20 June Sunday

യുവാവിനെ ആർഎസ്എസുകാർ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


തൃശൂർ
ചേർപ്പ്‌  താന്ന്യത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിക്കൊന്നു. താന്ന്യം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ട് സുരേഷിന്റെയും സിപിഐ  എം  താന്ന്യം വടക്ക് ലോക്കൽ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റുമായ‌ മായയുടെയും  മകൻ ആദർശിനെ(29)യാണ്‌ കൊലപ്പെടുത്തിയത്‌.  

വ്യാഴാഴ്ച രാവിലെ പത്തോടെയാണ്‌ സംഭവം. വീടിന് പരിസരത്തുള്ള ചായക്കടയിൽ ഇരുന്ന ആദർശിനെ കാറിൽ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിച്ചു. വെട്ടേറ്റ്‌ തലയോട്ടി പുറത്തുവന്നു. കാലിലും വെട്ടി. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ സംഘം സ്ഥലംവിട്ടു‌. മാതാപിതാക്കളും അയൽവാസികളും ചേർന്ന്‌‌  കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട്‌  നാലോടെ ‌ മരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. വെള്ളിയാഴ്‌ച കോവിഡ്‌ പരിശോധനയുൾപ്പെടെ നടത്തി ഫലം ലഭിച്ചശേഷമേ പോസ്‌റ്റുമോർട്ടം നടത്തൂ.

ഒരുവർഷംമുമ്പും‌ ആദർശിനെ ആർഎസ്‌എസുകാർ ആക്രമിച്ചിരുന്നു.  ഓപ്പറേഷൻ കഴിഞ്ഞ്‌ കാലിൽ സ്‌റ്റീൽറാഡിട്ട്‌ വിശ്രമത്തിലായിരുന്നു. പ്രദേശത്ത്‌  തർക്കങ്ങളൊന്നും നിലവിലില്ല. സംഘർഷം സൃഷ്ടിക്കാൻ ആസൂത്രിതമായി  ആർഎസ്‌എസുകാർ  ആദർശിനെ ആക്രമിക്കുകയായിരുന്നു. റൂറൽ എസ് പി  ആർ വിശ്വനാഥ്, ഇരിങ്ങാലക്കുട ഡി വൈഎസ്‌പി ഫേമസ് വർഗീസ്, അന്തിക്കാട് എസ്ഐ കെ എസ് സുശാന്ത് എന്നിവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സഹോദരി: അനുപമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top