെടൽ, 
നടന്നത്‌ സമാനതകളില്ലാത്ത പരിശോധന
വനത്തിൽ മൂന്ന്‌ സ്‌ത്രീകളെ കാണാതായ വിവരം അറിഞ്ഞയുടൻ വനംമന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതോടെ കുട്ടമ്പുഴ കണ്ടത്‌ സമാനതകളില്ലാത്ത പരിശോധന. വനംവകുപ്പും നാട്ടുകാരും അഗ്നി രക്ഷാസേനയും രംഗത്തെത്തി. ഉൾക്കാടായതിനാൽ വാഹനം കൊണ്ടുപോകാനാകില്ല. കല്ലും മുള്ളും നിറഞ്ഞ വനപാതയിലെ തിരച്ചിൽ കഠിനമായിരുന്നു. പലർക്കും തോട്ടപ്പുഴുവിന്റെ കടിയേറ്റു.

ആന്റണി ജോൺ എംഎൽഎ വിവരം അറിയിച്ചതിനുപിന്നാലെ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതോടെ രാത്രിതന്നെ നാൽപ്പതോളംപേർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കാടിന്റെ ആറു കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിൽ ഫലംകാണാതെ വന്നതോടെ രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കാൻ കലക്ടർക്ക് മന്ത്രി വീണ്ടും നിർദേശം നൽകി. രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘമാണ് ഇവരെ കണ്ടെത്തിയത്. വനത്തിൽനിന്ന്‌ സ്ത്രീകളുമായി തിരിച്ച രക്ഷാസംഘം ഒരുമണിക്കൂർകൊണ്ട് നടന്നാണ്‌ പുറത്തെത്തിയത്‌.

കാണാതായ മായയുമായി വ്യാഴം വൈകിട്ടുവരെ ഭർത്താവ് ജയൻ ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീർന്ന്‌ മൊബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ അറിയിച്ചു. പിന്നീട് ഒരു വിവരവും ലഭ്യമായിരുന്നില്ല.  മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, കുട്ടമ്പുഴ പൊലീസ്‌ ഇൻസ്‌പെക്ടർ പി എ ഫൈസൽ, കോതമംഗലം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

 

അഭയമായത്‌ വീടിന്റെ വലിപ്പമുള്ള പാറ
‘വനത്തിനകത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ വലിപ്പമുള്ള വലിയ പാറയുടെ മുകളിലാണ്‌’–- കുട്ടമ്പുഴയിലെ വനത്തിൽനിന്ന് പുറത്തെത്തിയ പാറുക്കുട്ടി പറഞ്ഞു. ‘വഴിതെറ്റിയാണ് ഞങ്ങൾ വനത്തിൽ അകപ്പെട്ടത്‌. രാത്രി തീരെ ഉറങ്ങിയില്ല’–- ഭീതി നിറഞ്ഞ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ പാറുക്കുട്ടിയുടെ കണ്ണുകളിൽ നടുക്കം.

അടുത്തിരിക്കുന്നയാളെപ്പോലും കാണാനാകാത്തത്ര കൂരിരുട്ടായിരുന്നു. ചെക്ക്ഡാംവരെ വഴി തെറ്റാതെയാണ്‌ വന്നത്. അതു കഴിഞ്ഞപ്പോൾ വഴിതെറ്റി. മുന്നോട്ടുപോകേണ്ടതിനുപകരം പുറകോട്ട് പോയി. ആന നടന്ന വഴിച്ചാലാണ്. അങ്ങനെയാണ് വനത്തിൽ അകപ്പെട്ടത്. രാത്രി കണ്ണുചിമ്മാനായില്ല. ആനയെ കണ്ട് ചിതറിയോടി ആദ്യം അഭയം തേടിയത്‌ ഒരു മരപ്പൊത്തിലായിരുന്നു. പിന്നീട്‌ പാറയുടെ മുകളിൽ കയറി.

‘പുലർച്ചെ 2.30 വരെ ആനക്കൂട്ടം സമീപത്തുണ്ടായിരുന്നു. എന്നാൽ, ഉപദ്രവിക്കാൻ ശ്രമിച്ചില്ല. എവിടെനിന്ന് ആന വന്നാലും ഞങ്ങളെ പിടിക്കാനാകില്ല. കൊമ്പുകൊണ്ട്‌ കുത്തി കയറിയാലും ഞങ്ങൾക്ക്‌ ഒഴിഞ്ഞുമാറാനുള്ള സൗകര്യമുണ്ടായിരുന്നു. ആന വന്നുകഴിഞ്ഞാൽ വലിയ പാറക്കൂട്ടത്തിനുമുകളിൽ കയറിയാൽ രക്ഷപ്പെടാമെന്ന്‌ ആദിവാസികൾ മുമ്പ്‌ നൽകിയ ഉപദേശവും തുണയായി’–- പാറുക്കുട്ടി പറഞ്ഞു.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top