05 April Sunday

തോക്കുകൾ ഭദ്രം ; വെടിയുണ്ട കാണാതായ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും

സ്വന്തം ലേഖകൻUpdated: Tuesday Feb 18, 2020

എസ്‌എപിയിലെ തോക്കുകൾ ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ ജെ തച്ചങ്കരിയും ഐജി എസ്‌ ശ്രീജിത്തും പരിശോധിക്കുന്നു ഫോട്ടോ/ പി ദിലീപ്‌ കുമാർ


തിരുവനന്തപുരം
സംസ്ഥാന പൊലീസിൽനിന്ന്‌ കാണാതായെന്ന്‌ മാധ്യമങ്ങളുൾപ്പടെ റിപ്പോർട്‌ ചെയ്‌ത തോക്കുകൾ പ്രത്യേക സായുധസേനാ ആസ്ഥാനത്ത്‌ ഭദ്രം. ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ ജെ തച്ചങ്കരി നേരിട്ട്‌ നടത്തിയ  പരിശോധനയിലാണ്‌ ഒരു തോക്കും നഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ കണ്ടെത്തിയത്‌. 660 ഇൻസാസ്‌ റൈഫിളിൽ 647 എണ്ണം ക്യാമ്പിലുണ്ട്‌. 13 എണ്ണം മണിപ്പൂരിൽ പരിശീലനത്തിലുള്ള ഐആർ ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ കൈയിലാണ്‌. മണിപ്പുരിലുള്ള തോക്കുകൾ വീഡിയോ കോൺഫറൻസ്‌ വഴി തച്ചങ്കരി പരിശോധിച്ചു. തോക്കുകൾ നഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ നേരത്തെ കണ്ടെത്തിയിരുന്നു. സിഎജി റിപ്പോർട്ടിന്റെ മറവിൽ തോക്ക്‌ കാണാതായെന്ന്‌ പറഞ്ഞ്‌ രാഷ്‌ട്രീയമുതലെടുപ്പ്‌ നടത്താനുള്ള ശ്രമമാണ്‌ ഇതോടെ പൊളിഞ്ഞത്‌.

വിവിധ ക്യാമ്പുകളിലേക്ക്‌ കൊണ്ടുപോയ തോക്കുകൾ തിങ്കളാഴ്‌ച പുലർച്ചെയോടെ എസ്‌എപി ആസ്ഥാനത്ത്‌ പരിശോധനയ്‌ക്ക്‌ എത്തിച്ചു. ഇവയിലെ ബോഡി നമ്പരും രേഖയിലെ നമ്പരും ഒത്തുനോക്കി, എല്ലാം എസ്‌എപിയിലെ തോക്ക്‌ തന്നെയെന്ന്‌ സ്ഥിരീകരിച്ചാണ്‌ തച്ചങ്കരി മടങ്ങിയത്‌.

2005 മുതൽ 2016വരെയാണ്‌ ചീഫ്‌ പൊലീസ്‌ സ്‌റ്റോറിൽനിന്ന്‌ 660 ഇൻസാസ്‌ റൈഫിൾ എസ്‌എപിക്ക്‌ നൽകിയത്‌. ഇവ സംസ്ഥാന പൊലീസ്‌ മേധാവിയുടെ ഉത്തരവ്‌  പ്രകാരം കെഎപി–- ഒന്ന്‌, രണ്ട്‌, അഞ്ച്‌, ഐആർ ബറ്റാലിയൻ, തിരുവനന്തപുരം സിറ്റിപൊലീസ്‌ ക്യാമ്പ്‌ എന്നിവിടങ്ങളിലേക്ക്‌ കൊണ്ടുപോയി.  ഇതിന്റെ രേഖ സിഎജിക്കും നൽകിയതാണ്‌. എന്നാൽ, 25 തോക്കുകളുടെ രേഖ കൃത്യമായി ഹാജരാക്കുന്നതിലെ വീഴ്‌ചയാണ്‌ അവ കാണാനില്ലെന്ന പരാമർശത്തിന്‌ കാരണം. ഇത്‌ മറയാക്കി സർക്കാരിനും പൊലീസിനുമെതിരെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു യുഡിഎഫും ബിജെപിയും.  ക്രൈംബ്രാഞ്ച്‌ ഐജി എസ്‌ ശ്രീജിത്തും എസ്‌എപി കമാൻഡന്റ്‌ വിമലും പരിശോധനയിൽ പങ്കെടുത്തു.

വെടിയുണ്ട: ഉന്നതരുടെ പങ്ക്‌ അന്വേഷിക്കും
യുഡിഎഫ്‌ സർക്കാരിന്റെ കാലത്തടക്കം എസ്‌എപി ക്യാമ്പിലെ വെടിയുണ്ട കാണാതായ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന്‌ ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. രണ്ട്‌ മാസത്തിനകം അന്വേഷണം പൂർത്തിയാക്കും. ആവശ്യമെങ്കിൽ അറസ്‌റ്റും ഉണ്ടാകും. കേസ്‌ അന്വേഷിക്കുന്ന ഡിവൈഎസ്‌പി മറ്റ്‌ നാൽപ്പതോളം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻകൂടിയാണ്‌. അതിനാലാണ്‌ വെടിയുണ്ട കേസിൽ അന്വേഷണത്തിന്‌ അൽപ്പം വേഗം കുറഞ്ഞത്‌.   

1996മുതൽ 2018വരെയുള്ള വെടിയുണ്ടകളെ കുറിച്ചാണ്‌  ക്രൈംബ്രാഞ്ച്‌ അന്വേഷണമെന്നും തച്ചങ്കരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top