28 November Saturday

തലതിരിഞ്ഞ്‌ കേരളത്തിലെ കോൺഗ്രസ്‌ ; ഹൈക്കമാൻഡിന്‌ കടുത്ത അമർഷം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


ന്യൂഡൽഹി
എൽഡിഎഫ്‌ സർക്കാരിനെ എതിർക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ നിലപാടുകൾ സ്വീകരിച്ച്‌ ദേശീയതലത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന കേരളത്തിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡിന്‌ കടുത്ത അമർഷം.

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പരസ്യമായി തള്ളിപ്പറഞ്ഞും ബിജെപിയുടെ വർഗീയപ്രചാരണത്തിന്‌ എരിവ്‌പകർന്ന്‌ ന്യൂനപക്ഷ വർഗീയ പാർടികളുമായി ചങ്ങാത്തം ഉണ്ടാക്കിയും ദേശീയ നേതൃത്വത്തിന്‌ തലവേദന സൃഷ്ടിക്കുന്ന നേതാക്കളുടെ പേരിൽ നടപടി വേണമെന്നാണ്‌ ആവശ്യം. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയോട്‌ വിശദീകരണം ചോദിക്കാൻ വരെ ആലോചന നടന്നു. ഉചിതമായ സാഹചര്യത്തിൽ പ്രതികരിക്കാമെന്ന്‌‌ ഒടുവിൽ തീരുമാനിച്ചു‌.

ബിഹാറിൽ നിർണായക തെരഞ്ഞെടുപ്പ്‌ നടക്കുന്ന സന്ദർഭത്തിലാണ്‌ കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടി, പോപ്പുലർ ഫ്രണ്ടിന്റെ എസ്‌ഡിപിഐ എന്നിവയുമായി കോൺഗ്രസ്‌ കൂട്ടുചേരുന്നത്‌. ‌ബിഹാറിൽ  മുസ്ലിംലീഗ്‌ കോൺഗ്രസിനെ സഹായിക്കാതെ മറ്റൊരു സഖ്യത്തിലാണ്‌. കോൺഗ്രസ്‌ അടക്കം വോട്ടുചെയ്‌ത്‌ നിയമമാക്കിയ സംവരണം വിഷയത്തിൽ കേരളത്തിൽ ലീഗിന്‌ വഴങ്ങിയതും ദേശീയതലത്തിൽ പ്രതിസന്ധിയാകുന്നു.

ബിജെപിക്ക്‌ എതിരെ രംഗത്തുവരുന്ന കോൺഗ്രസ്‌ നേതാക്കളെ ഒന്നടങ്കം  അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ മോഡിസർക്കാർ വേട്ടയാടുകയാണെന്ന്‌ സോണിയ ഗാന്ധി പറഞ്ഞതിനെ  പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല നിസ്സാരവൽക്കരിച്ചു‌ ‌. രാഹുൽ ഗാന്ധി വയനാട്‌ സന്ദർശിക്കവെ കേന്ദ്ര ഏജൻസികളുടെ നടപടികളെ വിമർശിച്ചതിൽ‌ രോഷത്തോടെയാണ്‌ ചെന്നിത്തല പ്രതികരിച്ചത്‌. കേരളത്തിലെ കാര്യങ്ങൾ തീരുമാനിക്കാൻ തങ്ങളുണ്ടെന്ന ചെന്നിത്തലയുടെ പ്രസ്‌താവന ഹൈക്കമാൻഡിനെ ഞെട്ടിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വയനാട്ടിലേ‌ക്ക്‌ വലിച്ചിഴച്ചതിലൂടെ  ഉത്തരേന്ത്യയിൽ വൻതിരിച്ചടിയുണ്ടാക്കിയ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾക്ക്‌ എതിരെ നേരത്തെ അമർഷമുണ്ട്‌. അതിനിടെയാണ്‌ പുതിയ പ്രതിസന്ധി‌. രാജ്യത്ത്‌ എന്താണ്‌ നടക്കുന്നതെന്ന്‌ തിരിച്ചറിയാതിരിക്കുകയോ അല്ലെങ്കിൽ അങ്ങനെ നടിക്കുകയോ ചെയ്യുന്നവരാണ്‌ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളിൽ പലരുമെന്നാണ്‌ ഹൈക്കമാൻഡ്‌ വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top