12 November Tuesday

ആവേശം വാനോളം ; പരസ്യപ്രചാരണത്തിന്‌ കലാശക്കൊട്ട്‌

പ്രത്യേക ലേഖകൻUpdated: Sunday Oct 20, 2019


തിരുവനന്തപുരം
വീറും വാശിയും മുറ്റിയ അന്തരീക്ഷത്തിൽ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ കലാശക്കൊട്ട്‌. പൊതുതെരഞ്ഞെടുപ്പിന്റെ പോരാട്ടവീര്യം പകർന്നാണ്‌ ഒരു മാസത്തോളം നീണ്ട പ്രചാരണം കൊടിയിറങ്ങിയത്‌. ഞായറാഴ്‌ചത്തെ നിശബ്ദ പ്രചാരണം കഴിഞ്ഞ്‌ 9.57 ലക്ഷം വോട്ടർമാർ തിങ്കളാഴ്‌ച പോളിങ്‌ ബൂത്തിലേക്ക്‌ പോകും. തിങ്കളാഴ്‌ച രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. 24ന്‌ വോട്ടെണ്ണും.
വാക്‌പ്പോരും പോർവിളിയും പ്രചാരണത്തിന്റെ അവസാനനിമിഷംവരെ മുഴക്കിയാണ്‌ പ്രവർത്തകർ നിറഞ്ഞത്‌. സ്ഥാനാർഥികളും പ്രധാനനേതാക്കളും അവർക്കൊപ്പം ചേർന്നതോടെ ആവേശക്കടലിരമ്പി.

യുഡിഎഫ്‌ സ്ഥാനാർഥി നിർണയത്തിലെ എതിർപ്പ്‌ പ്രചാരണത്തിന്റെ അവസാനദിവസവും അവർക്ക്‌ കല്ലുകടിയായി. കോന്നിയിൽ  അടൂർ പ്രകാശും വട്ടിയൂർക്കാവിൽ എൻ പീതാംബരക്കുറുപ്പും വിട്ടുനിന്നു.

വട്ടിയൂർക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ത്രികോണ മത്സരവീര്യമാണ്‌ പ്രകടമായത്‌. എൽഡിഎഫും യുഡിഎഫും  നേർക്കുനേർ പോരാടുന്ന എറണാകുളത്തും അരൂരിലും പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തകർ ആവേശപൂർവം അണിനിരന്നു. 

പാലായിലെ ചരിത്രം തിരുത്തിയ വിധിയെഴുത്ത്‌ പകർന്ന ആത്മവിശ്വാസവുമായി അഞ്ചിടത്തും വിജയക്കൊടി പാറിക്കുകയാണ്‌ എൽഡിഎഫ്‌ ലക്ഷ്യം. സർക്കാരിന്റെ ഭരണനേട്ടവും വികസനവും അഴിമതിവിരുദ്ധ നിലപാടും മുൻനിർത്തിയാണ്‌ എൽഡിഎഫ്‌ വോട്ടർമാരെ സമീപിച്ചത്‌. അതേസമയം,  ജാതി, മത വികാരം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ യുഡിഎഫ്‌. എൻഎസ്‌എസ്‌ പരസ്യപിന്തുണ പ്രഖ്യാപിച്ചത്‌ വിധിയെഴുത്തിന്റെ ഗതിനിർണയിക്കുമെന്നാണ്‌ യുഡിഎഫ്‌ വാദം. അതേസമയം,  ജാതി, മത വികാരം ഇളക്കിവിടുന്നതിനെതിരെ അതിരൂക്ഷ വിമർശവും ഉയർന്നിട്ടുണ്ട്‌. മതം, ജാതി എന്നിവ മാറ്റിവച്ച്‌ വികസനത്തിന്‌ വോട്ട്‌ ചെയ്യണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.  എൽഡിഎഫ്‌ വർഗീയകാർഡ്‌ ഇറക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. എൽഡിഎഫും യുഡിഎഫും വോട്ടുമറിക്കലിന്‌ ധാരണയുണ്ടാക്കിയെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻപിള്ള പറഞ്ഞു.
വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്‌. ഞായറാഴ്‌ച പോളിങ്‌ സാമഗ്രികൾ വിതരണം ചെയ്യും. വോട്ടെടുപ്പിന്‌ ശക്തമായ സുരക്ഷാ ക്രമീകരണമാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. പ്രശ്‌നസാധ്യതയുള്ള ബൂത്തുകൾ വെബ്‌ ക്യാമറ നിരീക്ഷണത്തിലാണ്‌.
 


പ്രധാന വാർത്തകൾ
 Top