21 October Wednesday

പരീക്ഷാനടത്തിപ്പിന്‌ കർശന സുരക്ഷ , യാത്രാസൗകര്യമുണ്ടാകും ; സർവകലാശാല പരീക്ഷ ജൂൺ ആദ്യവാരം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


തിരുവനന്തപുരം
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയെഴുതാനുള്ള മുഴുവൻ വിദ്യാർഥികൾക്കും സ്‌കൂളിലേക്ക്‌ വരാനും തിരിച്ചുപോകാനുമുള്ള ഗതാഗതസൗകര്യം  അധികൃതർ ഉറപ്പാക്കും.  ക്ലാസ്‌ ടീച്ചർമാർ വിദ്യാർഥികളെ ഫോണിൽ വിളിക്കും. ‌  പരീക്ഷയെഴുതാൻ എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട്‌ പരിഹരിക്കും. പൊതുവാഹനങ്ങൾക്കും സ്കൂൾബസിനുമൊപ്പം തദ്ദേശസ്ഥാപനങ്ങളുടെയും പട്ടികജാതി–-വർഗ വകുപ്പിന്റെയും സേവനം പ്രയോജനപ്പെടുത്താം.  മറ്റ്‌ വാഹനങ്ങൾ ഏർപ്പാടാക്കാൻ സ്‌കൂളിന്റെ സ്‌പെഷ്യൽ ഫീ, പിടിഎ ഫണ്ട്‌ എന്നിവയിൽനിന്ന്‌ പണം ചെലവാക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകി. പതിമൂന്ന് ലക്ഷത്തോളം കുട്ടികളാണ് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്‌സി പരീക്ഷ എഴുതുന്നത്‌. അടച്ചുപൂട്ടൽ കാരണം മുടങ്ങിയ പരീക്ഷകൾ 26 മുതൽ 30വരെയാണ്‌ നടക്കുന്നത്‌.

പ്രധാന നിർദേശങ്ങൾ
പരീക്ഷാനടത്തിപ്പിനുള്ള മാർഗനിർദേശവും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചു. പരീക്ഷാദിവസങ്ങളിൽ രാവിലെയും ഉച്ചയ്‌ക്കും ബെഞ്ചും ഡെസ്‌കും അണുവിമുക്തമാക്കും. പരീക്ഷാകേന്ദ്രത്തിലേക്ക്‌ പ്രധാനകവാടത്തിലൂടെമാത്രമേ കടത്തിവിടൂ. കൂട്ടംകൂടാൻ അനുവദിക്കില്ല. 500 കുട്ടികൾക്ക്‌ ഒന്ന്‌ എന്ന കണക്കിൽ പരീക്ഷാകേന്ദ്രങ്ങളിൽ തെർമൽ സ്കാനർ എത്തിക്കും. സാനിറ്റൈസർ, മാസ്ക് എന്നിവയും സജ്ജമാക്കും. പരമാവധി 20 പേരെമാത്രമേ ഒരു മുറിയിൽ പരീക്ഷയ്‌ക്കിരുത്തൂ. പരീക്ഷാഹാളുകൾ കൂടുമ്പോൾ ഇൻവിജിലേറ്റർമാരെ അധികം വേണ്ടിവന്നാൽ പ്രൈമറി അധ്യാപകർ ഉൾപ്പെടെയുള്ളവരെ നിയമിക്കാം.  പരീക്ഷാകേന്ദ്രം മാറുന്നവരുടെ വിവരം ചീഫ്‌ സൂപ്രണ്ടുമാരെ അറിയിക്കും. ഇതനുസരിച്ച്‌ ആവശ്യമായ ചോദ്യപേപ്പർ സ്കൂളിലുണ്ടെന്ന്‌ ഉറപ്പുവരുത്തണം. കോവിഡ്‌ കെയർ സെന്ററുകളായോ അഗതികേന്ദ്രങ്ങളായോ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ വിട്ടുകിട്ടുന്നില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തും.

കണ്ടയ്ൻമെന്റ്‌ സോണിലെ വിദ്യാർഥികൾക്ക് പ്രത്യേക ക്രമീകരണം
കണ്ടയ്ൻമെന്റ്‌ സോണുകളിലെ വിദ്യാർഥികൾക്ക് പ്രത്യേക ക്രമീകരണം ഒരുക്കും. ഇപ്പോൾ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്‌ക്കൊപ്പം റഗുലർ പരീക്ഷ എഴുതാൻ അവസരം നൽകും. മുന്നൊരുക്കങ്ങൾ കൃത്യമായി നടക്കുന്നുവെന്ന്‌ ഉറപ്പാക്കി റിപ്പോർട്ട്‌ ചെയ്യാൻ ജില്ലാതലത്തിൽ മോണിറ്ററിങ്‌ ടീം പ്രവർത്തനം തുടങ്ങി. വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കും‌.

വ്യാഴാഴ്‌ച ബിആർസികളിൽ പ്രധാനാധ്യാപക യോഗം ചേർന്നു. വെള്ളിയാഴ്‌ച എല്ലാ സ്‌കൂളിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പിടിഎ യോഗം ചേർന്ന്‌ തുടർനടപടി സ്വീകരിക്കും. പിടിഎ, എസ്‌എംസി അംഗങ്ങളും അധ്യാപകരുമടങ്ങുന്ന സംവിധാനം എല്ലാ സ്‌കൂളിലും രൂപീകരിക്കും.  പരീക്ഷാഹാൾ, ഫർണിച്ചർ, സ്കൂൾപരിസരം എന്നിവ 25നകം ശുചീകരിക്കും. ഇതിന്‌ അഗ്നിരക്ഷാസേനയുടെയും സന്നദ്ധസംഘടനകളുടെയും സഹായം തേടാം.

സർവകലാശാല പരീക്ഷ ജൂൺ ആദ്യവാരം
സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി  കെ ടി ജലീൽ സർവകലാശാല വൈസ്‌ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിങിലാണ്‌ തീരുമാനം. വിദ്യാർഥികൾക്ക് അതത്‌ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു. ക്ലാസുകൾ ജൂണിൽതന്നെ ഓൺലൈനായി ആരംഭിക്കുമെന്നും മന്ത്രി കെ ടി ജലീൽ നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top