12 August Wednesday

പീതാംബരൻ സർവവ്യാപിയായ കമ്യൂണിസ്‌റ്റ്‌

കെ ഗിരീഷ്‌Updated: Saturday Jun 20, 2020


തൃശൂർ
‘ഭാരതീയ ഇതിഹാസങ്ങളിൽനിന്നുള്ള കഥകളും ഉദ്ധരണികളും പ്രസംഗങ്ങളിൽ എടുത്തുചേർക്കുന്ന നിരവധി രാഷ്‌ട്രീയ നേതാക്കളെ കണ്ടിട്ടുണ്ട്‌. എന്നാൽ, ഇത്രയും സൂക്ഷ്‌മമായ മാർക്‌സിസ്റ്റ്‌ വ്യാഖ്യാനം മഹാഭാരതത്തിനു നൽകുന്ന ഒരു പ്രസംഗം ഞാനാദ്യമായി കേൾക്കുകയാണ്‌’ ഘടോൽക്കചനെ വിഷയമാക്കിയ കെ വി പീതാംബരന്റെ പ്രസംഗത്തെക്കുറിച്ച്‌ നാടകാചാര്യൻ വയലാ വാസുദേവൻ പിള്ള‌ പറഞ്ഞതാണിത്‌‌.  നാട്ടികയിൽ നടന്ന അഖിലേന്ത്യ ആദിവാസികലാമേളയായിരുന്നു വേദി. അതാണ്‌ കെ വി പീതാംബരൻ.

എൺപതുകൾമുതൽ വേദികളെ ഇളക്കിമറിച്ച പ്രസംഗകൻ. ഇന്ത്യൻ ഇതിഹാസങ്ങളിലും പുരാണങ്ങളിലുമുള്ള അറിവ്‌‌ പലപ്പോഴും ഈ പ്രസംഗത്തിന്‌ ഊർജമാക്കി‌. ഇടയ്‌ക്കിടെ പഴഞ്ചൊല്ലുകളും കടംകഥകളും വിളക്കിച്ചേർത്തുള്ള പ്രസംഗം മണിക്കൂറുകളോളം നീണ്ടാലും മടുപ്പിക്കില്ല. ശത്രുക്കൾക്കുനേരെ എയ്യുന്ന മൂർച്ചയുള്ള അമ്പുകൾക്കുപോലും ഒരു താളമുണ്ടായിരുന്നു.

ബീഡിത്തൊഴിലാളികൾക്ക്‌ പത്രം വായിച്ചുകൊടുത്താണ്‌ കെ വി പീതാംബരന്റെ രാഷ്‌ട്രീയപ്രവർത്തനം ആരംഭിക്കുന്നത്‌. ഈ പത്രം വായനയാണ്‌ പീതാംബരനെന്ന രാഷ്‌ട്രീയ പ്രവർത്തകനേയും പ്രസംഗകനേയും സൃഷ്‌ടിക്കുന്നത്‌. വായനയിലൂടെ സിദ്ധിച്ച ഭാഷാശുദ്ധിയും കൃത്യമായ തെളിഞ്ഞ അവതരണവും പീതാംബരന്റെ പ്രസംഗങ്ങളുടേയും വർത്തമാനത്തിന്റേയും മുഖമുദ്രയായി.  സാധാരണ പാർടി പ്രവർത്തകരുമായി ഇടപഴകുമ്പോൾ ആ മുഖത്തുണ്ടായിരുന്ന ചിരിയും സൗമ്യഭാവവുമാണ്‌ അദ്ദേഹത്തെ നാട്ടികയുടെ പ്രിയപ്പെട്ട പീതാംബരേട്ടനാക്കിയത്‌. നാട്ടികയ്‌ക്ക്‌ ഈ നേതാവിനോടുള്ള സ്‌നേഹത്തിന്റെ ആഴം അളക്കാനാവാത്തതാണ്‌. രാഷ്‌ട്രീയ എതിരാളികൾപോലും നിറഞ്ഞ ബഹുമാനത്തോടെ മാത്രമേ പീതാംബരനെ നേരിടാറുള്ളൂ.

പീതാംബരൻ പാർടി അംഗത്വത്തിലെത്തിയതിനും സവിശേഷ ചരിത്രമുണ്ട്‌. പ്രായപൂർത്തിയാവും മുമ്പ്‌  പ്രത്യേക പരിഗണന നൽകിയാണ്‌ പതിനേഴാം വയസ്സിൽ    പീതാംബരന്‌ അംഗത്വം നൽകിയത്‌.    നാട്ടികയിലെ പാർടി ഭീകരമായ ശാരീരിക ആക്രമണങ്ങളെ നേരിട്ട പ്രതിസന്ധി സമയത്ത്‌  പാർടിയെ നയിച്ചത്‌ പീതാംബരന്റെ നേതൃപാടവമായിരുന്നു.

മേഖലയിലെ ഒട്ടെല്ലാ പ്രവർത്തകരേയും നേരിട്ടറിയുന്ന നേതാവ്‌, തന്റെ മുന്നിൽ വന്നുപെടുന്ന എല്ലാ പ്രവർത്തകരോടും രണ്ടു വാക്ക്‌ ചിരിച്ചുകൊണ്ട്‌ പറയുന്ന നേതാവ്‌... അതാണ്‌ പീതാംബരന്റെ ജനകീയത.  സജീവരാഷ്‌ട്രീയത്തോടൊപ്പം മണപ്പുറത്തെ സാംസ്‌കാരികമണ്ഡലത്തിലും തന്റേതായ ഇടപെടലുകളും അദ്ദേഹം നടത്തി. കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ നാടകമേളയായ തൃപ്രയാർ നാടകവിരുന്നിന്റെ ചെയർമാൻസ്ഥാനത്തേക്ക്‌ പീതാംബരൻ കടന്നുവന്നതോടെ കേവലം നാടകമേള എന്നതിനപ്പുറത്തേക്ക്‌ അതിന്റെ മുഖച്ഛായ മാറ്റിയെടുക്കാനായി. ഒപ്പം, കായികരംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു. തൃപ്രയാർ സ്‌പോർട്‌സ്‌ ആൻഡ്‌‌ ഗെയിംസ്‌ അസോ. സംഘാടകരിൽ പ്രമുഖനായും വോളിബോൾ അസോ. ജില്ല വൈസ്‌ പ്രസിഡന്റ്‌ എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്‌ചവച്ചു.

രാഷ്‌ട്രീയപ്രവർത്തനമെന്നത്‌ എല്ലാ അർഥത്തിലും  ഒരു സാംസ്‌കാരികപ്രവർത്തനംകൂടിയാണെന്ന്‌ തെളിയിച്ച സർവവ്യാപിയായ രാഷ്‌ട്രീയപ്രവർത്തകനായിരുന്നു പീതാംബരൻ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top