25 May Monday

രാജ്യത്ത്‌ തുറന്ന ദുരിതാശ്വാസക്യാമ്പുകളിൽ 68.8 ശതമാനം കേരളത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 9, 2020

ന്യൂഡൽഹി > കോവിഡ്‌ പ്രതിരോധത്തിന്‌ രാജ്യത്ത്‌ തുറന്ന ദുരിതാശ്വാസക്യാമ്പുകളിൽ 68.8 ശതമാനം കേരളത്തിൽ. ആകെ 22,567 ക്യാമ്പ് തുറന്നതിൽ 15,541 ഉം കേരളത്തിലാണെന്ന്‌ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ക്യാമ്പുകളിലാകെ 631,119 പേരുണ്ട്. കേരളത്തില്‍ 302,016 പേര്‍. ക്യാമ്പുകളിൽ കഴിയുന്നവരിൽ 47.9 ശതമാനവും കേരളത്തിലാണ്‌. 1135 ക്യാമ്പ് തുറന്ന മഹാരാഷ്ട്രയാണ്‌ രണ്ടാമത്. എന്നാൽ, ഇതിൽ 3,397 ക്യാമ്പും വിവിധ സന്നദ്ധ സംഘടനകളാണ് നടത്തുന്നത്. കേരളത്തിൽ എല്ലാ ക്യാമ്പും സർക്കാര്‍ മേൽനോട്ടത്തിലാണ്‌.  തമിഴ്‌നാട്ടിൽ 178 ക്യാമ്പ് മാത്രം.

അടച്ചുപൂട്ടലോടെ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 15 ലക്ഷത്തോളം തൊഴിലാളികൾക്ക്‌ തൊഴിലുടമകൾ ഭക്ഷണവും താമസസൗകര്യവും ഒരുക്കുന്നു. കേന്ദ്രവും സംസ്ഥാനസർക്കാരുകളും 54,15,458 തൊഴിലാളികൾക്ക്‌ ഭക്ഷണം നൽകുന്നു. വിവിധ സന്നദ്ധസംഘടനകള്‍  30 ലക്ഷത്തോളം തൊഴിലാളികൾക്ക്‌ ഭക്ഷണം എത്തിക്കുന്നു.
രാജ്യത്തെ 578  ജില്ലയില്‍ കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമ നടപടി സ്വീകരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ‌കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം പരിഹരിക്കണമെന്ന ഹർജിയിലാണ്‌ സുപ്രീംകോടതി കേന്ദ്രത്തോട് തൽസ്ഥിതി റിപ്പോർട്ട്‌ തേടിയത്.


 


പ്രധാന വാർത്തകൾ
 Top