24 August Saturday

ദുരിതത്തിലാഴ്‌ത്തുന്ന കേന്ദ്രബജറ്റിനെതിരെ 9ന‌് സിപിഐ എം പ്രതിഷേധ ദിനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019


തിരുവനന്തപുരം
അതിസമ്പന്നർക്ക്‌ കൂടുതൽ ഇളവുനൽകി  സാധാരണ ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്‌ത്തുന്ന  കേന്ദ്രബജറ്റിനെതിരെ ചൊവ്വാഴ‌്ച സിപിഐ എം പ്രതിഷേധ ദിനം ആചരിക്കും. കേരളത്തെ പൂർണമായും തഴഞ്ഞ ബജറ്റിലെ ജനവിരുദ്ധനയങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർത്താൻ പാർടി സംസ്ഥാന സെക്രട്ടറിയറ്റ‌് ആഹ്വാനംചെയ്തു.

കോർപറേറ്റുകൾക്ക്‌ വൻ ഇളവുകളാണ്‌ മോഡി സർക്കാർ പ്രഖ്യാപിച്ചത്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്‌ പണം കണ്ടെത്താനാണ്‌ ശ്രമം. സാധാരണക്കാർക്കുമേൽ നികുതി അടിച്ചേൽപ്പിക്കുകയാണ്‌. ദുരിതമനുഭവിക്കുന്ന കർഷകർക്കും തൊഴിലാളികൾക്കും ഒരു പരിഗണനയും നൽകിയില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില വർഖനയോടെ വിലക്കയറ്റം രൂക്ഷമാകും. വനിതാക്ഷേമത്തിനുള്ള വിഹിതം കുറച്ചു. തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള വിഹിതം ആയിരം കോടിയായി വെട്ടിക്കുറച്ചു. ഭരണനിർവഹണത്തിൽനിന്ന‌് സർക്കാർ പിൻവാങ്ങി കോർപറേറ്റുകൾക്കും വിദേശമൂലധനത്തിനും ലാഭമുണ്ടാക്കാനുള്ള കമ്പോളമാക്കി രാജ്യത്തെ തുറന്നുകൊടുത്തിരിക്കുകയാണെന്നും സെക്രട്ടറിയറ്റ‌് വ്യക്തമാക്കി.

കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണത്തിന്‌ ഒരു സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. വായ്‌പാപരിധി ഉയർത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഏറെക്കാലത്തെ ആവശ്യമായ എയിംസും കോച്ച്‌ ഫാക്ടറിയും പരിഗണിച്ചില്ല. റോഡ്‌‌‌,- റെയിൽ വികസനത്തിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ്‌. കേരളത്തിന്റെ വികസനത്തിന്‌ ഉതകുന്ന ഒരു പദ്ധതിപ്രഖ്യാപനവും ബജറ്റിലുണ്ടായില്ലെന്ന‌് സെക്രട്ടറിയറ്റ‌് ചൂണ്ടിക്കാട്ടി.


പ്രധാന വാർത്തകൾ
 Top