29 February Saturday

മലനാടിന്റെ മനംനിറച്ച്‌ മെഗാ പട്ടയമേള

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


കട്ടപ്പന
അണമുറിഞ്ഞ ആഹ്ലാദത്തിന്റെ പ്രവാഹമായി കുടിയേറ്റ കർഷകരുടെ മണ്ണിലെ മെഗാ പട്ടയമേള. ഇടുക്കി ജില്ലാ മെഗാ പട്ടയമേള കട്ടപ്പന സെന്റ്‌ ജോർജ്‌ പള്ളി പാരിഷ്‌ ഹാളിൽ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി എം എം മണി അധ്യക്ഷനായി. 

കോഴിമല സെറ്റിൽമെന്റ് കോളനിക്കുള്ള വനവിഭവ ശേഖരണ അവകാശരേഖ രാജപ്പൻ വാഴേപ്പറമ്പിലിന് മന്ത്രി കൈമാറി. തുടർന്ന്‌ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നെത്തിയ നൂറോളംപേർക്ക്‌ മന്ത്രി പട്ടയം കൈമാറി. വസ്തുവിന്റെ സ്കെച്ച്‌ സഹിതമാണ്‌ ഇത്തവണ പട്ടയം നൽകിയത്‌.

ഈ സർക്കാർ നടത്തുന്ന നാലാമത് പട്ടയമേളയിൽ ജില്ലയിലെ 11 റവന്യു ഓഫീസുകളിൽ നിന്നായി ഉപാധികളില്ലാതെ 8,101 പട്ടയമാണ് വിതരണംചെയ്തത്. കഴിഞ്ഞ മൂന്ന് പട്ടയമേളകളിൽ വിതരണം ചെയ്തതുകൂടി ചേർത്ത് 28,520 പട്ടയം ഇതുവരെ ജില്ലയിൽ നൽകി.  പ്രളയബാധിതർക്കായി ഭൂമി സൗജന്യമായി വിട്ടുനൽകിയവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. 

ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. റോഷി അഗസ്റ്റിൻ എംഎൽഎ സ്വാഗതം പറഞ്ഞു. കലക്ടർ എച്ച് ദിനേശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഇ എസ് ബിജിമോൾ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവർ പങ്കെടുത്തു. യോഗത്തിന്‌ മുമ്പായി ആദിവാസി ഗോത്രകലാരൂപമായ മന്നാൻകൂത്ത് കോഴിമല കോളനിയിൽ നിന്നെത്തിയ കലാകാരന്മാർ അവതരിപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top