05 July Sunday

ബിജെപി വാദങ്ങളെ പിന്തുണച്ച്‌ കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ മുഹമ്മദ്‌

ജോബിൻസ്‌ ഐസക്‌Updated: Saturday Jan 25, 2020


മലപ്പുറം
പൗരത്വ ബില്ലിനെതിരായ സമരം പരിധി കടക്കാതിരിക്കണമെന്ന്‌ ആവർത്തിച്ച്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ മുഹമ്മദ്‌.  മുസ്ലിംമതവിശ്വാസികൾ രാജ്യത്തിന് പുറത്തേക്ക് പോകേണ്ടിവരുമെന്ന രീതിയിലുള്ള പ്രചാരണം പ്രതിഷേധാർഹമാണെന്നും ബിജെപി മുഖപത്രമായ ജന്മഭൂമിക്ക്‌ നൽകിയ അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞു.  സമരം അതിരുവിടരുതെന്ന് അണികളോട് ആവശ്യപ്പെടുന്ന ആര്യാടന്റെ പ്രസംഗം നേരത്തെ വിവാദമായിരുന്നു. അതിനിടെയാണ്‌ ബിജെപി പത്രത്തിൽതന്നെ നിലപാട് ആവർത്തിക്കുന്നത്‌. 

പൗരത്വം നൽകുന്നതിൽനിന്ന് അഭയാർഥികളായ മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് ചോദ്യംചെയ്യപ്പെടേണ്ടത്. അതിനുപകരം നിലവിലെ പൗരന്മാരെയടക്കം ആശങ്കയിലേക്ക് തള്ളിവിടുന്ന രീതിയിൽ അസത്യങ്ങൾ പ്രചരിപ്പിക്കുന്നതാണ് പ്രശ്‌നം.  സത്യം തിരിച്ചറിയുമ്പോൾ ഇത്രയുംനാൾ കള്ളം പറഞ്ഞവരെ ഈ ജനസമൂഹം തള്ളിപ്പറയും–- ആര്യാടൻ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയിലെ അപാകത്തേക്കാൾ മുസ്ലിംലീഗ് ഭയക്കുന്നത് അവരുടെ പരമ്പരാഗത വോട്ടുകൾ തീവ്രവാദ സംഘടനകൾ കൈക്കലാക്കുമോയെന്ന കാര്യത്തിലാണെന്നും തുറന്നടിച്ചു.  മുസ്ലിങ്ങളുടെ സംരക്ഷകർ എക്കാലവും തങ്ങൾ തന്നെയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വേഗം സുപ്രീംകോടതിയെ സമീപിച്ചതും മറ്റും. സിപിഐ എമ്മിന്റെ ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്‌. അഭയം തേടിയെത്തുന്നവർക്കെല്ലാം പരിശോധനകൾക്കുശേഷം പൗരത്വം നൽകണം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമടക്കം എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽമാത്രമേ സമരം വിജയിക്കൂ.

എസ്ഡിപിഐ, വെൽഫെയർ പാർടികൾ പൗരത്വസമരം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. സംഘടിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ബിജെപിക്ക് മാത്രം അത് നിഷേധിക്കുന്നത് മര്യാദകേടാണ്. തിരൂരിൽ ബിജെപി യോഗം നടത്തിയപ്പോൾ ഹർത്താൽ ആചരിച്ചത് അംഗീകരിക്കാനാവില്ല.  സമരങ്ങൾക്കിടയിൽ നുഴഞ്ഞുകയറുന്ന വർഗീയശക്തികൾ മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല.

മലബാർ കലാപത്തെ കർഷക പ്രക്ഷോഭമായി വിലയിരുത്തി പിന്തുണച്ച സിപിഐ എമ്മിനെയും ആര്യാടൻ വിമർശിക്കുന്നു. മലബാർ കലാപം വർഗീയ ലഹളയാണെന്ന ബ്രിട്ടീഷ്‌–- സംഘപരിവാർ വാദത്തെ  പിന്തുണയ്‌ക്കുകയാണ്‌ അദ്ദേഹം.  അക്രമങ്ങളെ മഹത്വവൽക്കരിക്കുന്ന രീതി സിപിഐ എം ഇപ്പോഴും പിന്തുടരുകയാണെന്നും ആര്യാടൻ ആരോപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top