27 September Sunday

കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി; യുഡിഎഫ്‌ ‐ ബിജെപി നയതന്ത്രത്തിന്‌‌ കോവിഡും ബാധകമല്ല

കെ ശ്രീകണ‌്ഠൻUpdated: Friday Jul 24, 2020


കുതിച്ചുയരുന്ന കോവിഡ്‌ രോഗബാധയും സ്വർണക്കടത്തിൽ കരിനിഴലിലായ അനുയായി വൃന്ദവും യുഡിഎഫിനെയും ബിജെപിയെയും തെല്ലുപോലും അലട്ടുന്നില്ല. സംസ്ഥാന സർക്കാരിനെ എങ്ങനെയും സംശയമുനയിൽ തളയ്‌ക്കണമെന്നതാണ്‌ ഇരുക്കൂട്ടർക്കുമിടയിൽ ഉരുത്തിരിഞ്ഞ പൊതു നയതന്ത്രം. 

രമേശ്‌ ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെയെല്ലാം ഉള്ള്‌ കലങ്ങിമറിയുന്നത്‌ എൽഡിഎഫിന്റെ ഭരണത്തുടർച്ച ഓർത്താണ്‌. എന്ത്‌ വില കൊടുത്തും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുവരെ പരസ്‌പരം കൈകോർത്ത്‌ സർക്കാരിനെ വേട്ടയാടുക എന്നതാണ്‌ ഇവരുടെ ഉദ്ദേശം. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി എന്ന്‌ തോന്നിപ്പിക്കുംവിധമാണ്‌ ചെന്നിത്തലയും കെ സുരേന്ദ്രനും നിത്യേന നെറികേട്‌ പറഞ്ഞ്‌ രംഗത്ത്‌ വരുന്നത്‌. അണികളുടെ മനോവികാരം എൽഡിഎഫിനെതിരായ ഏക ബിന്ദുവിലേക്ക്‌ ആവാഹിച്ച്‌ തറയൊരുക്കാൻ  കരുതലോടെയുള്ള നീക്കം. ഇതിനുമുമ്പ്‌ പലകുറി പരീക്ഷിച്ച മ്ലേച്ഛമായ രാഷ്‌ട്രീയ ഐക്യനിരയിലേക്ക്‌ കേരള രാഷ്‌ട്രീയത്തെ ഒരിക്കൽക്കൂടി ആനയിക്കാനുള്ള ദൗത്യമാണ്‌ യുഡിഎഫിനും ബിജെപിക്കും ഇടയിൽ രൂപപ്പെട്ടിരിക്കുന്നത്‌. കോവിഡ്‌ പ്രതിരോധം താളം തെറ്റിക്കുന്നതുമുതൽ സ്വർണക്കടത്തിൽവരെയുള്ള പടയൊരുക്കം ഇതിന്റെ പ്രകടമായ തെളിവാണ്‌.

എം ശിവശങ്കറിനെ കസ്റ്റംസിനു പിന്നാലെ എൻഐഎയും ചോദ്യം ചെയ്‌തെങ്കിലും സ്വർണക്കടത്തിൽ നേരിട്ട്‌ ബന്ധിപ്പിക്കാവുന്ന എന്തെങ്കിലും സൂചന ലഭിച്ചോയെന്ന്‌ വ്യക്തമായ സൂചന പുറത്തുവന്നിട്ടില്ല. ശിവശങ്കറിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ അന്വേഷണ ഏജൻസികൾ ഓടിക്കയറുമെന്ന പലരുടെയും പ്രതീക്ഷയാണ്‌ മങ്ങുന്നത്‌. ഇതിന്‌ മറയിടാനാണ്‌ സർക്കാർ വിരുദ്ധത മുഖമുദ്രയാക്കിയ ചില മാധ്യമങ്ങളുടെ പിന്തുണയോടെ പുതിയ വിവാദങ്ങൾക്ക്‌ തിരികൊളുത്തിയത്‌. 

മാസങ്ങൾക്കുമുമ്പ്‌ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവിയുടെ സ്വിച്ച്‌ മാറ്റിയതുവരെ ചിലർക്ക്‌ പിടിവള്ളിയായി.എൻഐഎ സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണം തുടങ്ങിയിട്ട്‌ രണ്ടാഴ്‌ച പിന്നിട്ടു. അന്വേഷണം നിർണായക ദിശയിലേക്ക്‌ കടന്നപ്പോൾ വലയിലായവരിലേറെയും യുഡിഎഫുമായും ബിജെപിയുമായും ബന്ധമുള്ളവരാണ്‌. ഉന്നത യുഡിഎഫ്‌, ബിജെപി നേതാക്കളുടെ അനധികൃത സമ്പത്തിലേക്കും വാതിൽ തുറന്നിരിക്കുകയാണ്‌. തങ്ങൾക്കുനേരെ തുറിച്ചുനോക്കുന്ന ഈ കാഴ്‌ച മറയ്‌ക്കാനാണ്‌ ചെന്നിത്തലയും സുരേന്ദ്രനും മറ്റും കിണഞ്ഞ്‌ ശ്രമിക്കുന്നത്‌. എൻഐഎ വിട്ടുവിഴ്‌ചയില്ലാതെ അന്വേഷിക്കണമെന്നുതന്നെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എമ്മും തുടക്കംമുതൽ എടുത്ത നിലപാട്‌. ഒന്നും മറച്ചുവയ്‌ക്കാനില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻതന്നെ അടിവരയിട്ട്‌ വ്യക്തമാക്കിയതുമാണ്‌. എം ശിവശങ്കറിൽനിന്ന്‌ എൻഐഎ മൊഴി എടുത്തുകൊണ്ടിരിക്കുമ്പോഴും ‘എൻഐഎ അവരുടെ വഴിക്ക്‌ സഞ്ചരിക്കട്ടെ, എവിടെ വേണമെങ്കിലും എത്തട്ടെ’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വർധിതമായ ആത്മവിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ്‌. മുഖ്യമന്ത്രിയുടെ ഈ നിലപാടാണ്‌ യുഡിഎഫിന്റെയും ബിജെപിയുടെയും സ്വസ്ഥത കെടുത്തുന്നതും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top