24 July Wednesday

കേരളം ഇടതുപക്ഷത്തിനൊപ്പം ; യുഡിഎഫിന‌് സീറ്റ‌് കുറയും, ബിജെപി അക്കൗണ്ട‌് തുറക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

തിരുവനന്തപുരം
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് മികച്ച വിജയം പ്രവചിച്ച് കൈരളി പീപ്പിൾ–-സിഡ സർവേ. എൽഡിഎഫ് 11 മുതൽ 13 വരെ സീറ്റുകളിൽ ജയിക്കാൻ സാധ്യതയുണ്ടെന്നാണ‌് പ്രവചനം. യുഡിഎഫിന്റെ സാധ്യത ഏഴുമുതൽ ഒമ്പതുവരെ സീറ്റുകളിൽ മാത്രം. ബിജെപി ഇത്തവണയും സീറ്റൊന്നും നേടില്ലെന്നും എല്ലാ മണ്ഡലത്തിലും എൻഡിഎ മൂന്നാംസ്ഥാനമേ നേടൂവെന്നും സർവേ പറയുന്നു. 42.1 ശതമാനം വോട്ടാണ‌് എൽഡിഎഫിന‌് ലഭിക്കുക. യുഡിഎഫ് 40.8 ശതമാനം വോട്ടും. എൻഡിഎയുടെ വോട്ടുനേട്ടം 15.2 ശതമാനം മാത്രമായിരിക്കും. 1.9 ശതമാനം മറ്റുള്ളവർക്കാണ‌്.

തൊഴിലില്ലായ‌്മ മുഖ്യപ്രശ‌്നം
ഏറ്റവും വലിയ ദേശീയ തെരഞ്ഞെടുപ്പ് പ്രശ്നം തൊഴിലില്ലായ്മയാണെന്ന് സർവേ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 26.3 ശതമാനം പേരാണ‌് ഈ അഭിപ്രായം രേഖപ്പെടുത്തിയത‌്. അതിർത്തിപ്രശ്നം (15.2), അഴിമതി (12.1), വർഗീയത (12), ദാരിദ്ര്യം (10), വിലക്കയറ്റം (8.6), ഭീകരത (8.4), കാർഷികപ്രശ്നം (3.4) എന്നിവയാണ് മുഖ്യ തെരഞ്ഞെടുപ്പു പ്രശ്നങ്ങളായി കേരളത്തിലെ വോട്ടർമാർ കാണുന്നത്. നാലുശതമാനം പേർ മറ്റുള്ള വിഷയങ്ങൾ പ്രധാനമായി കാണുന്നു.

കേന്ദ്രവിരുദ്ധ മനോഭാവം തീവ്രം
ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിൽ സംസ്ഥാനത്തെ 67.7 ശതമാനംപേരും തൃപ്തരല്ല. തൃപ്തർ 25.3 ശതമാനംപേർമാത്രം. മോഡി സർക്കാരിന്റെ വിലക്കയറ്റവിരുദ്ധ നടപടികൾ മോശമെന്ന് 60.1 ശതമാനം പേർ കരുതുന്നു. ശരാശരിയെന്ന് അഭിപ്രായമാണ‌്  15.3 ശതമാനം.  നല്ലതെന്ന്  പറയുന്നവർ 12 ശതമാനം മാത്രം. മതസൗഹാർദം കാക്കുന്നതിലും അഴിമതി തടയുന്നതിലും കാർഷികപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഭീകരവാദം തടയുന്നതിലും കേന്ദ്ര സർക്കാർ പൂർണ പരാജയമാണെന്നാണ‌് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത‌്. അച്ഛേ ദിൻ നടപ്പാക്കുന്നതിൽ മോഡി പരാജയപ്പെട്ടെന്ന് 66 ശതമാനംപേർ അഭിപ്രായപ്പെട്ടു.

നോട്ട‌് നിരോധനം പരാജയം; റഫേൽ വൻ അഴിമതി
നോട്ട് നിരോധനമാണ് മോഡിയുടെ ഏറ്റവും മോശം നടപടിയെന്ന് 62.3 ശതമാനം പേർ വിലയിരുത്തി. റഫേലിൽ വൻ അഴിമതിയുണ്ടെന്ന് 60 ശതമാനം പേർ കരുതുന്നു. അഴിമതിയില്ലെന്നു കരുതുന്നവർ 4.7 ശതമാനംമാത്രം. മോഡി വീണ്ടും അധികാരത്തിൽ വരരുതെന്ന് 71.3 ശതമാനം പേരും വരണമെന്ന‌് 14.7 ശതമാനവും അഭിപ്രായപ്പെട്ടു.

ശബരിമലയെ ദുരുപയോഗിക്കരുത‌്
ശബരിമലയെ തെരഞ്ഞെടുപ്പ‌് വിഷയമാക്കരുതെന്ന‌് 76 ശതമാനംപേരും  അഭിപ്രായപ്പെട്ടത‌് കേരള ജനതയുടെ ശരിയായ രാഷ്ട്രീയ മനസ്സാണ‌് കാട്ടുന്നത‌്. ശരിയാണെന്ന‌ു പറയാൻ തയ്യാറായത് 14.3 ശതമാനം പേർമാത്രമാണ‌്. 9.7 ശതമാനം ഇക്കാര്യത്തിൽ നേരിട്ട് അഭിപ്രായം പറഞ്ഞില്ല.

കേരളീയർക്ക് രാഷ്ട്രീയനിലപാട് മുഖ്യം
കേരളത്തിലെ 57.6 ശതമാനം പേരും മുന്നണിയോ പാർടിയോ നോക്കി വോട്ട‌് ചെയ്യുന്നവരാണ്. സ്ഥാനാർഥിയെ നോക്കി 31 ശതമാനം പേർ വോട്ട‌് ചെയ്യുന്നു.
0.9 ശതമാനംപേർ പ്രധാനമന്ത്രി സ്ഥാനാർഥിയെ നോക്കി വോട്ട‌് ചെയ്യുമ്പോൾ മതവും സമുദായവും നോക്കി വോട്ട‌് ചെയ്യുന്നവരുടെ എണ്ണം 1.6 ശതമാനംമാത്രം.
 


പ്രധാന വാർത്തകൾ
 Top