06 June Saturday

ജനാധിപത്യം വിലയ‌്ക്ക്‌ വാങ്ങുന്നത‌് അപകടകരം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

പയ്യന്നൂർ കുന്നരുവിൽ സി വി ധനരാജ‌് സ‌്മാരക മന്ദിരവും സ‌്തൂപവും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ‌്ഘാടനം ചെയ‌്തപ്പോൾ

രാമന്തളി (കണ്ണൂർ)
ജനാധിപത്യം വിലപേശലിലേക്കും വിലയ‌്ക്കുവാങ്ങലിലേക്കും നീങ്ങുന്നത‌് അപകടകരമായ നിലയിലേക്കാണ‌് രാജ്യത്തെ നയിക്കുകയെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പണാധിപത്യത്തിലൂടെ ജനാധിപത്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുകയാണ‌് ബിജെപി. പ്രതിപക്ഷ കക്ഷികൾ ഭരണത്തിലുള്ള  സംസ്ഥാനങ്ങളിലെല്ലാം ഈ രീതിയാണ‌് ബിജെപി പിന്തുടരുന്നതെന്നാണ‌് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത‌്. രാമന്തളിയിൽ രക്തസാക്ഷി സി വി ധനരാജ‌് സ‌്മാരക മന്ദിരവും സ‌്തൂപവും ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

മോഡിയുടെ വ്യക്തിപ്രഭാവം  ഉയർത്തിക്കാട്ടാൻ ബിജെപി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ പണമൊഴുക്കി.  മാധ്യമങ്ങളെപ്പോലും വിലയ‌്ക്കെടുത്തായിരുന്നു പ്രചാരണം. 27,000 കോടി രൂപയാണ‌് പ്രചാരണങ്ങൾക്കായി ചെലവഴിച്ചത‌്.  സൈനികനേട്ടങ്ങളെപ്പോലും തീവ്രദേശീയത ഇളക്കിവിടാൻ ഉപയോഗപ്പെടുത്തി. തെരഞ്ഞെടുപ്പ‌് കമീഷനും ബിജെപിക്ക‌് കൂട്ടുനിൽക്കുന്ന കാഴ‌്ചയായിരുന്നു രാജ്യത്ത‌്. അഞ്ചുവർഷമായി ബിജെപി സർക്കാരിനെതിരായി ഉയർന്നുവന്ന പ്രതിഷേധങ്ങളെയെല്ലാം പുൽവാമ ഭ്രീകരാക്രമണത്തിന്റെപേരിൽ തീവ്രദേശീയതക്കായി ഉപയോഗപ്പെടുത്തി.

   വാണിജ്യപരമായ ഇടപാടുകളാണ‌് ബിജെപിയെ വിജയത്തിലേക്ക‌് നയിക്കുന്നതിന‌് സഹായിച്ച പ്രധാന ഘടകം.  വൻതോതിൽ പണമൊഴുക്കിയും അധികാരമുപയോഗിച്ച‌്  ജനാധിപത്യത്തെ ദുരുപയോഗം ചെയ‌്തുമാണ‌് അവരുടെ വിജയം.  എല്ലാവർഷവും തെരഞ്ഞെടുപ്പ‌് നടത്തുന്നതാണ‌് നല്ലതെന്നുപോലും പറഞ്ഞവരുണ്ട‌്.  തെരഞ്ഞെടുപ്പ‌് സമയത്തെ സാമ്പത്തികനേട്ടങ്ങളാണ‌് ഇവരെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത‌്. കേരളവും തമിഴ‌്നാടുമാണ‌് ഈ പ്രവണതയിൽനിന്ന‌് മാറിനടന്നതെന്നത‌് അഭിമാനകരമാണ‌്.

തെരഞ്ഞെടുപ്പ‌് കഴിഞ്ഞശേഷവും പ്രതിപക്ഷമില്ലാത്ത രാജ്യത്തിനുവേണ്ടിയുള്ള ശ്രമം  ബിജെപി നടത്തുകയാണ‌്. തെരഞ്ഞെടുപ്പിനുമുമ്പ‌് പല സംസ്ഥാനങ്ങളിലും നടപ്പാക്കിയ കുതിരക്കച്ചവടം ഇപ്പോഴും  തുടരുന്നു. എംഎൽഎമാരുടെ വിലനിലവാരമാണ‌് കർണാടകത്തിൽനിന്നും ഗോവയിൽനിന്നും പറുത്തുവരുന്നത‌്.

രണ്ടാമതും അധികാരത്തിലെത്തിയതോടെ പുതിയ വെല്ലുവളികളാണ‌് ബിജെപി നടത്തുന്നത‌്. രാജ്യത്തിന്റെ മതേതര, ജനാധിപത്യ സ്വഭാവം തകർക്കുന്നതിനുള്ള നീക്കങ്ങളിലാണവർ.  ജമ്മു കശ‌്മീരിന‌് സ്വയംഭരണാവകാശം നൽകുന്ന 370–-ാം വകുപ്പ‌് എടുത്തുകളയാനുള്ള നീക്കം നടക്കുന്നു. യുഎപിഎ നിയമം ഭേദഗതി ചെയ്യാനാനൊരുങ്ങുന്നു.  ദേശസുരക്ഷയുടെപേരിൽ എല്ലാ പൗരാവകാശങ്ങളും ഹനിക്കുന്നതിനും നീക്കം നടക്കുന്നു. ബിജെപിക്കും സംഘപരിവാറിനും എതിരായി ആരൊക്കെ സംസാരിക്കുന്നോ അവരൊക്കെ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു, ജയിലിലയ‌്ടക്കപ്പെടുന്നു. അഞ്ച‌് മുതിർന്ന മാധ്യമപ്രവർത്തകരാണ‌് ഇത്തരത്തിൽ തടവിലായത‌്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകന്റെ വീട‌് റെയ‌്ഡ‌് ചെയ‌്ത വാർത്തയാണ‌് ഒടുവിൽ കേട്ടത‌്. പൗരാവകാശങ്ങൾക്കായി കോടതിയിൽ വാദിച്ചുവെന്നതാണ‌് കുറ്റം. ദളിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുംവേണ്ടി കോടതിയിൽ ഹാജരാകുന്നവരെപ്പോലും  സിബിഐ അടക്കമുള്ള ഏജൻസികളെവച്ച‌് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നു.

പാർലമെന്റ‌് പാസാക്കുന്ന നിയമങ്ങളിൽപോലും  ഏകപക്ഷീയ സ്വഭാവം നിലനിൽക്കുന്നു. വിവിധ പാർടികളുടെ അഭിപ്രായം സ്വീകരിക്കാനോ ജനപ്രതിനിധികളുടെ അഭിപ്രായം മാനിക്കാനോ  തയ്യാറാവുന്നില്ല. എല്ലാവരുടെയും സ്വകാര്യതയെ ഇല്ലാതാക്കുന്ന ആധാർ നിയഭേദഗതി ഇതിനുദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top