13 July Monday

സ്‌നേഹഭവനത്തിൽ നിറമനസ്സോടെ...

സ്വന്തം ലേഖകൻUpdated: Sunday May 31, 2020

നിലമ്പൂർ ചാരംകുളത്ത്‌ പനോലൻ ഷെരീഫയ്‌ക്ക്‌ ലൈബ്രറി കൗൺസിൽ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ എൻ പ്രമോദ്‌ദാസ്‌ കൈമാറുന്നു

വണ്ടൂർ 
പ്രളയം തകർത്ത വീടിന്‌ പകരമുയർന്ന സ്‌നേഹഭവനത്തിലേക്ക്‌ കയറുമ്പോൾ ഷെരീഫയ്‌ക്ക്‌ ആഹ്ലാദനിറവ്‌. ജില്ലാ ലൈബ്രറി കൗൺസിലാണ്‌ ‌വീട്‌ നിർമിച്ചുനൽകിയത്‌. 
മകൾ  അമാന (എട്ട്‌),  ഉമ്മ ജമീല, സഹോദരൻ അബ്ബാസ്‌ എന്നിവർക്കൊപ്പം  നിലമ്പൂർ  ചന്തകുന്ന് ചാരംകുളത്തായിരുന്നു പനോലൻ ഷെരീഫയുടെ താമസം. കഴിഞ്ഞ ആഗസ്‌തിൽ ചാലിയാർ കരകവിഞ്ഞപ്പോൾ‌ കിടപ്പാടം ഒലിച്ചുപോയി. അഭയം നഷ്ടപ്പെട്ടതോടെ ബന്ധുവീട്ടിലേക്ക്‌ മാറി. തയ്യൽജോലിചെയ്‌തും ആടുവളർത്തിയും കിട്ടിയ വരുമാനംകൊണ്ട്‌ പിന്നീട്‌ വാടകക്കായി താമസം. പി വി അൻവർ എംഎൽഎയുടെ ആവശ്യപ്രകാരമാണ്‌ ലൈബ്രറി കൗൺസിൽ  വീട് നിർമാണം ഏറ്റെടുത്തത്. നിലമ്പൂർ താലൂക്ക് ലൈബ്രറി കൗൺസിൽ മുന്നിട്ടിറങ്ങി.
ഏഴുലക്ഷം രൂപ ചെലവിലാണ്‌ എല്ലാ സൗകര്യവുമുള്ള വീടിന്റെ നിർമാണം. ജില്ലയിലെ വിവിധ വായനശാലകളിൽനിന്നാണ്‌ ധനസമാഹരണം. കണ്ണൂർ, എറണാകുളം ജില്ലാ കമ്മിറ്റികളും സഹായിച്ചു. സംസ്ഥാനത്ത്‌ ലൈബ്രറി കൗൺസിൽ നിർമിച്ചുനൽകുന്ന ആദ്യഭവനമാണിത്‌. ‌ജില്ലയിൽ ഒരു വീട്‌ കൂടി ഇത്തരത്തിൽ നൽകും. 
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ പ്രമോദ്‌ദാസ്‌ താക്കോൽ കൈമാറി.   ജില്ലാ പ്രസിഡന്റ്‌ ഡോ. കെ കെ ബാലചന്ദ്രൻ, താലൂക്ക് സെക്രട്ടറി സി ജയപ്രകാശ്, ഇ പത്മാക്ഷൻ, സ്റ്റേറ്റ് കൗൺസിൽ അംഗം കെ പി ഭാസ്‌കരൻ, താലൂക്ക് കമ്മിറ്റി അംഗങ്ങളായ സി അബ്ദുൾറഷീദ്, ഇ കെ ഷാനവാസ്, ഫാത്തിമ സലീം, നിലമ്പൂർ നഗരസഭാ കൗൺസിലർ കെ പി സമീറ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top