തിരുവനന്തപുരം > പാലാരിവട്ടം പാലം നിർമിച്ച കരാർ കമ്പനിക്ക് 8.25 കോടി രൂപ മുൻകൂറായി നൽകിയത് നയപരമായ തീരുമാനമാണെന്ന മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വാദം കള്ളം. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും അന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല.
പാലാരിവട്ടം പാലം ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ പത്ത് പ്രവൃത്തികൾക്ക് അനുമതി നൽകിയ ആദ്യ ഫയൽ മാത്രമേ മന്ത്രിസഭയിലെത്തിയിട്ടൂള്ളു. മുൻകൂർ പണം നൽകിയതടക്കമുള്ള എല്ലാ വഴിവിട്ട പ്രവർത്തനങ്ങളും മന്ത്രി നേരിട്ടെടുത്ത തീരുമാനമായിരുന്നുവെന്ന് ഇതോടെ വ്യക്തം. അതിനിടെ, പാലം നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിജിലൻസ് തീരുമാനിച്ചു. സഹായം തേടി വിജിലൻസ് ആഭ്യന്തര സെക്രട്ടറി മുഖേന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകും.
കരാറുകാരനായ സുമിത് ഗോയലിന് മുൻകൂറായി 8.25 കോടിരൂപ നൽകിയതിന് പിന്നിൽ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് വിജിലൻസിന് തെളിവ് ലഭിച്ചിരുന്നു. എന്നാൽ തുക നൽകിയത് നയപരമായ തീരുമാനമായിരുന്നുവെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ വാദം. അങ്ങനെയാണെങ്കിൽ ഇതിന്റെ ഫയൽ മന്ത്രിസഭ കാണണം. എന്നാൽ 2013 ഡിസംബർ പത്തിനും 2014 മാർച്ച് നാലിനും ഇടയിൽ നടന്ന ഒരു മന്ത്രിസഭായോഗത്തിലും ഈ ഫയൽ വന്നിട്ടില്ല.
അതേസമയം, പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ചില ഫയലുകൾ കാണാനില്ലെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വിജിലൻസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..