08 November Friday

സംസ്ഥാനത്ത് ആശങ്കയായി വീണ്ടും എച്ച്1എൻ1

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് ആശങ്കപടർത്തി എച്ച്1എൻ1. പടന്നക്കാട് കാർഷിക കോളേജിലെ ഒൻപത് വിദ്യാർഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിലും സംസ്ഥാനത്താകെയും ആശങ്കക്ക് ഇടയാക്കിയിരിക്കുകയാണ്. പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കയും വേണം.

എന്താണ് എച്ച്1എൻ1?

ഇൻഫ്‌ളുവെൻസ എ എന്ന ഗ്രൂപ്പിൽ പെട്ട വൈറസാണ് എച്ച്1എൻ1. പന്നികളിലാണ് സാധാരണ ഇത് കൂടുതൽ കാണുന്നത്.
വായുവിലൂടെയാണ് പകരുന്ന വൈറസ് മനുഷ്യരിൽ ശ്വാസകോശ രോ​ഗങ്ങളുണ്ടാക്കുന്നു. രോ​ഗബാധയുള്ളയാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശ ശ്രവങ്ങളിലൂടെ ഒരാളിൽനിന്ന് മറ്റൊരാളിലേക്കും അസുഖം പകരും. 2009 ൽ എച്ച്1എൻ1 പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.  

ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാൻ സാധിക്കും.  ഈ ലക്ഷണങ്ങൾ പ്രത്യേകിച്ച് ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ തുടങ്ങിയവരിൽ  കണ്ടാൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങൾ  നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നതും മരണം വരെ സംഭവിക്കുകയും ചെയ്യുന്നത്. ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും  ഒസൽട്ടാമവീർ എന്ന മരുന്നും ലഭ്യമാണ്.



മിക്കവരിലും സാധാരണ പനിപോലെ ദിവസങ്ങൾക്കുള്ലിൽ ഭേദമാകും. എന്നാൽ ചിലരിൽ അസുഖം ഗുരുതരമാവാൻ ഇടയുണ്ട്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകൾ.

രോഗം സ്ഥിരീകരിച്ചാൽ ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള  പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുവാനും പൂർണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാൻ ശ്രദ്ധിക്കണം. പനിയുണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കുക, ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക.v


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top