28 November Saturday

മുന്നോക്ക സംവരണം : ലീഗ്‌‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിക്കുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

തിരുവനന്തപുരം
മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ പത്ത്‌ ശതമാനം സംവരണമേർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനെ വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും ഉപയോഗിക്കുന്നത്‌ അപലപനീയമെന്ന്‌‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

മുസ്ലിംലീഗ്‌ ഉൾപ്പെടുന്ന യുഡിഎഫ് 2011ലെ പ്രകടനപത്രികയിൽ മുന്നോക്ക സംവരണം ഉൾപ്പെടുത്തി. എന്നാൽ, ഇപ്പോൾ വർഗ്ഗീയ ധ്രുവീകരണത്തിനായി മുസ്ലീംലീഗ്‌, ജമാ-അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌ തിരിച്ചറിയണം.

നിലവിലെ ആനുകൂല്യങ്ങളിൽ കുറവ് വരുത്താതെയാണ്‌ മുന്നോക്ക സംവരണം നടപ്പാക്കുന്നത്‌. ഭരണഘടനാ ഭേദഗതിയോടെ സംവരണം 60 ശതമാനമായി. 50 ശതമാനം നിലവിലെ സംവരണ വിഭാഗങ്ങൾക്കും 10 ശതമാനം മുന്നോക്ക വിഭാഗങ്ങൾക്കും. ഈ രീതി നടപ്പാക്കുമ്പോൾ നിലവിലെ സംവരണാനുകൂല്യത്തിൽ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സംസ്ഥാനസർക്കാർ പുലർത്തും.

സംവരണപ്രശ്‌നത്തിൽ സിപിഐ എമ്മിന്‌ വ്യക്തമായ നിലപാടുണ്ട്‌. പിന്നോക്കക്കാരിലെ സംവരണത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക്‌ മുൻഗണന നൽകണമെന്ന നിലപാട്‌ സിപിഐ എം ആദ്യമേ സ്വീകരിച്ചിരുന്നു. ക്രീമിലെയർ വിഭാഗത്തിൽപ്പെടാത്തവർ ഇല്ലെങ്കിൽ അതേ വിഭാഗത്തിൽപ്പെട്ട ക്രീമിലെയറുകാരെയും പരിഗണിക്കാൻ ആവശ്യമായ ഭരണഘടന ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു. മുതലാളിത്ത നയം നടപ്പാക്കുന്നതിന്റെകൂടി ഭാഗമായി മുന്നോക്കക്കാരിൽത്തന്നെ സാമ്പത്തികമായി പിന്നോക്കം തള്ളപ്പെട്ട വലിയൊരു വിഭാഗം സൃഷ്ടിക്കപ്പെട്ടു‌. അവർക്ക്‌ പത്തുശതമാനം സംവരണം നൽകാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാർടി ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ എൽഡിഎഫ്‌  മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക്‌ സംവരണമെന്ന നിലപാട്‌ പ്രഖ്യാപിച്ചിരുന്നു. ആ കാഴ്‌ചപ്പാടിന്‌ അനുസൃതമായാണ്‌ ഭരണഘടനാ ഭേദഗതി പാർലമെന്റ്‌ പാസാക്കിയതെന്നും സെക്രട്ടറിയറ്റ്‌ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top