17 October Thursday

ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിലേക്ക് ; അടുത്തവർഷം 85 ഭവനസമുച്ചയം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 
ലൈഫ് മിഷൻ പദ്ധതിയിൽ 2020 ഒക്ടോബറോടെ 85 ഭവനസമുച്ചയം പൂർത്തിയാകും. ആദ്യത്തേത് ഇടുക്കി അടിമാലിയിൽ ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. മൂന്നാംഘട്ടത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ നിർമിക്കുന്ന 14 ഭവനസമുച്ചയം ഉൾപ്പെടെ 70 എണ്ണത്തിന് ഭരണാനുമതിയായി. രണ്ട് സുനാമി ഫ്‌ളാറ്റുകൾക്കും അനുമതി ലഭിച്ചു. ഭൂമിയും വീടും ഇല്ലാത്തവർക്കാണ് ഫ്‌ളാറ്റുകൾ നൽകുക. സഹകരണവകുപ്പിന്റെ കെയർഹോം പദ്ധതിയിലൂടെ 14 ഭവനസമുച്ചയം നിർമിക്കാനുള്ള നടപടി ആരംഭിച്ചു. സ്ഥലപരിശോധന തുടങ്ങി.

ലൈഫ് മിഷൻ ഭവനസമുച്ചയങ്ങളുടെ നിർമാണത്തിനുള്ള പ്രോജക്ട് കൺസൾട്ടൻസികളെ തെരഞ്ഞെടുത്തു. സാങ്കേതിക കമ്മിറ്റി അടുത്തയാഴ്ച ചേരും. ഇതിനുശേഷം ടെൻഡർ നടപടി ആരംഭിക്കുമെന്ന് ലൈഫ് മിഷൻ സിഇഒ യു വി  ജോസ് പറഞ്ഞു. ഭവനസമുച്ചയങ്ങൾക്ക‌് ബജറ്റിൽ 355 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൈലറ്റ് അടിസ്ഥാനത്തിൽ നിർമിക്കുന്ന 14 എണ്ണത്തിന്റെയും കെയർഹോം പദ്ധതിയിലെ 14ന്റെയും നിർമാണം ഈ സാമ്പത്തികവർഷം പൂർത്തിയാക്കും. 56 ഭവനസമുച്ചയങ്ങളുടെ ടെൻഡർ നടപടിയും ഈവർഷം പൂർത്തിയാക്കും.

അടിമാലി മച്ചിപ്ലാവിൽ പൂർത്തീകരിച്ച ഭവനസമുച്ചയത്തിൽ 217 കുടുംബമാണുള്ളത്. ഏഴു നിലയുള്ള കെട്ടിടത്തിൽ ഓരോ യൂണിറ്റിലും 460 ചതുരശ്രഅടിയിലായി രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ എന്നിവയുണ്ട്.ലിഫ്റ്റ്, മാലിന്യസംസ്‌കരണത്തിന് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ്, ആരോഗ്യ ഉപകേന്ദ്രം, അങ്കണവാടി, ലൈബ്രറി, തൊഴിൽ പരിശീലനകേന്ദ്രം, കളിസ്ഥലം, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള പ്രത്യേക ഇടം എന്നിവയുമുണ്ട്. സ്വയംതൊഴിൽ പദ്ധതികൾ ഉടൻ ആരംഭിക്കും.
ലൈഫ് മിഷൻ 2017ൽ നടത്തിയ സർവേ പ്രകാരം ഭൂമിയും വീടുമില്ലാത്ത 3,37,416 പേരാണ് കേരളത്തിലുള്ളത്.

അർഹരെ കണ്ടെത്താനുള്ള രേഖ പരിശോധനയ്ക്കുള്ള സോഫ്റ്റ്‌വെയർ ആഗസ‌്തിൽ പഞ്ചായത്തുകളിലെത്തും. പണി തുടങ്ങിയശേഷം പൂർത്തീകരിക്കാത്ത 54,363 വീടുകളിൽ 51,302 വീടിന്റെ നിർമാണം ആദ്യ ഘട്ടത്തിൽ പൂർത്തിയായി. ശേഷിക്കുന്നവ പണി പുരോഗമിക്കുന്നു. കേരളത്തിലെ ഭവനരഹിതരായ 98,415 പേരിൽ 86,706 പേരുടെ വീട് നിർമാണം രണ്ടാംഘട്ടത്തിൽ ആരംഭിച്ചു. ഇതിൽ 23,608 വീടിന്റെ നിർമാണം പൂർത്തിയായി. കഴിഞ്ഞയാഴ്ച ഇവർക്കുള്ള നാലാം ഗഡു വായ്പ വിതരണം ചെയ്തു.


പ്രധാന വാർത്തകൾ
 Top