09 July Thursday

എസ്‌എഫ്‌ഐക്ക്‌ ഫുൾ മാർക്ക്‌

സ്വന്തം ലേഖകൻUpdated: Sunday May 31, 2020
മലപ്പുറം
എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ സുഗമമായി അവസാനിക്കുമ്പോൾ, സഹായത്തിനിറങ്ങിയ എസ്‌എഫ്‌ഐക്കും സംതൃപ്‌തിയുടെ നിമിഷം. ലോക്ക്‌ ഡൗണിൽ വാഹനസൗകര്യം ഇല്ലാതെ പ്രയാസപ്പെട്ട വിദ്യാർഥികൾക്ക്  എസ്എഫ്ഐ ഒരുക്കിയ പരീക്ഷാവണ്ടി ആശ്വാസമായി.  160 കേന്ദ്രങ്ങളിൽ പരീക്ഷാവണ്ടി ഓടിയെത്തി. 2350 വിദ്യാർഥികളാണ്  ഈ വാഹനങ്ങളിൽ പരീക്ഷ എഴുതി മടങ്ങിയത്. 
പരീക്ഷ ആരംഭിക്കുന്നതിന്‌ മൂന്ന് ദിവസം മുമ്പേ  ജില്ലാ കമ്മിറ്റി ഹെൽപ് ഡെസ്ക് പോസ്റ്റർ പുറത്തിറക്കി. 16 ഏരിയയിലും രണ്ട്  ഫോൺ നമ്പർ വീതം നൽകി വാഹനം ആവശ്യമായ കുട്ടികളുടെ  സ്‌കൂളുകളും പരീക്ഷാസമയവും  ക്രോഡീകരിച്ച് റൂട്ട് മാപ്പുണ്ടാക്കി. വീട്ടിൽനിന്നിറങ്ങേണ്ട സമയംപോലും നിശ്ചയിച്ച് രൂപരേഖ തയ്യാറാക്കിയാണ്‌ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്‌. പലരും വാഹനങ്ങൾ സന്തോഷത്തോടെ വിട്ടുനൽകി.   .  
സ്കൂളുകൾ അണുവിമുക്തമാക്കാനും  എസ്‌എഫ്‌ഐ  പ്രവർത്തകർ രംഗത്തിറങ്ങി. പരീക്ഷ എഴുതുന്നവർക്കായി ലക്ഷം മാസ്‌ക്കുകളും ജില്ലാ കമ്മിറ്റി നൽകി. ഏറെ പ്രയാസങ്ങൾ മറികടന്ന് ദൗത്യം വിജയിപ്പിച്ച പ്രവർത്തകരെ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

പാഠമാണ്‌ ഈ പരീക്ഷ

മലപ്പുറം
കോവിഡ്‌ ഭീഷണിക്കിടെ, പരാതികൾക്ക്‌ ഇടനൽകാതെ എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ  പൂർത്തിയാക്കി. ആരോഗ്യ വകുപ്പ്‌ മുന്നറിയിപ്പുകൾ പാലിച്ച്‌ കർശന ജാഗ്രതയോടെയായിരുന്നു‌ പരീക്ഷ. സാമൂഹ്യ അകലം പാലിച്ചാണ്‌  ഹാളുകൾ ക്രമീകരിച്ചത്‌. വിദ്യാർഥികൾക്ക്‌ വാഹനങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കുട്ടികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയത്‌ ജില്ലയിലെ എടരിക്കോട്‌ പികെഎംഎംഎച്ച്‌എസ്‌എസിലാണ് –- 2327 പേർ‌. 
എസ്‌എസ്‌എൽസി പരീക്ഷ വ്യാഴാഴ്ച സമാപിച്ചിരുന്നു. വിഎച്ച്‌എസ്‌ഇ, ഹയർ സെക്കൻഡറി പരീക്ഷകളാണ്‌ ശനിയാഴ്ച അവസാനിച്ചത്‌. ജൂൺ ഒന്നുമുതൽ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം പുനരാരംഭിക്കും. മാർച്ചിൽ നടത്തിയ പരീക്ഷകളുടെ മൂല്യനിർണയമാണ്‌ ആദ്യം നടക്കുക. രണ്ടാം ഘട്ടത്തിൽ നടന്ന പരീക്ഷകളുടെ മൂല്യനിർണയം ഏഴ്‌ ദിവസങ്ങൾക്ക്‌ ശേഷവും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top