25 August Sunday

നെടുങ്കണ്ടം കസ്റ്റഡി മരണം പൈശാചിക കൃത്യം: സർക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019


നെടുങ്കണ്ടത്ത് രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചത് പൈശാചികസംഭവമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. വിഷയം ഗൗരവത്തിലെടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായും സർക്കാർ വ്യക്തമാക്കി. അന്വേഷണം സിബിഐക്ക് വിടണമെന്ന‌് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി രാജാ വിജയരാഘവൻ പരിഗണിച്ചത്.

എറണാകുളം റേഞ്ച് ഐജിയും ക്രൈംബ്രാഞ്ച് കോട്ടയം എസ‌്‌പിയുമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതെന്ന് സീനിയർ ഗവ. പ്ലീഡർ സി കെ സുരേഷ് അറിയിച്ചു. രണ്ട‌് ഡിവൈഎസ‌്‌പിമാരും സിഐമാരും സംഘത്തിലുണ്ട്. നല്ല രീതിയിൽ അന്വേഷണം പുരോഗമിക്കുന്നു. സർക്കാരിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്ന് കുറ്റവാളികൾക്ക് ഒരു ഇളവും ലഭിക്കില്ല. നേരിട്ടും അല്ലാതെയും ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരും. ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്നും സി കെ സുരേഷ് അഭ്യർഥിച്ചു. ഇത് കോടതി അനുവദിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല: രാജ‌്കുമാറിന്റെ ഭാര്യ
രാജ‌്കുമാറിന്റെ കസ‌്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന‌് ഭാര്യ വിജയ. മുഖ്യമന്ത്രിക്ക‌് നൽകിയ പരാതിയിൽ ശക്തമായ നടപടി സ്വീകരിച്ചതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ല. മരണശേഷം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അഭിഭാഷകൻ പേപ്പറുകൾ ഒപ്പ‌ിട്ടുവാങ്ങിയിരുന്നു. എന്നാൽ, സിബിഐ അന്വേഷണ ആവശ്യം തന്റെ അറിവോടെയല്ല കോടതിയിൽ ഉന്നയിച്ചത്.

സർക്കാർ നടപടിയിൽ പൂർണതൃപ്തിയുണ്ട്. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന‌് ജുഡീഷ്യൽ കമീഷൻ പറഞ്ഞതിനോട് യോജിക്കുന്നതായും വിജയ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top