24 October Thursday

ഇക്കുറി കിരീടമിങ്ങെടുക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

ചേലേമ്പ്ര സ്‌കൂള്‍ ടീം

 തേഞ്ഞിപ്പലം  

കഴിഞ്ഞവർഷം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ദേശീയ ഫുട്‌ബോൾ കിരീടം തിരിച്ചുപിടിക്കാൻ വീണ്ടും ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. എക്സ്ട്രാ ടൈമിൽ  അഫ്ഗാനിസ്ഥാനോട്‌ ഒരു ഗോളിനേറ്റ പരാജയത്തിന്‌ പകരം ചോദിക്കാനാണ്‌ ഇത്തവണ സ്കൂളെത്തുന്നത്‌. അണ്ടർ 17 സംസ്ഥാന സുബ്രതോ കപ്പ് ടൂർണമെന്റിൽ ജേതാക്കളായാണ്‌ ചേലേമ്പ്ര സ്കൂൾ ദേശീയ  മത്സരത്തിന്‌ യോഗ്യത നേടിയത്‌. 
തൃശൂരിലെ ഫൈനലിൽ തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിനെ എതിരില്ലാത്ത അഞ്ച്‌ ഗോളുകൾക്കാണ്‌ സ്കൂൾ പരാജയപ്പെടുത്തിയത്‌. 
ടി കെ ബിൻ ജാസിന്റെ ഹാട്രിക്കും വി വി ഫയാസ്, അനസ് കോഴിക്കോടൻ എന്നിവരുടെ ഓരോ ഗോളുമാണ്‌ വിജയം കുറിച്ചത്‌. 80 ടീമുകൾ മത്സരിച്ച ടൂര്‍ണമെ​ന്റില്‍ സെമിയിൽ കാസർകോട് ഉദിനൂർ സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ചായിരുന്നു ഫൈനൽ പ്രവേശനം. 
ആഗസ്തിൽ ഡൽഹിയിലാണ്‌ അന്താരാഷ്ട്ര ടൂർണമെന്റ്. മാനേജ്‌മെന്റ്‌ മികച്ച പരിശീലനം ഒരുക്കിയ സ്കൂളിൽ നാല്‌ വർഷമായി സ്‌പോർട്‌സ്‌ ഹോസ്റ്റലുണ്ട്‌. 
മുമ്പ്‌ അണ്ടർ 14 വിഭാഗത്തിലും സ്കൂൾ സംസ്ഥാന ജേതാക്കളായിട്ടുണ്ട്‌. മൻസൂർ അലിയാണ് ടീം കോച്ച്. സെൽവകുമാർ അസി. കോച്ചും ടി കെ നിംഷാദ്  ടീം ഫിസിയോയും ഇ പി ബൈജീവ്  മാനേജരുമാണ്. ഫസലുൽ ഹഖാണ് അസി. മാനേജർ.
പ്രധാന വാർത്തകൾ
 Top