11 July Saturday

ആത്മഭവനം നാടിന്റെ വീണ്ടെടുപ്പിന്‌

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

റീ സൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായി വീട് പൊളിക്കുന്നതിനുള്ള സമ്മതപത്രം ഇ പത്മാക്ഷന്‍ പി കെ മുബഷീറിന് നല്‍കുന്നു

കാളികാവ്‌
പാതകളിൽ പിന്തുണയുടെ സമാഹരണവുമായി ഡിവൈഎഫ്‌ഐയുടെ ‘റീസൈക്കിൾ കേരള’. സിപിഐ എം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ തന്റെ പഴയ വീട്‌ മുഴുവനായി സംഭാവനചെയ്‌തു.  ഓട്, മര ഉരുപ്പടികൾ, കല്ല് എന്നിവ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകും. വീട് പൊളിയ്‌ക്കുന്ന പ്രവൃത്തി ഡിവൈഎഫ്‌ഐ പ്രവർത്തകർ നിർവഹിക്കും. അതിന്റെ സമ്മതപത്രം ഇ പത്മാക്ഷനിൽനിന്ന്‌   ജില്ലാ സെക്രട്ടറി പി കെ മുബഷീർ ഏറ്റുവാങ്ങി.  
"ബ്ലൂം കേരള ബസാർ’
മലപ്പുറം
സഹായം സ്വരൂപിക്കാൻ "ബ്ലൂം കേരള ബസാർ’ ഒരുക്കി ഡിവൈഎഫ്ഐ  മങ്കട ബ്ലോക്ക് കമ്മിറ്റി. കരകൗശലവസ്തുക്കൾ, പെയിന്റിങ്ങുകൾ, ബോട്ടിൽ ആർട്ടുകൾ, പ്രശസ്ത ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ എന്നിവയുടെ വിപണന മേളയാണ്‌ വനിതാ സബ്കമ്മിറ്റി ‘സമ' കൂട്ടിലങ്ങാടിയിൽ ഒരുക്കിയത്‌. ഗ്രാമിക അഗ്രികൾച്ചറൽ സൊസൈറ്റിയുടെ വിവിധയിനം തൈകൾ, വിത്ത്‌, ജൈവ വളങ്ങൾ എന്നിവയും വിറ്റു. ജില്ലാ പഞ്ചായത്തംഗം ടി കെ റഷീദലി ഉദ്ഘാടനംചെയ്തു. കെ ആതിര അധ്യക്ഷയായി.
കനിവിന്റെ സ്വാദ്‌
പൊന്നാനി 
പാചകവിദഗ്ധയായ അസ്‌മയുടെ അടുക്കളയിൽ തിരക്കിലായിരുന്നു ഡിവൈഎഫ്‌ഐ സമ വനിതാ സബ്‌കമ്മിറ്റിയിലെ ആറോളം പ്രവർത്തകർ. 
മുട്ട മാല, മുട്ട സുർക്ക, ചിരട്ടമല, ചുക്കപ്പം, കോഴിഅട രുചിയുടെ പൊന്നാനിപെരുമയിൽ അവർ ചമ്രവട്ടം ജങ്‌ഷനിൽ പലഹാരമേളയൊരുക്കി. രണ്ടുദിവസംകൊണ്ട്‌ കിട്ടിയ ഒൻപതിനായിരം രൂപ ‘റീസൈക്കിൾ കേരള’യിലേക്ക്‌ കൈമാറി.
പ്രധാന വാർത്തകൾ
 Top