12 November Tuesday

കൂടത്തായി കൂട്ടക്കൊല: പൊന്നാമറ്റം വീട്ടിൽ നിന്ന്‌ സയനൈഡ്‌ കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


കോഴിക്കോട്‌
കൂടത്തായിയിൽ കൂട്ടക്കൊലയ്ക്കുപയോഗിച്ച സയനൈഡ്‌ പൊലീസ്‌ കണ്ടെടുത്തു. പൊന്നാമറ്റം വീട്ടിൽ തിങ്കളാഴ്‌ച രാത്രി ജോളിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ്‌ അന്വേഷണ സംഘം സയനൈഡ്‌ പിടിച്ചെടുത്തത്‌. അടുക്കളയിലെ റാക്കിൽ പാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഡപ്പിയിൽ സയനൈഡ്‌ സൂക്ഷിച്ചിരുന്നത്‌.

പൊലീസ്‌ സയനൈഡ്‌ കണ്ടെത്തിയതോടെ ജോളിയും ഇക്കാര്യം സമ്മതിച്ചു. പിടിച്ചെടുത്ത സയനൈഡ്‌ ഫോറൻസിക്‌ വിഭാഗത്തിന്‌ കൈമാറി. പ്രാഥമിക പരിശോധനയിൽ ഇത്‌ സയനൈഡാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. കൂടുതൽ പരിശോധന നടത്തിയശേഷമേ അന്വേഷണ സംഘം ഇത്‌ സ്ഥിരീകരിക്കൂ.

രാത്രി 9.45നാണ്‌ ജോളിയെ പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചത്‌. തിങ്കളാഴ്‌ച രാവിലെ ഐസിടി പൊലീസ്‌ സൂപ്രണ്ട്‌ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ്‌ നടത്തിയിരുന്നു. ചില സുപ്രധാന വിവരങ്ങൾ തങ്ങൾക്ക്‌ കിട്ടിയതായി അന്വേഷണ സംഘത്തിന്റെ പ്രതികരണത്തിൽനിന്ന്‌ വ്യക്തമായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ രാത്രി ജോളിയെ വീട്ടിലെത്തിച്ചത്‌.

കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ സയനൈഡ്‌ വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ട്‌ എന്ന്‌ ജോളി അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞിരുന്നു. എന്നാൽ, ഇത്‌ കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. എവിടെയെന്ന്‌ മറന്നുപോയി എന്നായിരുന്നു ജോളി പൊലീസിനോട്‌ പറഞ്ഞത്‌. ഇതോടെയാണ്‌ സയനൈഡ്‌ വീട്ടിൽ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ പൊലീസ്‌ എത്തിയത്‌. സയനൈഡ്‌ കണ്ടെടുത്തശേഷം രാത്രി 12 ഒ-ാടെയാണ്‌ അന്വേഷണ സംഘം ജോളിയുമായി മടങ്ങിയത്‌.


പ്രധാന വാർത്തകൾ
 Top