20 January Wednesday

ടൈറ്റാനിയം അഴിമതി : സിബിഐക്കു വിട്ടതിൽ സന്തോഷം: സെബാസ്‌റ്റ്യൻ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019


കണ്ണൂർ
‘‘എന്റെ ജീവിതംതന്നെ തുലച്ച്‌ കഴിഞ്ഞ 18 വർഷമായി പൊരുതുകയാണ്‌.  സത്യത്തിൽ ഇപ്പോഴാണ്‌ അതിന്‌ അർഥമുണ്ടായെന്ന തോന്നലുണ്ടാകുന്നത്‌. പിണറായി വിജയൻ സർക്കാരിന്റെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതംചെയ്യുന്നു. ഇത്‌ കുറച്ചു നേരത്തേ വേണ്ടിയിരുന്നു. ഇപ്പോഴെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ട്‌ ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിക്കും സർക്കാരിനും അഭിനന്ദനങ്ങൾ’’–- - ടൈറ്റാനിയം അഴിമതിക്കേസ്‌ സിബിഐക്ക്‌ വിടാനുള്ള തീരുമാനത്തോടു പ്രതികരിക്കുമ്പോൾ സെബാസ്‌റ്റ്യൻ ജോർജിന്റെ വാക്കുകളിൽ ചാരിതാർഥ്യം.

ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്ന സെബാസ്‌റ്റ്യൻ ജോർജ്‌ നടത്തിയ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ്‌ കമ്പനിയിൽ മാലിന്യ നിർമാർജന പ്ലാന്റിന്റെ മറവിൽ അരങ്ങേറിയ വമ്പൻ അഴിമതി പുറത്തായത്‌.  ‘‘വിദേശ കമ്പനികൂടി ഇടപെട്ട കേസെന്ന നിലയിൽ സിബിഐക്കു മാത്രമേ ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ.  മുഖ്യമന്ത്രിക്ക്‌ നൽകിയ നിവേദനത്തിൽ ഇക്കാര്യം കൃത്യമായി പറഞ്ഞിരുന്നു.’’–- അദ്ദേഹം പറഞ്ഞു.

മുൻ ദേശീയ വോളിബോൾ താരവും അന്തരിച്ച വോളി ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരനുമാണ്‌ സെബാസ്‌റ്റ്യൻ ജോർജ്‌. കമ്പനിക്കെതിരെ  നിലകൊണ്ടതിന്റെ പേരിൽ വിരമിക്കാൻ 17 വർഷം ബാക്കി നിൽക്കെ 2002ൽ  ജോലിയുപേക്ഷിക്കേണ്ടിവന്നു. എന്നാൽ നിയമയുദ്ധത്തിൽനിന്ന്‌ പിന്തിരിഞ്ഞില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top