23 September Wednesday
സഭാസമ്മേളനം മാറ്റാൻ സമ്മതിച്ചു

മാറ്റിപ്പറയുന്നത്‌ പ്രതിപക്ഷ നേതാവിന്‌ ചേർന്നതല്ല: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


തിരുവനന്തപുരം
നിയമസഭാ സമ്മേളനം മാറ്റിവയ്‌ക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവിന്റെ അഭിപ്രായപ്രകടനം അനുചിതവും ദൗർഭാഗ്യകരവുമാണെന്ന്‌ മന്ത്രി എ കെ ബാലൻ. സമ്മേളനം നിശ്ചയിച്ച സമയത്തെ സാഹചര്യമല്ല ഇപ്പോൾ.
തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ആരോഗ്യരംഗത്തുള്ളവർ അടക്കം ചൂണ്ടിക്കാണിച്ചതോടെ പാർലമെന്ററികാര്യ മന്ത്രി എന്ന നിലയിൽ പ്രതിപക്ഷ നേതാവുമായി നാലു പ്രാവശ്യവും ഉപനേതാവുമായി ഒരു പ്രാവശ്യവും സംസാരിച്ചു.  കാര്യങ്ങൾ ബോധ്യപ്പെടുത്തി.

നിയമസഭ ചേരേണ്ട എന്നാണ് സർക്കാർ തീരുമാനമെങ്കിൽ വിയോജിക്കുന്നില്ല എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌. ഇക്കാര്യം രാഷ്ട്രീയ വിവാദമാക്കാൻ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ല. എന്നാൽ, അടിയന്തര പ്രമേയത്തിൽ ഉറച്ചുനിൽക്കും. ഇതേ തുടർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനോട് സംസാരിച്ച് ധാരണയിൽ എത്തി. എന്നാൽ, ആ നിലപാടിന് വിരുദ്ധമായാണ് പ്രതിപക്ഷനേതാവ് ഇപ്പോൾ പ്രതികരിക്കുന്നത്. ധാരണയിലെത്തിയ കാര്യം മാറ്റിപ്പറയുന്നത് പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യതയ്ക്ക് ചേർന്നതല്ല.

രോഗവ്യാപനമുള്ള പ്രദേശങ്ങളിൽനിന്നടക്കമാണ്‌ എംഎൽഎമാർ സമ്മേളനത്തിനു എത്തേണ്ടത്. റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട 60 വയസ്സിനു മുകളിലുള്ള 72 പേരും 70 വയസ്സിനുമുകളിലുള്ള 31 പേരും എംഎൽഎമാരായുണ്ട്. നിരവധി രോഗങ്ങളുള്ളവരുമുണ്ട്‌. സഭയിലെ അന്തരീക്ഷം വിമാനത്തിനുള്ളിലേതിന് തുല്യമാണ്. പോസിറ്റീവ് കേസ്‌ വന്നാൽ വൈറസ് വ്യാപനം വേഗത്തിലാകും. മാത്രമല്ല, മാനദണ്ഡം ലംഘിച്ച് എംഎൽഎമാർ തന്നെ ഒത്തുചേരുന്നതിൽ വിമർശനവും ഉയരാം. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രതിസ്ഥാനത്താകും. ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് സഭ മാറ്റാൻ തീരുമാനിച്ചതെന്നും എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top