മലപ്പുറം
സ്ത്രീധന പരാതികൾ ജില്ലയിൽ ഗണ്യമായി കുറഞ്ഞതായി വനിതാ കമീഷൻ അംഗം വി ആർ മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദമ്പതികൾ തമ്മിലുള്ള നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അവരുടെ കുട്ടികൾ വലിയതോതിൽ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യമാണ്. ഈ ദുരവസ്ഥ ഇല്ലാതാക്കാനുള്ള ഇടപെടൽ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കങ്ങൾ, വഴിപ്രശ്നങ്ങൾ, തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയാണ് കൂടുതലായും അദാലത്തിൽ കമീഷന് മുമ്പിലെത്തിയതെന്നും മഹിളാമണി പറഞ്ഞു.
അദാലത്തിൽ പരിഗണിച്ച 58 പരാതികളിൽ 22 എണ്ണം തീർപ്പാക്കി. പൊലീസ് റിപ്പോർട്ടിനായി എട്ട് പരാതികൾ കൈമാറി. ബാക്കിയുള്ളവ അടുത്തതവണ പരിഗണിക്കും. അഭിഭാഷകരായ ബീന കരുവാത്ത്, ഒ സുകൃത കുമാരി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..