03 June Wednesday

മുഖ്യശത്രു ആരെന്ന‌് രാഹുൽ പറയണം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


അങ്കമാലി
ഭൂതകാലത്തിന്റെ ഇരുട്ടിലേക്കല്ല, നവോത്ഥാന നായകർ കൊളുത്തിത്തന്ന വെളിച്ചത്തിലൂടെ മുന്നോട്ടാണ‌് നടക്കേണ്ടതെന്ന‌് ജനങ്ങളെ വീണ്ടും ഓർമപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണ‌ിതെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി–-ആർഎസ‌്എസ‌് ശക്തികൾക്കും അവർക്ക‌് ഒത്താശ ചെയ്യുന്ന കോൺഗ്രസിനുമെതിരായ വിധിയെഴുത്തായി സമ്മതിദാന അവകാശം  വിനിയോഗിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം അങ്കമാലിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഇന്നുകാണുന്ന കേരളമായതിനു പിന്നിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ‌്റ്റുകാർക്കും വലിയ പങ്കുണ്ട‌്. കേരളമോഡലിന്റെ മേൻമയെക്കുറിച്ചാണ‌് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പ്രസംഗത്തിനിടയിൽ പറയുന്നത‌്. 1957ലെ ഇഎംഎസ‌് സർക്കാരാണ‌് കേരള മോഡൽ വികസനത്തിന‌് തുടക്കമിട്ടതെന്നുകൂടി രാഹുലിന‌് ആരെങ്കിലും പറഞ്ഞുകൊടുക്കണം. കേരളത്തിലെ ജനസമൂഹത്തിനും ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുണ്ട്.  രാഹുൽഗാന്ധി അഭിമാനം കൊള്ളുന്ന കേരള മോഡലിനെ ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ ഇവിടെ കമ്യൂണിസ്റ്റുകാരുണ്ടെന്ന‌് ജനം ഈ തെരഞ്ഞെടുപ്പിലൂടെ മറുപടി പറയണം.

എൽഡിഎഫ്‌ സ്ഥാനാർഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം അങ്കമാലിയിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കാൻ സീതാറാം െയച്ചൂരി എത്തിയപ്പോൾ

എൽഡിഎഫ്‌ സ്ഥാനാർഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം അങ്കമാലിയിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കാൻ സീതാറാം െയച്ചൂരി എത്തിയപ്പോൾ

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ മുന്നണി സർക്കാർ അധികാരത്തിൽ വരണമെന്ന‌് കോൺഗ്രസും രാഹുൽഗാന്ധിയും തുടർച്ചയായി പറയുന്നു. എന്നിട്ട‌് അദ്ദേഹംതന്നെ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നു. ബിജെപിയെ മാറ്റി നിർത്താനാണെങ്കിൽ എന്തിനാണ‌് ബിജെപിയില്ലാത്ത കേരളത്തിൽ മത്സരിക്കുന്നത്. ആരാണ് കോൺഗ്രസിന്റെ മുഖ്യശത്രുവെന്ന‌് രാഹുൽ പറയണം. ഡൽഹിയിൽ 21 പ്രതിപക്ഷ പാർടികളുടെ ദേശീയ യോഗം നടക്കുകയാണ‌്. കോൺഗ്രസാണ‌് ആ കൂട്ടായ‌്മയ‌്ക്ക‌് നേതൃത്വം നൽകുന്നത‌്.  രാഹുൽഗാന്ധി കേരളത്തിൽ ഇടതുപക്ഷത്തെ നേരിടുന്നതിന്റെ  ലക്ഷ്യം മനസ്സിലാകുന്നില്ല.

കേരളത്തിന്റെ സംസ‌്കാരത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുമെന്നാണ‌് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത‌്. എല്ലാ ജാതി മത വിഭാഗങ്ങളെയും ഒരുപോലെ സ്വീകരിക്കുകയും സാഹോദര്യത്തോടെ ഒരുമിച്ചു കഴിയുകയും ചെയ്യുന്നവരുടെ നാടാണ‌് കേരളം. ഇവിടെ ബിജെപി സ്ഥാനാർഥി വോട്ടഭ്യർഥിക്കുമ്പോൾ പറയുന്നത‌് നല്ല പശുവിറച്ചി കഴിക്കാൻ സംവിധാനമുണ്ടാക്കുമെന്നാണ‌്. ഇവർതന്നെയാണ‌് ഉത്തരേന്ത്യയിൽ റഫ്രിജറേറ്ററിൽ ഏതോ ഇറച്ചി സൂക്ഷിച്ചുവെന്ന‌് പറഞ്ഞ‌് മനുഷ്യനെ തല്ലിക്കൊല്ലുന്നത‌്. 

വൈകാരികത സൃഷ്ടിച്ച് വോട്ട് തട്ടാനാണ‌് മോഡിയുടെ ശ്രമം. മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം ഭീകരാക്രണം 165 ശതമാനം വർധിച്ചു. ഭീകരാക്രണമണത്തിൽ മരിച്ച ജവാൻമാരുടെ എണ്ണം 200 ശതമാനത്തിലധികമായി. എന്നിട്ടും മോഡി പറയുന്നത‌് താൻ ഈ രാജ്യത്തിന്റെ കാവൽക്കാരനാണെന്നാണ‌്. മോഡിയുടെ ഇഷ്ടക്കാരായ 36 വമ്പൻമാർ ചേർന്ന‌് ഇന്ത്യയിലെ സമ്പത്താകെ കൊള്ളയടിക്കുകയാണ‌്.  

കർഷകരെയും സാധാരണക്കാരെയും യുവാക്കളെയും വഞ്ചിച്ച മോഡി സമ്പന്ന വരേണ്യവർഗത്തിന് ഒത്താശ ചെയ്യുകയാണ‌്. ഭരണഘടന തിരുത്തി മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ ഇല്ലായ്മ ചെയ്യുകയാണ് ബിജെപിയുടെയും ആർഎസ‌്എസിന്റെയും ലക്ഷ്യം.

2004ൽ യുഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തി 18 ഇടതുപക്ഷ എംപിമാരെയാണ് കേരളം വിജയിപ്പിച്ചത്. ആ  നിലപാട‌് ഇത്തവണയും ഉണ്ടാകണമെന്നും യെച്ചൂരി അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
 Top